ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ മുന്നണി ഡൽഹിയിൽ നടത്തിയ പ്രതിഷേധത്തിനിടയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബാറ്റ്മാൻ മാസ്ക് ധരിച്ചത് ചർച്ചയാകുന്നു. പ്രതിഷേധത്തിനിടെ യുവാക്കൾ കൊണ്ടുവന്ന ബാറ്റ്മാൻ മാസ്ക് രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽ പെടുകയും, തുടർന്ന് മല്ലികാർജുൻ ഖാർഗെയ്ക്കൊപ്പം ബസിൽ യാത്ര ചെയ്യുമ്പോൾ അദ്ദേഹം ഈ മാസ്ക് ധരിക്കുകയുമായിരുന്നു.
എന്നാൽ രാഹുലിന്റെ ഈ നാടകം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ മാത്രമുള്ളതാണെന്നും ഡൽഹി ഗോഥം സിറ്റിയല്ലെന്നും കേന്ദ്ര മന്ത്രി ജയന്ത് സിംഗ് എക്സിൽ കുറിച്ചു. രാജ്യതലസ്ഥാനത്തിന് ഒരു ‘ഡാർക്ക് സൂപ്പർഹീറോയെയും റോബിനെയും’ ആവശ്യമില്ലെന്നും ബിജെപി നേതാക്കൾ പരിഹസിച്ചു. നേരത്തെ ഇൻസ്റ്റാഗ്രാം ചാറ്റിലും താനാണ് ബാറ്റ്മാൻ എന്ന് സൂചിപ്പിക്കുന്ന തരത്തിൽ രാഹുൽ പ്രതികരിച്ചിരുന്നു.
