ജന്തർ മന്തറിൽ നടത്താൻ നിശ്ചയിച്ചിരുന്ന പ്രതിഷേധ മാർച്ചിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെയും സഹസ്ഥാപകരായ സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച രാവിലെ മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ടതായിരുന്നു ഇവർ. വിമാനത്തിനുള്ളിൽ വെച്ച് ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ തന്നെ സമീപിക്കുന്ന ദൃശ്യങ്ങൾ അഭിജിത് ദിപ്കെ തന്റെ ഇൻസ്റ്റാഗ്രാം ലൈവിലൂടെ പങ്കുവെച്ചിരുന്നു.
“ഡൽഹി പൊലീസ് വിമാനത്തിനുള്ളിൽ പ്രവേശിച്ച് ഞങ്ങളെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുകയാണ്” എന്ന് അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്. തുടർന്ന് തങ്ങൾ അറസ്റ്റിന് തയ്യാറാണെന്ന് വ്യക്തമാക്കിയ അദ്ദേഹം പേടിക്കുന്നില്ലെന്ന് പറഞ്ഞ് ‘ഇൻക്വിലാബ് സിന്ദാബാദ്’ വിളിക്കുകയും ചെയ്തു.
ജന്തർ മന്തറിലെ പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹിയിൽ കനത്ത സുരക്ഷയും നിയന്ത്രണങ്ങളുമാണ് ഏർപ്പെടുത്തിയിരുന്നത്. പ്രതിഷേധക്കാർ ഡൽഹിയിൽ എത്താതിരിക്കാൻ റോഡുകൾ തടയുകയും സുരക്ഷാ സേനയെ വിന്യസിക്കുകയും ചെയ്തു എന്ന് അഭിജിത് ദിപ്കെ ആരോപിച്ചിരുന്നു.
സമാധാനപരമായ പ്രതിഷേധം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണെന്നും എന്നാൽ സർക്കാർ സേനയെ ഉപയോഗിച്ച് ജനങ്ങളെ തടയാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ച് സിജെപി പ്രഖ്യാപിച്ച ജന്തർ മന്തർ ധർണയ്ക്ക് മുന്നോടിയായാണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
