തിരുവനന്തപുരം: ആർ. ശ്രീലേഖയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇന്ന് കൂടിക്കാഴ്ച നടത്തും. രാജി പ്രഖ്യാപനം പിൻവലിച്ചതിനു പിന്നാലെയാണ് രാജീവ് ചന്ദ്രശേഖർ ശ്രീലേഖയുമായി കൂടിക്കാഴ്ച നടത്തുന്നത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് രാജി പ്രഖ്യാപിച്ചതെന്നാണ് ബിജെപി നേതൃത്വം പറയുന്നത്.
അതേസമയം രാജിസംബന്ധിച്ച് ശ്രീലേഖ വിശദീകരണം നൽകുമെന്നും സൂചനയുണ്ട്. ഫേസ്ബുക്ക് പേജിലൂടെയോ വാർഡിലെ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയോ വിശദീകരണം നൽകാനാണ് നീക്കം. രാജി പ്രഖ്യാപനം പിൻവലിച്ചതിൽ ആശ്വാസമുണ്ടെങ്കിലും സമാന സാഹചര്യം വീണ്ടും ആവർത്തിക്കുമോയെന്ന ആശങ്ക നേതൃത്വത്തിനുണ്ട്.
കൗൺസിലർ സ്ഥാനം രാജിവയ്ക്കുകയാണെന്ന് അറിയിച്ച് വാർഡിലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ച സന്ദേശം കഴിഞ്ഞ ദിവസമാണ് ശ്രീലേഖ പിൻവലിച്ചത്. ശ്രീലേഖ രാജിവയ്ക്കില്ലെന്ന് ബിജെപി നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും അവർ ഇതുവരെ പ്രതികരിച്ചിരുന്നില്ല. പാർട്ടിയോടുള്ള അതൃപ്തിയല്ല ആരോഗ്യപ്രശ്നങ്ങളാണ് രാജി പ്രഖ്യാപനത്തിന് കാരണമെന്നാണ് ബിജെപി നേതാക്കളുടെ വിശദീകരണം.
അതിനിടെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ശ്രീലേഖ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ബിജെപി നേതാക്കൾ അറിയിച്ചിരുന്നു. ബിജെപി ജനറൽ സെക്രട്ടറി എസ്. സുരേഷ് ആശുപത്രിയിലെത്തി ശ്രീലേഖയെ സന്ദർശിക്കുകയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
രാജി സന്ദേശം ഡിലീറ്റ് ചെയ്ത് ശ്രീലേഖ
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ ശാസ്തമംഗലം വാർഡിലെ ബിജെപി കൗണ്‍സിലർ ആർ. ശ്രീലേഖയുടെ രാജി നീക്കത്തിൽ ഒത്തുതീർപ്പിന് വഴിതെളിയുന്നു. രാജി തീരുമാനത്തിൽനിന്ന് ശ്രീലേഖയെ പിന്തിരിപ്പിക്കാൻ ബിജെപി നേതൃത്വം നടത്തിയ അനുനയ നീക്കങ്ങൾ ഫലം കണ്ടതായാണ് സൂചന. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പടെയുള്ള മുതിർന്ന നേതാക്കളാണ് ചർച്ച നടത്തിയത്. കോർപറേഷനിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായ പിന്തുണ നൽകാമെന്ന് നേതൃത്വം ശ്രീലേഖയ്ക്ക് ഉറപ്പുനൽകിയതായും വിവരമുണ്ട്. ചർച്ചയ്ക്കു പിന്നാലെ രാജി തീരുമാനം അറിയിച്ച് വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവച്ച സന്ദേശവും ശ്രീലേഖ ഡിലീറ്റ് ചെയ്തു.
സെപ്റ്റംബർ 30ന് മേയർ വി.വി. രാജേഷിന് രാജിക്കത്ത് നൽകിയതായി ശ്രീലേഖ അറിയിച്ചിരുന്നു. ശനിയാഴ്ച വാർഡിലെ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയും രാജി തീരുമാനം പുറത്തുവിട്ടു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നായിരുന്നു വിശദീകരണം. അതേസമയം ശ്രീലേഖ കോർപറേഷൻ സെക്രട്ടറിക്ക് ഔദ്യോഗികമായി രാജിക്കത്ത് കൈമാറിയിരുന്നില്ല. ഇതോടെയാണ് നേതൃത്വം അനുനയ നീക്കം ആരംഭിച്ചത്. ശ്രീലേഖ രാജിവച്ചാൽ 101 അംഗ കൗണ്‍സിലിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയുടെ അംഗബലം 49 ആയി കുറയുകയും ഭരണം പ്രതിസന്ധിയിലാകുകയും ചെയ്യുമായിരുന്നു. ഈ സാഹചര്യത്തിലാണ് നേതൃത്വം അടിയന്തരമായി ഇടപെട്ടത്.
അതേസമയം ശ്രീലേഖ രാജിവച്ചിട്ടില്ലെന്നും ആശങ്ക പങ്കുവയ്ക്കുക മാത്രമാണ് ചെയ്തതെന്നും ബിജെപി നേതാവ് എസ്. സുരേഷ് ഇന്നലെ പ്രതികരിച്ചു. ആരോഗ്യപ്രശ്നങ്ങൾ കാരണം ആശുപത്രിയിൽ കഴിയുന്ന ശ്രീലേഖയെ താൻ സന്ദർശിച്ചിരുന്നെന്നും രാജി വാർത്ത ശരിയല്ലെന്നും സുരേഷ് വ്യക്തമാക്കി. രാജിയുമായി ബന്ധപ്പെട്ട് ഉയർന്ന രാഷ്ട്രീയ അഭ്യൂഹങ്ങൾ അദ്ദേഹം നിഷേധിക്കുകയും ചെയ്തു. മേയർ വി.വി. രാജേഷും ശ്രീലേഖ തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അനുനയ ചർച്ചകൾക്ക് പിന്നാലെ രാജി തീരുമാനം പിൻവലിക്കാനുള്ള നിലപാടിലാണ് ശ്രീലേഖയെന്നാണ് നിലവിലെ വിവരം.
