കൊച്ചി: പണം ഹവാല മാർഗത്തിലൂടെ വിദേശത്തെത്തിക്കാൻ മുൻ മന്ത്രി മുഹമ്മദ് റിയാസിനെ സഹായിച്ചതായും വീണയും റിയാസും തങ്ങളോടൊപ്പം യാത്ര ചെയ്തതായും ഹവാല ഇടപാടുകാരെന്ന് സംശയിക്കുന്നവരുടെയടക്കം മൊഴികളുള്ളതായി മാസപ്പടി കേസിലെ ഇഡി റിപ്പോർട്ടിൽ പറയുന്നു. ദുബായിൽ ബിസിനസ് തുടങ്ങുന്നതിനായി 2024 മേയിൽ റിയാസും വീണയും നടത്തിയ യാത്രയിൽ ഹവാല ഇടപാടുകാരും ഒപ്പമുണ്ടായിരുന്നതായി മൊഴിയുണ്ട്.
2024 -25 കാലയളവിൽ 1.2 കോടി രൂപ ഇത്തരത്തിൽ കൈമാറിയിട്ടുണ്ട്. തിരിച്ചറിയാതിരിക്കാൻ സ്വന്തം പേരിലല്ലാത്ത സിം കാർഡാണു റിയാസ് ഉപയോഗിച്ചിരുന്നത്. ഹവാല ഇടപാടുകൾക്കായി വാട്സാപ് ഗ്രൂപ്പുകൾ വഴി ആശയവിനിമയം നടത്തിയിട്ടുണ്ട്. മൊബൈൽ ഫോണിലൂടെ ആശയവിനിമയം നടത്തിയതിന്റെയും സംശയിക്കുന്ന ഓരോരുത്തരുടെയും യാത്രകളുടെയും വിശദാംശങ്ങൾ ഇഡി പൊലിസ് മേധാവിക്കു മൈാറിയിട്ടുണ്ട്. റിയാസിനും ഹവാല ഇടപാടുകാർക്കും പരസ്പരമുണ്ടായിരുന്ന അടുപ്പം അവർ നൽകിയ മൊഴികളിലടക്കം വ്യക്തമാണെന്നും ഇഡിയുടെ റിപ്പോർട്ടിലുണ്ട്.
അച്ഛനെന്ന നിലയിൽ പിണറായി വിജയനുമായുള്ള ബന്ധം പരിഗണിച്ച് സ്വാധീന സാധ്യത മുൻനിർത്തിയാണ് സേവനത്തിനു പ്രതിഫലമെന്ന നിലയിൽ കരാറിന്റെ മറവിൽ വീണയുടെ കമ്പനിക്ക് പണം നൽകിവന്നതെന്ന് സിഎംആർഎൽ മൊഴി നൽകിയിട്ടുള്ളതായി ഇഡി റിപ്പോർട്ടിൽ പറയുന്നു. വീണയുടെ സാങ്കേതിക പശ്ചാത്തലം ചൂണ്ടിക്കാട്ടിയാണ് കരാറുള്ളത്.
വീണയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വിദേശ കറൻസി ഇടപാടുകൾ രേഖപ്പെടുത്തിയ ഡയറി ഇഡി പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം, സിഎംആർഎലിനു നൽകിയ സേവനം സംബന്ധിച്ച് മതിയായ രേഖകൾ വീണയ്ക്കു സമർപ്പിക്കാനായിട്ടില്ല. അന്വേഷണ ഏജൻസിയല്ലാത്തതിനാൽ ഇഡി റിപ്പോർട്ടിന്മേൽ പ്രാഥമികാന്വേഷണം നടത്താതിരിക്കാനാകില്ലെന്ന കോടതി ഉത്തരവുകൾ ചൂണ്ടിക്കാട്ടിയുള്ള സർക്കാർ വാദത്തെ കോടതി ഉത്തരവുകൾ ഉദ്ധരിച്ചുതന്നെയാണ് കോടതി തള്ളിയത്.
