മലയാളികളുടെ പ്രിയനടി നിമിഷ സജയനും തമിഴ് താരം കരുണാസും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച തമിഴ് ചിത്രം ‘എന്ന വിലൈ’ ഒടിടിയിലേക്ക്. നെറ്റ്ഫ്ലിക്സിലൂടെ ഒക്ടോബർ 15 മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
ദേശീയ പുരസ്കാര ജേതാവായ സജീവ് പാഴൂർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രം കഴിഞ്ഞ സെപ്റ്റംബറിലാണ് തിയറ്ററുകളിലെത്തിയത്. കേരളത്തിൽ ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം തിയറ്ററുകളിൽ എത്തിച്ചത്. സോഷ്യോ-പൊളിറ്റിക്കൽ ത്രില്ലർ ഘടകങ്ങൾ കോർത്തിണക്കിയ ഒരു ഫാമിലി ഡ്രാമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
കലാമയ സിനിവേഴ്സ്, റോമിയോ പിക്ചേഴ്സ് എന്നീ ബാനറുകളിൽ മലയാളിയായ വി. ജിതേഷ്, അനുഗോപാൽ വേണുഗോപാലൻ എന്നിവർ ചേർന്നാണ് ‘എന്ന വിലൈ’ നിർമിച്ചിരിക്കുന്നത്. നിമിഷ സജയനും കരുണാസിനും പുറമേ വൈ.ജി. മഹേന്ദ്രൻ, പൂർണിമ ഭാഗ്യരാജ്, മൊട്ട രാജേന്ദ്രൻ, വിജയലക്ഷ്മി, ഷാഷ, പ്രവീണ, കമലേഷ്, നിഴൽഗൽ രവി, സ്വാമിനാഥൻ, ദീപ ശങ്കർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
