ദുബായ്: ദുബായിൽനിന്നു ടെൽ അവീവിലേക്ക് 174 യാത്രക്കാരും ആറു ജീവനക്കാരുമായി പറന്ന ഫ്ലൈ ദുബായ് വിമാനം തകർക്കാൻ ഒമാനി സഹപൈലറ്റ് ശ്രമിച്ച സംഭവത്തിൽ അന്താരാഷ്ട്രതലത്തിൽ സംയുക്ത അന്വേഷണം ഊർജിതമാക്കി. ഭീകരാക്രമണസാധ്യതയും പ്രതിയുടെ മാനസികാരോഗ്യ പ്രശ്നങ്ങളുമടക്കം എല്ലാ വശങ്ങളും അന്വേഷിച്ചുവരികയാണെന്ന് പ്രമുഖ സുരക്ഷാ ഏജൻസികൾ അറിയിച്ചു.
സൗദി അറേബ്യയുടെ കസ്റ്റഡിയിലുള്ള പ്രതിയെ ചോദ്യം ചെയ്യാൻ ഇസ്രയേൽ, യുഎഇ, അമേരിക്ക എന്നീ രാജ്യങ്ങളിലെ അന്വേഷണസംഘങ്ങൾ തബൂക്കിലെത്തിയിട്ടുണ്ട്. പ്രതിയെ ദുബായ് അധികൃതർക്കു കൈമാറുമെന്നാണ് റിപ്പോർട്ട്.
ഇസ്രയേലും ഒമാനും തമ്മിൽ നയതന്ത്രബന്ധമില്ലാത്ത സാഹചര്യത്തിൽ, ടെൽ അവീവിലേക്കുള്ള വിമാനത്തിൽ ഒമാനി പൈലറ്റിന് എങ്ങനെ അനുമതി ലഭിച്ചു എന്നതിനെക്കുറിച്ച് യുഎഇയും വിമാനക്കമ്പനിയും വ്യോമയാന സുരക്ഷാ ചട്ടങ്ങൾ മുൻനിർത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതിയായ ഒമാനി സഹപൈലറ്റിനു പിന്നിൽ ഇസ്ലാമിക തീവ്രവാദ പ്രചോദനമുണ്ടായിരുന്നതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. പ്രതിയുടെ വ്യക്തിഗത വിവരങ്ങളിൽനിന്നാണ് ഇക്കാര്യം വ്യക്തമായതെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. അക്രമിക്ക് ഇറാനുമായോ മറ്റ് ഭീകരസംഘടനകളുമായോ നേരിട്ടു ബന്ധമുണ്ടോയെന്നു വ്യക്തമാകാൻ ദിവസങ്ങൾ വേണ്ടിവരും. യാത്രക്കാർ കീഴടക്കിയപ്പോൾ “എന്നെ കൊല്ലൂ” എന്ന് അലറിവിളിച്ച അക്രമി സ്വയം ജീവനൊടുക്കാൻ ആഗ്രഹിച്ചിരുന്നതായും നെതന്യാഹു വെളിപ്പെടുത്തി. ഒമാനിൽ ജനിച്ച പ്രതി ഫ്ലൈ ദുബായിൽ ജോലിയിൽ പ്രവേശിച്ചിട്ട് ഒമ്പത് മാസമേ ആയിട്ടുള്ളൂ.
സഹപൈലറ്റിന്റെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാർ സുഖംപ്രാപിച്ചുവരുന്നതായി യുഎഇയിലെ ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ അറിയിച്ചു. തബൂക്കിലെ സൈനിക ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും ശേഷം അദ്ദേഹത്തെ പ്രത്യേക വിമാനത്തിൽ അബുദാബിയിലേക്ക് മാറ്റിയിട്ടുണ്ട്. എംബസി അധികൃതർ ആശുപത്രിയിലെത്തി അദ്ദേഹത്തെയും കുടുംബത്തെയും സന്ദർശിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേലിലേക്കുള്ള സർവീസുകൾ ഫ്ലൈ ദുബായ് താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
ദ റിയൽ ഹീറോ സ്മിത് മച്ചാർ
ദുബായ്/ മുംബൈ: ഇസ്രയേലിലെ ടെൽ അവീവിലേക്ക് 174 യാത്രക്കാരുമായി പോയ ഫ്ലൈ ദുബായ് വിമാനം സഹപൈലറ്റ് തകർക്കാൻ ശ്രമിച്ചപ്പോൾ ധീരമായി പ്രതിരോധിച്ച് വൻ ദുരന്തം ഒഴിവാക്കിയ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാർ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നു. കുട്ടിക്കാലത്ത് ഒരിക്കൽ പോലും ഒരു പൈലറ്റാകാൻ ആഗ്രഹിക്കാതിരുന്ന സ്മിത്, ഇന്ന് ആഗോളതലത്തിൽ ഒരു യഥാർഥ നായകനായി വാഴ്ത്തപ്പെടുകയാണ്.
