ഷാർജ: അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ 200 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ബൗളറായി അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ. സിംബാബ്വെയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തിലാണ് റാഷിദ് ഈ അപൂർവ നേട്ടത്തിലെത്തിയത്. സിംബാബ്വെ വിക്കറ്റ് കീപ്പർ തദിവനാഷെ മരുമാനിയെ പുറത്താക്കിയതോടെയാണ് റാഷിദിന്റെ വിക്കറ്റ് നേട്ടം 200ൽ എത്തിയത്. 171 വിക്കറ്റുമായി ഇംഗ്ലണ്ട് താരം ആദിൽ റഷീദാണ് ഈ പട്ടികയിൽ രണ്ടാമത്.
മത്സരത്തിൽ 19 റൺസിന് അഫ്ഗാൻ വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 221 റൺസെടുത്തു. തുടക്കത്തിലെ തകർച്ചയ്ക്കുശേഷം അസ്മത്തുള്ള ഒമർസായിയുടെ തകർപ്പൻ സെഞ്ചുറിയാണ് ടീമിന് മികച്ച സ്കോർ സമ്മാനിച്ചത്. വെറും 50 പന്തിൽ 116 റൺസെടുത്ത ഒമർസായി അഞ്ച് ഫോറും 12 സിക്സും നേടി. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 38 റൺസെന്ന നിലയിൽ തകർന്ന അവരെ ഒമർസായിയും ഇജാസ് അഹമ്മദ് അഹമ്മദ്സായിയും ചേർന്നാണ് കരകയറ്റിയത്.
ഇജാസ് 27 പന്തിൽ 52 റൺസെടുത്തു. അഞ്ച് ഫോറും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്. ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ 59 പന്തിൽ 142 റൺസിന്റെ നിർണായക കൂട്ടുകെട്ടുണ്ടാക്കി. 180 റൺസിലെത്തിയപ്പോഴാണ് ഇജാസ് പുറത്തായത്. ഒമർസായി 19-ാം ഓവറിൽ 116 റൺസുമായി മടങ്ങി. അവസാന ഓവറുകളിൽ ക്യാപ്റ്റൻ റാഷിദ് ഖാനും വെടിക്കെട്ട് പ്രകടനം നടത്തി. വെറും ആറ് പന്തിൽ പുറത്താകാതെ 25 റൺസാണ് താരം നേടിയത്.
222 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ സിംബാബ്വെയ്ക്ക് 202 റൺസ് എടുക്കാനെ കഴിഞ്ഞൊള്ളു. 106 റൺസ് നേടിയ സിക്കന്ദർ റാസയാണ് അവരുടെ ടോപ് സ്കോറർ. അഫ്ഗാനായി അബ്ദുള്ള അഹമ്മദ്സായി രണ്ട് വിക്കറ്റ് നേടി.
