കണ്ണൂർ: സതിയുടെ ത്യാഗത്തിന്റെയും അനശ്വര പ്രണയത്തിന്റെയും ഓർമകൾ സംഗമിക്കുന്ന കൊട്ടിയൂരിന്റെ ഐതീഹ്യകഥ മോഹിനിയാട്ട രൂപത്തിൽ അരങ്ങിലെത്തുന്നു. സഹ്യപർവതനിരകളുടെ ഹരിതാഭമായ മടിത്തട്ടിൽ പ്രണവ മന്ത്രത്തിന്റെ അലയൊലിയിൽ താളമിട്ടൊഴുകുന്ന ബാവലിപ്പുഴയുടെ സംഗീതവും മന്ത്രധ്വനിയുടെ പവിത്രതയും പ്രപഞ്ച ചൈതന്യവും നിറഞ്ഞു നിൽക്കുന്ന മഹാ പുണ്യ ഭൂമിയാണ് ദക്ഷിണകാശി എന്നറിയപ്പെടുന്ന കൊട്ടിയൂർ.
പുണ്യഭൂമിയായ കൊട്ടിയൂർ ചരിതത്തിൽ നിന്നും ആദിശക്തിയായ സതിയുടെ പ്രണയത്തിന്റെയും ഭക്തിയുടെയും ആത്മസമർപ്പണത്തിന്റെയും കഥ, കണ്ണൂർ ബർണശേരി മുദ്രകലാക്ഷേത്രമാണ് മോഹിനിയാട്ട നൃത്താവിഷ്ക്കാരമായി അരങ്ങിലെത്തിക്കുന്നത്. കൊട്ടിയൂർ ശക്തിഗാഥ എന്ന് പേരിട്ട മോഹിനിയാട്ടം നവരാത്രി ആഘോഷത്തിന്റെ ഭാഗമായി 12ന് രാത്രി 7.30ന് തളാപ് സുന്ദരേശ്വരക്ഷേത്രത്തിൽ അരങ്ങേറും.
ഒഎൻവിയുടെ ഭൂമിക്ക് ഒരു ചരമഗീതം, അമ്മ, കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി തുടങ്ങി ഏറെ ശ്രദ്ധേയങ്ങളായ നിരവധി നൃത്താവിഷ്കാരങ്ങൾ സമ്മാനിച്ച മുദ്ര കലാക്ഷേത്രം ഡയറക്ടർ നാട്യ കലാനിധി എ.പി. കലാവതി ടീച്ചറും ശിഷ്യരും ചേർന്നാണ് സതിയുടെ ആത്മഗാഥ മോഹിനിയാട്ട നൃത്താവിഷ്ക്കാരമായി എത്തിക്കുന്നത്. പ്രണയത്തിന്റെയും സ്ത്രീശക്തിയുടെയും പ്രതീകമായ സതിയെയാണ് നൃത്തത്തിലൂടെ അവതരിപ്പിക്കുന്നത്. സ്കന്ദപുരാണത്തെ അടിസ്ഥാനമാക്കി ഇരയിമ്മൻ തമ്പി രചിച്ച ദക്ഷയാഗം ആട്ടക്കഥ ഈ നൃത്താവിഷ്ക്കാരത്തിന്റെ രചനയ്ക്ക് സഹായകമായിട്ടുണ്ട്.
ദക്ഷന്റെ കാളിന്ദി സ്നാനം മുതൽ സതീലബ്ധി, സതിയുടെ ശിവഭക്തി, വിവാഹം, ദക്ഷയാഗം, ദക്ഷന്റെ അവഹേളനം, സതിയുടെ ആത്മത്യാഗം,യാഗ വിഘ്നം തുടങ്ങി കരുണാമൂർത്തിയായ മഹാദേവന്റെ കാരുണ്യത്താൽ ദക്ഷൻ അജമുഖ ദക്ഷൻ ആകുന്നതും ഭഗവാൻ അനുഗ്രഹിക്കുന്നതുമായ 10 രംഗങ്ങളിലൂടെയുള്ള അതിമനോഹരമായ ഭാവയാത്രയിലൂടെയാണ് നൃത്താവിഷ്ക്കാരം ഒരുക്കിയിരിക്കുന്നത്.