മുംബൈ ഘാട്കോപ്പർ സ്വദേശിയായ സ്മിത് മച്ചാറിന്റെ ആദ്യകാല സ്വപ്നം കുടുംബത്തിന്റെ തുണിത്തരങ്ങളുടെ ബിസിനസ് ഏറ്റെടുക്കുക എന്നതായിരുന്നു. ഇതിനായി ടെക്സ്റ്റൈൽ എൻജിനിയറിംഗ് കോഴ്സിനു ചേർന്ന അദ്ദേഹം മുംബൈയിലെ വെലിംഗക്കർ ഇൻസ്റ്റിറ്റ്യൂട്ടിൽ മാനേജ്മെന്റ് പഠനവും നടത്തി. എന്നാൽ 19-ാം വയസിൽ അവിടെ നടന്ന ഒരു ഏവിയേഷൻ സെമിനാറാണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത്.
പൈലറ്റാകാനുള്ള തീരുമാനം ആദ്യമൊക്കെ അമ്മയെ ഭയപ്പെടുത്തിയിരുന്നതായി മുന്പ് നൽകിയ ഒരു അഭിമുഖത്തിൽ സ്മിത് അനുസ്മരിച്ചിട്ടുണ്ട്. തുടർന്ന് ന്യൂസിലാൻഡിൽനിന്ന് പൈലറ്റ് പരിശീലനം പൂർത്തിയാക്കിയ അദ്ദേഹം സ്പൈസ്ജെറ്റ് വിമാനക്കമ്പനിയിൽ ചേരുകയും 11 വർഷത്തോളം അവിടെ സേവനമനുഷ്ഠിക്കുകയും ചെയ്തു. ട്രെയിനിംഗ് ക്യാപ്റ്റൻ പദവി വരെ ഉയർന്ന അദ്ദേഹം 2022ലാണ് ഫ്ലൈ ദുബായിൽ എത്തുന്നത്. ഏകദേശം 15 വർഷത്തെ അനുഭവസമ്പത്തും 9,750 മണിക്കൂറിലധികം വിമാനം പറത്തിയ പരിചയസമ്പത്തും അദ്ദേഹത്തിനുണ്ട്.
സ്മിതിന്റെ മുംബൈ തിലക് നഗറിലെ ‘സ്വാസ്തിക് ഹൈറ്റ്സ്’ അപ്പാർട്ട്മെന്റിനുമുന്നിൽ നൂറുകണക്കിന് ആളുകളാണ് ദേശീയപതാകയും സ്മിതിന്റെ ചിത്രങ്ങളുമേന്തി തടിച്ചുകൂടിയത്.
ഗുരുതരമായി പരിക്കേറ്റിട്ടും മനഃസാന്നിധ്യം കൈവിടാതെ കോക്പിറ്റ് തുറന്നുനൽകി വൻ ദുരന്തം ഒഴിവാക്കിയ സ്മിത്തിന്റെ ധീരതയെ മാനിച്ചു രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഭാരത് രത്ന’യോ ‘ശൗര്യ ചക്ര’യോ നൽകി ആദരിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. വാർത്തയറിഞ്ഞ ഉടൻതന്നെ സ്മിതിന്റെ മാതാപിതാക്കൾ മുംബൈയിൽനിന്ന് ദുബായിലേക്ക് തിരിച്ചിട്ടുണ്ട്. സ്മിത് സുഖം പ്രാപിച്ച് തിരിച്ചെത്തുമ്പോൾ വൻ വരവേല്പ് നൽകാനുള്ള ഒരുക്കത്തിലാണ് മുംബൈ നിവാസികൾ.
