യാത്രയ്ക്കിടെ നഷ്ടപ്പെട്ട പഴ്സ് തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ദുബായിലെ ഇന്ത്യൻ പ്രവാസിയായ വർത്തിക ശർമ്മ. പണവും രേഖകളും മാത്രമല്ല, തന്റെ അന്തരിച്ച അച്ഛന്റെ അവസാന ഫോട്ടോയും അതിലുണ്ടായിരുന്നതാണ് ഈ മടക്കയാത്രയെ വർത്തികയ്ക്ക് ഏറെ വൈകാരികമാക്കിയത്.
ദുബായിൽ കാബിൽ യാത്ര ചെയ്യുന്നതിനിടയിലാണ് വർത്തികയ്ക്ക് തന്റെ പഴ്സ് നഷ്ടപ്പെട്ടത്. പഴ്സ് നഷ്ടപ്പെട്ട വിവരം തിരിച്ചറിഞ്ഞപ്പോൾ തന്നെ വർത്തികയുടെ നെഞ്ചിടിപ്പ് നിലച്ചു. പണവും കാർഡുകളും പാസ്പോർട്ടും അതിലുണ്ടായിരുന്നുവെങ്കിലും, അതിനേക്കാളെല്ലാമുപരി കഴിഞ്ഞ ഡിസംബറിൽ അന്തരിച്ച തന്റെ അച്ഛന്റെ ഒരേയൊരു പാസ്പോർട്ട് സൈസ് ഫോട്ടോ ആ പഴ്സിലുണ്ടായിരുന്നു. ഫോട്ടോ നഷ്ടപ്പെട്ടുവെന്ന ചിന്ത അവരെ വല്ലാതെ തളർത്തി.
ഏകദേശം 10 മണിക്കൂറുകൾക്ക് ശേഷം കെയർക്യാബ് കെയറിൽ നിന്ന് വർത്തികയ്ക്ക് ഒരു ഫോൺ വന്നു. കാബ് ഡ്രൈവർ എബനേസർ അഫിബി പഴ്സ് കണ്ടെത്തുകയും ആപ്പിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. ഒടുവിൽ പഴ്സ് വർത്തികയ്ക്ക് തിരികെ ലഭിച്ചപ്പോൾ, പണവും കാർഡുകളും പാസ്പോർട്ടും മാത്രമല്ല, ആ അമൂല്യമായ അച്ഛന്റെ ഫോട്ടോയും യാതൊരു കുഴപ്പവുമില്ലാതെ സുരക്ഷിതമായി ആ പഴ്സിൽ തന്നെയുണ്ടായിരുന്നു.
സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞ വർത്തിക ഡ്രൈവർക്ക് സമ്മാനമായി പണം (ടിപ്പ്) നൽകാൻ ശ്രമിച്ചെങ്കിലും, എബനേസർ അത് സ്വീകരിക്കാൻ തയ്യാറായില്ല. ദുബായിലെ മനുഷ്യത്വത്തെയും സത്യസന്ധതയെയും കുറിച്ച് ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെയാണ് വർത്തിക ഈ അനുഭവം പങ്കുവെച്ചത്.
“ദുബായുടെ സത്യസന്ധതയെയും ദയയെയും കുറിച്ച് നാം പലപ്പോഴും കേൾക്കാറുണ്ട്. ഇന്ന് ഞാൻ അത് നേരിട്ട് അനുഭവിച്ചറിഞ്ഞു,” വർത്തിക കുറിച്ചു. ഈ നല്ല മനസ്സിന് ഡ്രൈവർക്കും കെയർക്യാബ് ടീമിനും നന്ദി പറഞ്ഞ വർത്തിക, മനുഷ്യരിലുള്ള വിശ്വാസം വീണ്ടെടുക്കാൻ സഹായിക്കുന്ന ഇത്തരം നിമിഷങ്ങൾ സമ്മാനിച്ച ദുബായ് നഗരത്തിനും തന്റെ സ്നേഹം അറിയിച്ചു.

