പലരും ഒഴിവുസമയങ്ങളിൽ സമയം കൊല്ലാൻ മാത്രം കളിക്കുന്ന ജനപ്രിയ മൊബൈൽ ഗെയിമായ ‘കാൻഡി ക്രഷ് സാഗയിൽ’ (Candy Crush Saga) അന്താരാഷ്ട്ര റിക്കാർഡ് സ്വന്തമാക്കിയിരിക്കുകയാണ് 19കാരനായ ബിഹാർ സ്വദേശി. ശുഭം കുമാർ എന്ന കൗമാരക്കാരനാണ് ഗെയിമിലെ അവിശ്വസനീയമായ 22,222 ലെവലുകൾ പൂർത്തിയാക്കി ചരിത്രം കുറിച്ചത്.
കഴിഞ്ഞ ജൂലൈ 5നാണ് ശുഭം ഈ നാഴികക്കല്ല് പിന്നിട്ടത്. കൗമാരപ്രായത്തിൽ കാൻഡി ക്രഷ് സാഗയിൽ ഏറ്റവും കൂടുതൽ ലെവലുകൾ പൂർത്തിയാക്കുന്ന വ്യക്തി എന്ന വിഭാഗത്തിലാണ് ശുഭത്തിന്റെ നേട്ടം ‘ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സ്’ (International Book of Records) അംഗീകരിച്ചത്.
പലരുടെയും സാധാരണ കളിയല്ല, മറിച്ച് കഠിനമായ ക്ഷമയും സ്ഥിരോത്സാഹവും ആവശ്യമുള്ള ഒരു വലിയ ദൗത്യമാണ് ശുഭം വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നത്. സാധാരണക്കാർക്ക് കുറച്ച് ലെവലുകൾ പിന്നിടാൻ തന്നെ ഏറെ പാടുപെടേണ്ടി വരുമ്പോഴാണ്, പതിനായിരക്കണക്കിന് ലെവലുകൾ താണ്ടി ഈ മിടുകൻ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്നത്.
പരീക്ഷകളിലെ വിജയങ്ങൾക്കും മറ്റ് അക്കാദമിക നേട്ടങ്ങൾക്കും അപ്പുറം തികച്ചും വ്യത്യസ്തമായ ഒരു മേഖലയിൽ ലോക റെക്കോർഡ് സ്വന്തമാക്കിയ ശുഭത്തിന് സമൂഹമാധ്യമങ്ങളിൽ വലിയ അഭിനന്ദനങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