സ്മിത്തിനെ വാനോളം പുകഴ്ത്തി മോദിയും ട്രംപും നെതന്യാഹുവും
ഗുരുതരമായി പരിക്കേറ്റിട്ടും സമയോചിതമായി പ്രവർത്തിച്ച് കോക്പിറ്റിന്റെ വാതിൽ തുറന്നുകൊടുക്കുകയും യാത്രക്കാരുടെയും മറ്റു ജീവനക്കാരുടെയും സഹായത്തോടെ അക്രമിയെ കീഴടക്കാൻ സഹായിക്കുകയും ചെയ്ത സ്മിത്തിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അഭിനന്ദിച്ചു.
“”ക്യാപ്റ്റൻ സ്മിത് മച്ചാർ ഒരു യഥാർഥ ഹീറോയാണ്. ജീവൻ അപകടത്തിലായ അവസ്ഥയിലും അദ്ദേഹം കാണിച്ച അസാമാന്യ ധൈര്യവും നിശ്ചയദാർഢ്യവുമാണ് നൂറുകണക്കിന് മനുഷ്യജീവനുകൾ രക്ഷിച്ചത്”-മോദി എക്സിൽ കുറിച്ചു. പ്രധാനമന്ത്രി സ്മിത്തിന്റെ കുടുംബവുമായി ഫോണിൽ സംസാരിക്കുകയും ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പുനൽകുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റിട്ടും അസാമാന്യ ധൈര്യവും ആത്മവീര്യവും പ്രകടിപ്പിച്ച ക്യാപ്റ്റൻ സ്മിത് മച്ചാർ ഒരു യഥാർഥ ഹീറോയാണെന്ന് നെതന്യാഹുവും വിശേഷിപ്പിച്ചു.
അക്രമിയായ സഹപൈലറ്റിന്റെ കുത്തേറ്റ് രക്തത്തിൽ കുളിച്ച നിലയിലും, തന്റെ അവസാന ഊർജവും സംഭരിച്ച് സ്മിത് കോക്പിറ്റിന്റെ സ്റ്റീൽ വാതിൽ തുറന്നുകൊടുത്തതാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. ഇത് മറ്റൊരു ‘സെപ്റ്റംബർ 11’ മോഡൽ വിമാന ദുരന്തമാകുന്നത് തടഞ്ഞതായി നെതന്യാഹു വ്യക്തമാക്കി.
കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ അവസ്ഥയിലും സമയോചിതമായി ഇടപെട്ട് വലിയൊരു ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും അഭിനന്ദിച്ചു. “”പുറത്തുനിന്ന് ആർക്കും എളുപ്പത്തിൽ തുറക്കാൻ കഴിയാത്ത കട്ടിയുള്ള സ്റ്റീൽ വാതിലുകളാണ് കോക്ക്പിറ്റിലുള്ളത്. രക്തത്തിൽ കുളിച്ചുകിടക്കുമ്പോഴും പൈലറ്റ് ആ വാതിൽ തുറന്നുകൊടുത്തതാണ് രക്ഷാപ്രവർത്തനത്തിൽ വഴിത്തിരിവായത്”-ട്രംപ് പറഞ്ഞു.
സ്മിത് മച്ചാറിന് പുരസ്കാരം പ്രഖ്യാപിച്ച് ഗുജറാത്ത് സർക്കാർ
ഗാന്ധിനഗർ: ഫ്ലൈ ദുബായ് വിമാനം തകർക്കാനുള്ള സഹപൈലറ്റിന്റെ ശ്രമം സ്വന്തം ജീവൻ പണയം വച്ച് തടയുകയും 174 യാത്രക്കാരുടെ ജീവൻ രക്ഷിക്കുകയും ചെയ്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് വിശിഷ്ട ഗുജറാത്ത് ഗരിമ പുരസ്കാരം പ്രഖ്യാപിച്ച് ഗുജറാത്ത് സർക്കാർ. അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത ധീരതയ്ക്കുള്ള ആദരവായാണ് അവാർഡ് നൽകുന്നതെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അറിയിച്ചു.
