മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി നടത്തിയ പ്രതിഷേധത്തിനിടെ പൊലിസിന്റെ മർദനത്തിനിരയായെന്ന് ബോളിവുഡ് താരം ആമിർ ഖാന്റെ അനന്തരവളും നടിയുമായ സെയ്ൻ മേരി ഖാൻ. മുംബൈ ഓഗസ്റ്റ് ക്രാന്തി മൈതാനിൽ നടന്ന സമരത്തിൽ പങ്കെടുത്തതിനാണ് സെയ്നും നടൻ ഇമ്രാൻ ഖാനും കൂട്ടുകാരി ലേഖ വാഷിംഗ്ടണും അടക്കമുള്ളവരെ പൊലിസ് കസ്റ്റഡിയിലെടുത്തത്.
പൊലിസ് ലാത്തിവച്ച് അടിച്ച ശരീരത്തിലെ ചതവുകളുടെയും പാടുകളുടെയും ദൃശ്യങ്ങൾ സെയ്ൻ ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ പുറത്തുവിട്ടു. കൈകൾ, വിരലുകൾ, കാലുകൾ എന്നിവിടങ്ങളിൽ അടിയേറ്റ് ചുവന്നും കരിനീലിച്ചും കിടക്കുന്ന ശരീരഭാഗങ്ങൾ വീഡിയോയിൽ വ്യക്തമാണ്. “ഞങ്ങളെ പേടിപ്പിക്കാൻ നോക്കല്ലേ, പേടിക്ക് ഇവിടെ സ്ഥാനമില്ല” എന്ന് കാമറ നോക്കി പറയുന്ന താരം ‘ഡെമോക്രസി ഫിറ്റ് ചെക്ക്’ എന്നാണ് വീഡിയോയിൽ കുറിച്ചത്.
പ്രതിഷേധത്തിനിടെ തങ്ങളെയും ഇമ്രാൻ ഖാനെയും പൊലിസ് കസ്റ്റഡിയിലെടുക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സെയ്ൻ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് പൊലിസ് വ്യക്തമാക്കിയിരുന്നില്ലെന്നും വാനിലുണ്ടായിരുന്നവർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കിയപ്പോൾ റോഡിലുള്ളവരും അത് ഏറ്റുവിളിച്ചെന്നും നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഒടുവിൽ മൂവരെയും യെല്ലോ ഗേറ്റ് പൊലിസ് സ്റ്റേഷനിലെത്തിച്ചെങ്കിലും കസ്റ്റഡിക്ക് കാരണമെന്തെന്ന് ഉദ്യോഗസ്ഥർക്ക് വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല. മണിക്കൂറുകളോളം പൊലിസ് വാനിൽ നഗരത്തിലൂടെ കറക്കിയ ശേഷമാണ് വിട്ടയച്ചത്.
പ്രതിഷേധത്തിന് അനുമതി തേടിയിരുന്നില്ലെന്നാണ് മുംബൈ പൊലിസിന്റെ വിശദീകരണം. ബോംബെ ഹൈക്കോടതിയുടെ നിർദേശപ്രകാരം മുംബൈയിൽ പ്രതിഷേധങ്ങൾ നടത്താൻ അനുമതിയുള്ളത് ആസാദ് മൈതാനിൽ മാത്രമാണെന്നും പൊലിസ് വ്യക്തമാക്കി. എന്നാൽ, പ്രതിഷേധത്തിനായി പൊലിസിന് മുൻകൂട്ടി ഇമെയിൽ വഴി അപേക്ഷ നൽകിയിരുന്നെങ്കിലും മറുപടി ലഭിച്ചിരുന്നില്ലെന്നാണ് സിജെപി പ്രവർത്തകരുടെ വാദം.
പ്രശസ്ത സംവിധായകൻ മൻസൂർ ഖാന്റെ മകളായ സെയ്ൻ മേരി ഖാൻ, സൂപ്പർതാരം ആമിർ ഖാന്റെയും നടൻ ഇമ്രാൻ ഖാന്റെയും കസിൻ കൂടിയാണ്. നടൻമാരായ ആമിർ ഖാന്റെ കുടുംബാംഗങ്ങൾ നേരിട്ട പൊലിസ് നടപടിയും സമരത്തിലെ വെളിപ്പെടുത്തലുകളും ബോളിവുഡ് സിനിമാ ലോകത്തും രാഷ്ട്രീയ രംഗത്തും വലിയ ചർച്ചയായിരിക്കുകയാണ്.