കള്ളപ്പണക്കേസ് അന്വേഷിക്കാൻ അധികാരപ്പെട്ട ഏജൻസിയാണ് ഇഡിയെന്നും അതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ അഴിമതി തടയൽ നിയമവുമായി ബന്ധപ്പെട്ട കുറ്റകൃത്യത്തിന്റെ തെളിവുകൾ ലഭിച്ചപ്പോൾ അതു പൊലിസ് മേധാവിക്ക് കൈമാറുകയാണ് അന്വേഷണ ഉദ്യോഗസ്ഥൻ ചെയ്തതെന്നും കോടതി ചൂണ്ടിക്കാട്ടി.
പിഎംഎൽഎ വകുപ്പ് 66(2) പ്രകാരം ഇഡി നൽകിയ റിപ്പോർട്ടിൽ കേസെടുക്കാൻ സർക്കാരിനു ബാധ്യതയുണ്ടെന്ന് വിജയ് മദൻലാൽ ചൗധരി കേസിലെ കോടതി വിധികളടക്കം ഉദ്ധരിച്ച് കോടതി ചൂണ്ടിക്കാട്ടി.
സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ഹൈക്കോടതി
കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സംസ്ഥാന പൊലിസ് മേധാവിക്കു സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്താൻ വിജിലൻസ് ഡയറക്ടർക്കു ജസ്റ്റീസ് എ. ബദറുദ്ദീൻ നിർദേശം നൽകി.
എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ പ്രാഥമികാന്വേഷണം നടത്താൻ കൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച സർക്കാർ നടപടി നിയമവിരുദ്ധമെന്ന് വിലയിരുത്തി കോടതി റദ്ദാക്കി. ഇഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നേരിട്ടു കേസെടുക്കാൻ വിജിലൻസിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ടു മുൻ മുഖ്യമന്ത്രി അന്തരിച്ച വി.എസ്. അച്യുതാനന്ദന്റെ മുൻ അസി. പേഴ്സണൽ സെക്രട്ടറിയും പൊതുപ്രവർത്തകനുമായ അഡ്വ. കെ.എം. ഷാജഹാൻ നൽകിയ ഹർജിയാണു കോടതി പരിഗണിച്ചത്.
അഴിമതിക്കേസുകൾ അന്വേഷിക്കേണ്ടതു വിജിലൻസാണെന്ന് കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തിൽ ഇഡി സമർപ്പിച്ച റിപ്പോർട്ട് ഡിജിപിയും പ്രത്യേക അന്വേഷണസംഘത്തിന്റെ പക്കലുള്ള വിവരങ്ങൾ അവരും ഉടൻ വിജിലൻസ് ഡയറക്ടർക്കു കൈമാറണം. ആവശ്യമായ രേഖകൾ ഇഡിയും നൽകണം. എത്രയുംവേഗം എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണത്തിനു വിജിലൻസ് ഡയറക്ടർ നടപടി സ്വീകരിക്കണം. എഫ്ഐആർ രജിസ്റ്റർ ചെയ്തശേഷം അന്വേഷണ ആവശ്യങ്ങൾക്കായി മറ്റേതെങ്കിലും രേഖകൾ ആവശ്യപ്പെടാൻ വിജിലൻസ് ഡയറക്ടർക്ക് സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി.
പിണറായി വിജയനും മകൾക്കും റിയാസിനും പുറമെ സിഎംആർഎൽ കമ്പനി എംഡി എസ്.എൻ. ശശിധരൻ കർത്ത, മുൻ ചീഫ് ഫിനാൻസ് ഓഫിസർ പി. സുരേഷ് കുമാർ, എക്സാലോജിക്, എംപവർ കമ്പനികൾ, റിയാസിന്റെയും വീണയുടെയും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച ഷൈജൽ, പി. നിഖിൽ, ഹസൻ വാരിസ്, വി.പി. ഫൈജാസ്, എം. നന്ദുലാൽ എന്നിവർക്കും കണ്ടാലറിയാവുന്ന ചിലർക്കുമെതിരേ കേസെടുക്കാനാണ് ഇഡിയുടെ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സമാന വിഷയത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎയും അന്തരിച്ച പൊതുപ്രവർത്തകൻ ഗിരീഷ് ബാബുവും മുമ്പ് സമർപ്പിച്ച റിവിഷൻ ഹർജികൾ തള്ളിയെന്നത് ഇഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള വിജിലൻസ് അന്വേഷണത്തിനു തടസമല്ലെന്ന് കോടതി വ്യക്തമാക്കി.