ഗുജറാത്ത് സ്വദേശിയായ സ്മിത് മച്ചാറിന്റെ കുടുംബം വർഷങ്ങൾക്കു മുന്പാണ് മുംബൈയിലേക്ക് താമസം മാറിയത്.
30,000 അടി ഉയരത്തിൽ അഞ്ച് അദ്ഭുതങ്ങൾ
ദുബായ്: ദുബായിൽനിന്ന് ടെൽ അവീവിലേക്കുള്ള ഫ്ലൈ ദുബായ് വിമാനത്തിൽ ബുധനാഴ്ച രാവിലെയുണ്ടായ സംഭവങ്ങൾ ഞെട്ടിക്കുന്നതാണ്. അവിശ്വസനീയമായ ധൈര്യവും സമയോചിതമായ ഇടപെടലുകളുമാണ് 174 ജീവനുകളെ മരണമുഖത്തുനിന്ന് തിരികെ ജീവിതത്തിലേക്ക് എത്തിച്ചത്.
സഹപൈലറ്റിന്റെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാർ കോക്പിറ്റ് തുറന്നുനൽകിയതും വിമാനത്തിലുണ്ടായിരുന്ന രണ്ട് ഓഫ് ഡ്യൂട്ടി പൈലറ്റുമാരും യാത്രക്കാരും സമയോചിതമായി ഇടപെട്ടതുമാണ് വൻ ദുരന്തം ഒഴിവാക്കിയത്. ഒമാൻ സ്വദേശിയായ സഹപൈലറ്റ് വിമാനത്തിന്റെ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ കോക്പിറ്റിനുള്ളിൽവച്ച് ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ച് വിമാനത്തിന്റെ നിയന്ത്രണസംവിധാനങ്ങൾ തകരാറിലാക്കാൻ ശ്രമിച്ചതോടെ രണ്ടു മിനിറ്റിനുള്ളിൽ വിമാനം 17,000 അടി താഴേക്ക് പതിച്ചു. എന്നാൽ തുടർന്നുണ്ടായ അഞ്ച് അദ്ഭുതകരമായ സംഭവങ്ങളാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്.
കോക്പിറ്റ് വാതിൽ തുറന്ന് ക്യാപ്റ്റൻ
മാരകമായി പരിക്കേറ്റ് നിലത്തുവീണ ക്യാപ്റ്റൻ സ്മിത് മച്ചാർ, ബോധം മറയുന്നതിന് തൊട്ടുമുമ്പ് കോക്പിറ്റിന്റെ ലോക്ക് തുറന്നു. ഈ ഒറ്റ തീരുമാനമാണ് യാത്രക്കാർക്ക് ഉള്ളിലേക്ക് കടക്കാനും വിമാനം നിയന്ത്രണത്തിലാക്കാനും വഴിയൊരുക്കിയത്.
സഹപൈലറ്റിനെ കീഴടക്കി യാത്രക്കാർ
വാതിൽ തുറന്നതോടെ പ്ലംബർ, ഡെന്റിസ്റ്റ്, ബാങ്കർ, ബിസിനസുകാരൻ എന്നിവരടങ്ങുന്ന യാത്രക്കാർ കോക്പിറ്റിലേക്ക് ഇരച്ചുകയറി. ഹെഡ്ഫോൺ കേബിളുകൾ ഉപയോഗിച്ച് ഇവർ സഹപൈലറ്റിനെ ബന്ധിച്ചു. പരിക്കേറ്റ ഇന്ത്യൻ ക്യാപ്റ്റന് ഡെന്റിസ്റ്റായ ഡോ. ഷോട്ട മുസായേവ് അടിയന്തര പ്രഥമശുശ്രൂഷ നൽകിയതോടെ രക്തസ്രാവം നിലച്ചു.
