കൊച്ചി: അമിത വേഗത്തിൽ പാഞ്ഞ മിനി കൂപ്പറിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിന് പിന്നാലെ പ്രതി സുഹൈൽ സജീവിന്റെ അപകടകരമായ ഡ്രൈവിംഗിന്റെ പുതിയ ദൃശ്യങ്ങൾ പുറത്ത്. ഞായറാഴ്ച രാവിലെയാണ് നെടുന്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള റോഡിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന മൂന്ന് വിദ്യാർഥികളെ 19 കാരനായ സുഹൈൽ സജീവിന്റെ വാഹനം ഇടിച്ചു തെറിപ്പിച്ചത്. അപകടത്തിൽ ദേവിക (21), ഗോപിക (22) എന്നിവർ അപകട സ്ഥലത്തു വെച്ചുതന്നെ മരണപ്പെടുകയും പരിക്കുകളോടെ ആശുപത്രിയിലെത്തിച്ച ഇജാസ് പിന്നീട് മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾക്ക് പിന്നാലെ സുഹൈലിന് പിറന്നാൾ സമ്മാനമായി സുഹൈലിന്റെ മാതാവ് മിനി കൂപ്പർ വാങ്ങി നൽകിയതിന്റെ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്. സമ്മാനമായി ലഭിച്ച കാറിൽ 200 കിലോമീറ്ററിൽ അധികം വേഗത്തിൽ സുഹൈൽ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങളും പൊലിസിന് ലഭിച്ചു. അപകടത്തിന് ശേഷം “റോഡുകൾ പിന്നെ എന്തിനാണ്, വണ്ടി ഓടിക്കാൻ തന്നെയല്ലേ” എന്ന് ഇയാൾ ചോദിച്ചതായും, അച്ഛൻ എല്ലാം നോക്കിക്കോളുമെന്നും പൊലിസിനോട് പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
കേരളത്തിൽ മദ്യപാനത്തിനുള്ള നിയമപരമായ പ്രായം 23 ആയതിനാൽ, 19 കാരനായ സുഹൈലിന് മദ്യം വിളമ്പിയ ബാറുകൾക്കെതിരെ നടപടിയെടുക്കാൻ എക്സൈസ് മന്ത്രി എം. ലിജു നിർദേശം നൽകിയിട്ടുണ്ട്. സുഹൈൽ സജീവിനെതിരെ നരഹത്യാ കുറ്റമാണ് നിലവിൽ പൊലിസ് ചുമത്തിയിരിക്കുന്നത്.