തെളിവുകൾ പര്യാപ്തം
മാസപ്പടി കേസിൽ നോട്ടുബുക്കിനും ഡയറിക്കും പുറമേസാക്ഷികളുടെയും സംശയിക്കപ്പെടുന്നവരുടെയും മൊഴികളും മറ്റ് അനുബന്ധ രേഖകളും ഉൾപ്പടെ ഇഡി കൈമാറിയവ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പര്യാപ്തമായ തെളിവുകളാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. 2016-20 കാലഘട്ടത്തിൽ അന്നത്തെ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കു സേവനങ്ങളൊന്നും നൽകാതെ സിഎംആർഎൽ 3.28 കോടി രൂപ നൽകിയെന്നതിനുള്ള തെളിവുകൾ ഇഡി ഡിജിപിക്കു കൈമാറിയിട്ടുണ്ട്.
മകൾ മുഖേന പിണറായി സാമ്പത്തികനേട്ടമുണ്ടാക്കിയപ്പോൾ മുഹമ്മദ് റിയാസ് സാമ്പത്തിക ഇടപാട് നടത്താനും അതു മറച്ചുവയ്ക്കാനും സ്വദേശത്തും വിദേശത്തും നിക്ഷേപിക്കാനും മറ്റു പലരുടെയും സഹായം തേടിയതിനുള്ള തെളിവുകളും ഹാജരാക്കിയിട്ടുണ്ട്.
എസ്ഐടി നിയമപരമല്ല
ചില പ്രത്യേക കേസുകളുടെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിക്കാനുള്ള അധികാരം സർക്കാരിനുണ്ടെങ്കിലും പൊലിസ് ആക്ട് അനുസരിച്ചായിരിക്കണം അത്. ഈ കേസിൽ ഡിജിപിയാണ് പ്രത്യേക അന്വേഷണസംഘത്തിന് (എസ്ഐടി) രൂപം നൽകിയിട്ടുള്ളത്. ഇതു നിയമപരമായി നിലനിൽക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
എഫ്ഐആര്‍ ഹൈക്കോടതി വിധി പരിശോധിച്ചശേഷം: രമേശ് ചെന്നിത്തല
കൊച്ചി: സിഎംആര്‍എല്‍ എക്സാലോജിക് കേസില്‍ പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ ഹൈക്കോടതി വിധി പരിശോധിച്ചശേഷം തീരുമാനമെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
കോടതിവിധി വായിച്ചതിനുശേഷം മാത്രമേ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാനാകൂ. ഹൈക്കോടതി ഉത്തരവ് തിരിച്ചടിയല്ല. ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. വിധിന്യായം പഠിച്ചായിരിക്കും സര്‍ക്കാരിന്റെ അടുത്ത നിയമപരമായ നടപടിയെന്നും അദ്ദേഹം പറഞ്ഞു. പിഎംഎല്‍എ ആക്ടിലെ സെക്ഷന്‍ 66(എ) പ്രകാരം ഇഡി വിവരങ്ങള്‍ ഡിജിപിക്കു കൈമാറുകയും തുടര്‍ന്ന് സര്‍ക്കാര്‍ നിയമോപദേശം തേടുകയും ചെയ്തിരുന്നു. ഇതുപ്രകാരം സമാന കേസുകളിലെ മുന്‍ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് എസ്ഐടി രൂപീകരിച്ചത്.
അഞ്ചു കേസുകളില്‍ പ്രാഥമിക അന്വേഷണത്തിനുശേഷം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു സര്‍ക്കാരിനു ലഭിച്ച നിയമോപദേശം. സര്‍ക്കാര്‍ ആ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു പ്രവര്‍ത്തിച്ചത്.