വിമാനം ഉയർത്തി പ്ലംബർ
യാത്രക്കാരനായ യാനിവ് ഹായുൻ എന്ന പ്ലംബർ വിമാനത്തിന്റെ കൺട്രോൾ ലിവറുകൾ മുകളിലേക്ക് വലിച്ച് വിമാനം കൂടുതൽ താഴേക്കു പതിക്കുന്നത് തടഞ്ഞു. നാഷണൽ ജിയോഗ്രഫിക് ചാനലിൽ”എയർ ക്രാഷ് ഇൻവസ്റ്റിഗേഷൻ’എന്ന ടിവി പരമ്പര സ്ഥിരമായി കാണാറുള്ള അറിവ് മാത്രമാണ് ഇദ്ദേഹത്തിനുണ്ടായിരുന്നത്.
ടെൽ അവീവിലെ ബെൻ ഗൂറിയൻ വിമാനത്താവളത്തിൽ തിരിച്ചെത്തിയ യാനിവിനെ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരിട്ടെത്തി ആലിംഗനം ചെയ്തു സ്വീകരിച്ചു. പരിക്കേറ്റ പൈലറ്റിന്റെ രക്തം പുരണ്ട വസ്ത്രങ്ങളോടെയാണ് പ്ലംബറായ യാനിവ്, നെതന്യാഹുവിനെ കണ്ടത്.
രക്ഷകരായി ഓഫ് ഡ്യൂട്ടി പൈലറ്റുമാർ
വിമാനത്തിൽ യാത്രാക്കാരായി ഉണ്ടായിരുന്ന രണ്ട് ഓഫ് ഡ്യൂട്ടി പൈലറ്റുമാർ ഉടൻതന്നെ കൺട്രോൾ ഏറ്റെടുക്കുകയും വിമാനം സുരക്ഷിതമായി സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിന്തര ലാൻഡിംഗ് നടത്തുകയും ചെയ്തു.
തകർന്ന വാലുമായി ലാൻഡിംഗ്
കുത്തനെ താഴേക്കു പതിച്ചപ്പോഴുണ്ടായ ശക്തമായ കാറ്റിൽ വിമാനത്തിന്റെ വാലിന്റെ പ്രധാന ഭാഗമായ റഡ്ഡർ തകർന്നിരുന്നു. എന്നിട്ടും വിമാനം സുരക്ഷിതമായി നിലത്തിറക്കാൻ കഴിഞ്ഞത് വ്യോമയാന വിദഗ്ധരെപ്പോലും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്.
കോക്പിറ്റിലെ ആക്രമണം ക്രാഷ് ആക്സ് ഉപയോഗിച്ചെന്നു റിപ്പോർട്ട്
ദുബായ്: ദുബായിൽനിന്ന് ടെൽ അവീവിലേക്കു പുറപ്പെട്ട ഫ്ലൈ ദുബായ് വിമാനത്തിലെ കോക്പിറ്റിനുള്ളിൽ സഹപൈലറ്റിന്റെ ആക്രമണത്തിൽ ക്യാപ്റ്റനെ ഗുരുതരമായി പരിക്കേൽപിച്ചത് വിമാനത്തിൽ സൂക്ഷിച്ചിരുന്ന ക്രാഷ് ആക്സ് അഥവാ ഫയർ ആക്സ് കൊണ്ടാണെന്ന് റിപ്പോർട്ട്. ആക്രമണത്തിന് കത്തിയോ വിമാനത്തിലെ കട്ലറിയിൽനിന്നുള്ള മറ്റേതെങ്കിലും ആയുധമോ ഉപയോഗിച്ചിരിക്കാമെന്നായിരുന്നു ആദ്യഘട്ട നിഗമനം.
എന്നാൽ, പുറത്തുനിന്ന് ആയുധം കോക്പിറ്റിലേക്ക് കൊണ്ടുവന്നതിന്റെ സൂചനയില്ലെന്ന റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ആയുധം ക്രാഷ് ആക്സ് ആണെന്നു സ്ഥിരീകരിച്ചത്. അടിയന്തര സാഹചര്യങ്ങളിൽ വിമാനത്തിന്റെ ജനൽ തകർക്കുന്നതിനോ തീപിടി ത്തമുണ്ടായാൽ ആവശ്യമായ ഭാഗങ്ങളിലേക്കു പ്രവേശിക്കുന്നതിനോ ഉപയോഗിക്കാനായി ക്രാഷ് ആക്സ് സാധാരണയായി കോക്പിറ്റിൽ സൂക്ഷിക്കാറുണ്ട്.
