പ്രശസ്തമായ ഡാർജിലിംഗ് ടോയ് ട്രെയിനും കാറും കൂട്ടിയിടിച്ചതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ട്രാക്കിലൂടെ നീങ്ങുകയായിരുന്ന ട്രെയിനിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ ട്രെയിനിലുണ്ടായിരുന്ന ചില യാത്രക്കാർ താഴേക്ക് തെറിച്ചുവീണു. ഒപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികൾക്കും പരിക്കേറ്റിട്ടുണ്ട്.
റെയിൽവേ ട്രാക്കിന് സമാന്തരമായുള്ള റോഡിലൂടെ കാറുകൾ കടന്നുപോകുന്നതും, അതിനിടയിലേക്ക് ടോയ് ട്രെയിൻ എത്തുമ്പോൾ ഒരു കാർ വണ്ടിയിലേക്ക് ഇടിച്ചുകയറുന്നതുമാണ് വീഡിയോയിലുള്ളത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
യാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് ആശങ്കകൾ ഉയരുമ്പോൾ തന്നെ, സോഷ്യൽ മീഡിയയിൽ ഇത് വലിയ തോതിൽ ട്രോളുകൾക്കും കാരണമായിട്ടുണ്ട്. “ട്രാക്കിൽ ട്രെയിൻ എങ്ങനെ വന്നു?” (Track par train kaise aa gayi?) എന്ന തരത്തിലുള്ള പരിഹാസ്യമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. കാർ ഡ്രൈവറുടെ അശ്രദ്ധയെ ചോദ്യം ചെയ്തും ട്രെയിനിന്റെ കുറ്റമെന്ന മട്ടിലുള്ള ട്രോളുകൾ പങ്കുവെച്ചും നിരവധിപേരാണ് രംഗത്തെത്തിയത്.
പൈതൃക പദവിയുള്ള ഡാർജിലിംഗ് ടോയ് ട്രെയിൻ കാണാനും യാത്ര ചെയ്യാനുമായി നിരവധി വിനോദസഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. എന്തായാലും യാത്രാ സുരക്ഷ സംബന്ധിച്ച് വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ് ഈ അപകടം.