കോടതി മറിച്ചാണ് പറയുന്നതെങ്കില്‍ ആ വിധി പഠിച്ചശേഷം സര്‍ക്കാര്‍ തീരുമാനിക്കും. പിഎംഎല്‍എ കേസില്‍ ഇഡിയില്‍നിന്നു ലഭിച്ച വിവരങ്ങള്‍ വച്ച് സര്‍ക്കാര്‍ തിടുക്കപ്പെട്ട് ഒരു കാര്യവും ചെയ്തില്ല. നിയമോപദേശം തേടിയശേഷമാണു നടപടി സ്വീകരിച്ചത്. അതാണ് ഒരു സര്‍ക്കാര്‍ ചെയ്യേണ്ട കാര്യം. സര്‍ക്കാര്‍ നിയമപ്രകാരമേ പ്രവര്‍ത്തിക്കൂ. ഇഡി അന്വേഷണം യുഡിഎഫ് നേതാക്കളിലേക്കും വരുന്നെങ്കില്‍ വരട്ടെ, കോടതിയും സര്‍ക്കാരും ഇവിടെയുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വിജിലൻസ് എസ്ഐടി രൂപീകരിക്കും
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരേയുള്ള സിഎംആർഎൽ മാസപ്പടി കേസ് അന്വേഷണത്തിന് ഉടൻ വിജിലൻസിന്റെ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കും. എസ്പിയുടെ നേതൃത്വത്തിൽ എസ്ഐടി രൂപീകരിച്ചാകും കേസെടുത്തുള്ള അന്വേഷണം.
മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരേ കേസെടുത്ത് അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശിച്ചതിനാൽ സർക്കാരിന്റെ പ്രത്യേക അനുമതിക്കായി വിജിലൻസിന് കാത്തിരിക്കേണ്ടിവരില്ല.
വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം കൊച്ചിയിൽ നടക്കുന്ന കൊക്കൂണിന്റെ ചുമതലക്കാരനാണ്. കൊച്ചിയിൽ നിന്നു മടങ്ങിയെത്തിയ ശേഷമാകും പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാനുള്ള ക്രമീകരണം ഒരുക്കുക. അഴിമതി, അധികാര ദുർവിനിയോഗം, കൈക്കൂലി തുടങ്ങിയ ആരോപണങ്ങളിലാകും വിജിലൻസ് അന്വേഷണം നടത്തുക. അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കുന്പോൾ വീണയെ യും പ്രതിചേർക്കാനാകുമെന്നാണ് വിജിലൻസിനു ലഭിച്ച നിയമോപദേശം. സർക്കാർ ഓഫിസുകളിൽ വിജിലൻസ് പരിശോധന നടത്തുന്പോൾ, കൈക്കൂലി വാങ്ങി നൽകുന്ന സ്വകാര്യ വ്യക്തികളായ ഏജന്റുമാർക്കെതിരേ നിലവിൽ കേസെടുക്കാറുണ്ട്. ഇതേ മാതൃകയിലാകും വീണയെയും പ്രതിയാക്കി കേസെടുക്കുക.
സംസ്ഥാന പൊലിസ് മേധാവി വഴിയാണ് ഹൈക്കോടതിയുടെ അന്വേഷണ നിർദേശം ലഭിക്കേണ്ടത്. അന്വേഷണം നടക്കുന്പോൾ കൂടുതൽ കുറ്റകൃത്യങ്ങൾ കണ്ടെത്തിയാൽ കേസ് വിപുലമാക്കും. കള്ളപ്പണക്കേസ്, ഹവാല അടക്കമുള്ളവയിൽ വിജിലൻസിന് അന്വേഷിക്കുന്നതിന് പരിമിതികളുണ്ട്. മാസപ്പടിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതോടെ അന്വേഷണം ഇഡി ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ഇഡി കൂടി അന്വേഷണത്തിനെത്തും. നിലവിൽ അന്വേഷണം നടത്തുന്ന എഡിജിപിയുടെ നേതൃത്വത്തിലുള്ള എസ്ഐടിയിൽനിന്നു കേസിന്റെ അന്വേഷണ പുരോഗതി ഫയലുകൾ ഡിജിപി വഴി വിജിലൻസ് ഏറ്റെടുക്കും. തുടർന്നാകും എഫ്ഐആർ രജിസ്റ്റർ ചെയ്യുക.
