തിരുവനന്തപുരം: ഏറെ ചര്‍ച്ചയും വിവാദവുമായ വാഹന മോഡിഫിക്കേഷന് മോട്ടോര്‍ വാഹന വകുപ്പിന്റെ പച്ചക്കൊടി. എന്നാല്‍ നിറം ഉള്‍പ്പടെ ഏഴ് മാറ്റങ്ങള്‍ക്കു മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നത്.
വാഹനത്തിന്റെ നിറം, എന്ജിന്, ചേസിസ്, ബോഡി ഘടന എന്നിവ മാറ്റുന്നതിനാണ് അനുമതിയുള്ളത്. അതേസമയം നിയമപ്രകാരം വിലക്കപ്പെട്ട നിറങ്ങള്‍ ഉപയോഗിക്കുന്നതിന് അനുമതിയില്ല. മോഡിഫിക്കേഷന് രജിസ്റ്ററിംഗ് അഥോറിറ്റിയുടെ മുന്‍കൂര്‍ അനുമതി വേണമെന്നും ഗതാഗത കമ്മിഷണര്‍ ജി. സ്പര്‍ജന്‍ കുമാര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു.
വാഹന കമ്പനിയുടെ സമാന ശേഷിയുള്ള പുതിയ എന്‍ജിനും ചേസിസും മാത്രമേ പകരം ഉപയോഗിക്കാന്‍ അനുമതിയുള്ളൂ. മറ്റൊരു മോഡലിന്റെ എന്ജിന് ഘടിപ്പിക്കുന്നത് പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. ഇതിനുപുറമേ, അംഗീകൃത കിറ്റുകള്‍ ഉപയോഗിച്ച് ഇന്ധനം മാറ്റുന്നതിനും പ്രൊപ്പല്‍ഷന്‍ സിസ്റ്റം മാറ്റുന്നതിനും അഡാപ്റ്റഡ് വാഹനമായി രൂപമാറ്റം വരുത്തുന്നതിനും അനുമതിയുണ്ട്. എന്നാല്‍ ഈ മാറ്റങ്ങളെല്ലാം ആര്‍സിയില്‍ രേഖപ്പെടുത്തണം.
രൂപമാറ്റം വരുത്തുന്ന പ്രവൃത്തികള്‍ ഒറിജിനല്‍ ഉപകരണ നിര്‍മാതാക്കളോ അവരുടെ ഡീലര്‍മാരോ സംസ്ഥാന സര്‍ക്കാര്‍ അംഗീകൃത വര്‍ക്ക്ഷോപ്പുകളോ വഴി മാത്രമേ ചെയ്യാന്‍ പാടുള്ളൂ. രജിസ്റ്ററിംഗ് അഥോറിറ്റി വാഹന നിര്‍മാതാക്കളുടെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാകും ഈ അപേക്ഷകള്‍ പരിഗണിക്കുക.
മുന്‍കൂര്‍ അനുമതിയില്ലാതെ മാറ്റങ്ങള്‍ വരുത്തുന്ന വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും മോട്ടോര്‍ വാഹന വകുപ്പിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു. മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 52, സിഎംവിആര്‍ റൂള്‍ 112 എന്നിവ പ്രകാരമാണ് ഗതാഗത വകുപ്പ് ഈ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
റിച്ചാര്‍ഡ് ജോസഫ്
