കളമശേരി കൂട്ടബലാത്സംഗ കേസില്‍ അതിജീവിത അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് സിറ്റി പൊലിസ് കമ്മിഷണര്‍; ശ്രീരാജിന്‍റെ അഞ്ചു സ്പാകളും പൂട്ടാന്‍ നടപടി, ഗുണ്ടാബന്ധത്തില്‍ അന്വേഷണം

കൊച്ചി: കളമശേരി കൂട്ടബലാത്സംഗ കേസില്‍ അതിജീവിത അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് സിറ്റി പൊലിസ് കമ്മിഷണര്‍ കാളിരാജ് മഹേഷ് കുമാര്‍. പ്രതികളുടെ ഗുണ്ടാബന്ധം അന്വേഷിക്കുമെന്നും കമ്മിഷണര്‍ വ്യക്തമാക്കി.

കേസില്‍ ഇതുവരെ നാല് പ്രതികളെ പിടിച്ചിട്ടുണ്ട്. ആദ്യ പ്രതി ശ്രീരാജ് നടത്തിയ അഞ്ചു സ്പാകളും തിരിച്ചറിഞ്ഞ് പരിശോധന നടത്തി, അത് അടച്ചു പൂട്ടാനുള്ള നടപടികള്‍ എടുത്തിട്ടുണ്ട്. ശരണ്യ എന്ന അമ്മുവിന്റെ റോളിനെ കുറിച്ച് അതിജീവിത പറഞ്ഞു. അവരുടെ ചോദ്യം ചെയ്യല്‍ നടക്കും. അതിജീവിത അന്വേഷണവുമായി സഹകരിക്കുന്നുണ്ട്.

ഗുണ്ടാബന്ധത്തെ കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. കൃത്യമായ തെളിവുകള്‍ ലഭിച്ചാല്‍ നടപടികളുമായി മുന്നോട്ട് പോകുമെന്നും കമ്മിഷണര്‍ വ്യക്തമാക്കി. അതേസമയം, നേരത്തെ സ്പാ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നേരത്തെ അവിടെ പോയ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടികളും കേസും എടുത്തിട്ടുണ്ടെന്നും കമ്മിഷണര്‍ പറഞ്ഞു.

സസ്‌പെന്‍ഷന്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ കേസില്‍ അങ്ങനൊരു വിവരമില്ല. അന്വേഷണത്തില്‍ അങ്ങനെ എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ കൃത്യമായ നടപടി എടുക്കുമെന്നും കമ്മിഷണര്‍ വ്യക്തമാക്കി.

അതേസമയം, കേസില്‍ അതിജീവിതയുടെ മൊഴി ഇന്നലെ രാത്രി രേഖപ്പെടുത്തിയിരുന്നു. കേസില്‍ ആദ്യം അറസ്റ്റിലായ ഒന്നാം പ്രതി ശ്രീരാജ്, നാലാം പ്രതി ജിത്ത് മാര്‍ട്ടിന്‍ എന്നിവരെ ഇന്ന് കളമശേരി ഉണിച്ചിറയിലെ ഡിലൈറ്റ് സ്പായിലും ഇടപ്പള്ളിയിലെ ലോഡ്ജിലും എത്തിച്ച് തെളിവെടുപ്പ് നടത്തും.

വയനാട് പുല്‍പ്പള്ളിയില്‍ നിന്ന് പിടിയിലായ രണ്ടാം പ്രതി ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശി ശരണ്യ (അമ്മു 30), മൂന്നാം പ്രതി തൃശൂര്‍ പറപ്പൂക്കര സ്വദേശി സഞ്ജു സഞ്ജയ് (21) എന്നിവരെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.

Related posts

Leave a Comment