സിപിഎമ്മും പിണറായിയും രാഷ്ട്രീയ പ്രതിരോധത്തിൽ
തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് പണമിടപാടു കേസിൽ അഴിമതിതടയൽ നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയും മരുമകനും പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ മുഹമ്മദ് റിയാസിനെതിരെയും കേസെടുത്ത് അന്വേഷിക്കണമെന്ന ഹൈക്കോടതി വിധി സിപിഎമ്മിനു രാഷ്ട്രീയമായി വലിയ തിരിച്ചടിയായി.
മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കണ്ടെത്തലുകൾ ഗൗരവമാണെന്ന നിഗമനത്തിലാണു കോടതി കേസെടുത്ത് അന്വേഷിക്കാൻ നിർദേശം നൽകിയത്.
കോടതിയുടെ ഈ ഇടപെടൽ നിയമപരമായി നേരിടുകയെന്നതും സിപിഎമ്മിനും പിണറായി വിജയനും ഇനി അഗ്നിപരീക്ഷണമാണ്.
പതിവ് ആവർത്തിച്ച് സിപിഎം
മാസപ്പടി കേസിൽ ഹൈക്കോടതി വിധിയെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന പതിവു പല്ലവി സിപിഎം ഇന്നലെയും ആവർത്തിച്ചു. സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി തന്നെ പിണറായിക്കും മുഹമ്മദ് റിയാസിനും പിന്തുണയുമായെത്തി. പിന്നാലെ പാർട്ടി സംസ്ഥാന നേതൃത്വവും ഇതേ നിലപാട് ആവർത്തിച്ചു. ഇതോടെ മാസപ്പടി കേസിൽ പാർട്ടി പിണറായി വിജയനു പൂർണ സംരക്ഷണ കവചമൊരുക്കുകയാണ്. കോടതി നിർദേശ പ്രകാരം വിജലൻസ് സ്വാഭാവികമായും പിണറായി വിജയനെതിരേയും മുഹമ്മദ് റിയാസിനെതിരേ യും കേസെടുത്ത് അന്വേഷണം തുടങ്ങും. കോടതി വിധിയായിനാൽ നിയമരപായി നേരിടാനാൻ തന്നെയാണു സിപിഎം തീരുമാനം.
അപ്പീലിന് പാർട്ടി
സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിലേക്കു അപ്പീൽ പോകാനുള്ള നടപടികൾ പാർട്ടി ആരംഭിച്ചുകഴിഞ്ഞു. ഇനി ഡിവിഷൻ ബഞ്ച് വിധി അനുകൂലമല്ലെങ്കിൽ സുപ്രീംകോടതിയിൽ പോകാനാനുള്ള സാധ്യതകളും പാർട്ടി നോക്കുന്നുണ്ട്. കേസിൽ സർക്കാർ എന്തായാലും അപ്പീൽ പോകാൻ സാധ്യതയില്ല.
പിണറായിക്കെതിരേ വിജിലൻസ് അന്വേഷണം തുടങ്ങിയാൽ അതു സിപിഎമ്മിന് രാഷ്ട്രീയമായി വലിയ പ്രതിസന്ധിയൊന്നും സൃഷ്ടിക്കാൻ ഇടയില്ല.
ലാവ്ലിൻ കേസിനെ പിണറായിയും സിപിഎമ്മും നേരിട്ട അനുഭവം രാഷ്ട്രീയ കേരളത്തിനുണ്ട്. അത്രയൊന്നും രാഷ്ട്രീയ കോളിളക്കം ഉണ്ടാക്കാനുള്ള ശക്തി മാസപ്പടി കേസിന് ഇല്ലായെന്നാണു സിപിഎമ്മും കരുതുന്നത്. അതുകൊണ്ടുതന്നെ കേസ് അതിന്റെ വഴിക്കു പോകട്ടേയെന്ന ധാരണയിലാണു പാർട്ടി നേതൃത്വം.
സ്ഥാനമൊഴിയാൻ സമ്മർദമേറും
വിജിലൻസ് കേസെടുത്താൽ പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയണമെന്ന ആവശ്യം പ്രതിപക്ഷത്തുനിന്നും പൊതുവെ ഉയരാം. എന്നാൽ മുഖ്യമന്ത്രി സ്ഥാനം വഹിച്ചിരുന്നവർ ഉൾപ്പെടെ മന്ത്രിമാരടക്കം ധാരാളം പേർ വിജിലൻസ് കേസിൽ പ്രതിയായിട്ടുണ്ട്. പ്രതിയായവരൊന്നും സ്ഥാനങ്ങൾ രാജിവച്ചിട്ടില്ല. ശിക്ഷിക്കപ്പെട്ടാൽ മാത്രമേ അങ്ങനെയൊരു പ്രതിസന്ധി ഉണ്ടാകുന്നുള്ളൂ. മാസപ്പടി കേസിലും ഇതുതന്നെയാകും ഉണ്ടാകാൻ പോകുക.
സിപിഎമ്മിൽ പിണറായി പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയണമെന്ന് ഈ ഘട്ടത്തിൽ ആരും ആവശ്യപ്പെടില്ലെന്നു മാത്രമല്ല, അങ്ങനെയൊരു ചർച്ചപോലും ഉണ്ടാകാനുള്ള സാധ്യത വിരളമാണ്.
ഇപ്പോൾ നടന്നുവരുന്ന വിശാല ജില്ലാ കമ്മിറ്റി യോഗങ്ങളിൽ പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഏറെ വിമർശിക്കപ്പെടുന്നുണ്ടെങ്കിലും പിണറായിയെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചതു തെറ്റായിപ്പോയെന്ന തരത്തിലുള്ള ഒരു ചർച്ചയും ഉണ്ടായിട്ടില്ല.
സിപിഎമ്മിന്റെ ഉൾപാർട്ടി രാഷ്ട്രീയം പിണറായി വിജയന് ഇത്രത്തോളം അനുകൂലമായി നിൽക്കുന്പോൾ ഒരു തരത്തിലുമുള്ള രാഷ്ട്രീയ പ്രതിസന്ധിയും വരാൻ പോകുന്ന വിജിലൻസ് അന്വേഷണത്തിന്റെ പേരിൽ അദ്ദേഹത്തിനോ പാർട്ടിക്കോ ഉണ്ടാകാനിടയില്ല.
സർക്കാർ അപ്പീൽ പോകില്ല
സിഎംആർഎൽ- എക്സാലോജിക് മാസപ്പടി ഇടപാടിൽ പ്രാഥമികാന്വേഷണം നടത്താൻ എസ്ഐടി രൂപീകരിച്ച സർക്കാർ നടപടി റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ സർക്കാർ അപ്പീൽ പോകില്ല. പിണറായി വിജയനെതിരേയുള്ള കേസിൽ സർക്കാർ അപ്പീൽ പോയാൽ രാഷ്ട്രീയമായി യുഡിഎഫിന് വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അപ്പീൽ പോകേണ്ടതില്ലെന്ന പൊതു വിലയിരുത്തൽ. എന്നാൽ പിണറായിയും മുഹമ്മദ് റിയാസും വീണയും സിംഗിൾ ബെഞ്ച് വിധിക്കെതിരേ അപ്പീൽ പോകുമെന്നാണ് സർക്കാർ വിലയിരുത്തൽ. ഇതുണ്ടാകുന്പോൾ സാഹചര്യത്തിന് അനുസരിച്ച് തീരുമാനമെടുക്കും.
എറണാകുളം, തിരുവനന്തപുരം, കോഴിക്കോട്, ആലപ്പുഴ അടക്കമുള്ള ജില്ലകളിൽ അന്വേഷണം നടത്തേണ്ട സാഹചര്യത്തിൽ വിവിധ ജില്ലകളിൽനിന്നുള്ള ഡിവൈഎസ്പിമാരെയും സിഐമാരെയും എസ്ഐടിയിൽ ഉൾപ്പെടുത്തും. ഭരണരംഗത്തെ പ്രമുഖർക്കു കരിമണൽ കന്പനിയിൽ നിന്നു വൻതുക മാസപ്പടിയായി ലഭിച്ച സാഹചര്യത്തിൽ ഇവർ പകരമായി എന്തൊക്കെ സഹായങ്ങൾ ചട്ടവിരുദ്ധമായി ചെയ്തുകൊടുത്തുവെന്നും പരിശോധിക്കും.
