ഇസ്താംബൂളിൽ വെഡ്ഡിങ് ഫോട്ടോ ഷൂട്ടിനിടയിൽ വധുവിന് അപ്രതീക്ഷിത അനുഭവം. കനത്ത കാറ്റിൽ വധു പിടിച്ചിരുന്ന വലിയ ബലൂൺ ബൊക്കെ അവളെയും കൊണ്ട് പറന്നുയരാൻ നോക്കിയതാണ് ആശങ്ക പരത്തിയത്.
പ്രശസ്തമായ ബോസ്ഫറസ് കടലിടുക്കിന് സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോഴാണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഭംഗി കൂട്ടുന്നതിനായി ബീജ് നിറത്തിലുള്ള വലിയ കുറച്ചു ബലൂണുകൾ അവർ കയ്യിൽ കരുതിയിരുന്നു. എന്നാൽ ശക്തമായ കാറ്റ് വീശിയടിച്ചതോടെ ഈ ബലൂണുകൾ വധുവിനെ വലിച്ചിഴക്കാൻ തുടങ്ങി.
പെട്ടെന്നടിച്ച ശക്തമായ കാറ്റിൽ ബലൂണുകൾ വധുവിനെ കടൽഭിത്തിക്ക് സമീപത്തേക്ക് വലിച്ചിഴച്ചു. നിലത്തുനിന്ന് കാൽ വായുവിൽ ഉയർന്നുപോകുന്ന അവസ്ഥ വരെ എത്തിയിരുന്നു. വധു ഒരു കെട്ടിടത്തിലേക്ക് ഇടിച്ചു വീഴുന്നത് തടയാൻ ഫോട്ടോഗ്രാഫർ പെട്ടെന്ന് തന്നെ ഓടിയെത്തി അവളെ പിടിച്ചുനിർത്തുകയായിരുന്നു.
ആർക്കും പരിക്കുകളൊന്നും പറ്റിയില്ല. ചെറിയൊരു പരിഭ്രാന്തിക്ക് ശേഷം വധു ഫോട്ടോ ഷൂട്ട് പൂർത്തിയാക്കുകയും ചെയ്തു. കൗതുകകരമായ രീതിയിൽ തുടങ്ങിയ വെഡ്ഡിങ് ഫോട്ടോ ഷൂട്ട് ഒടുവിൽ വധുവിന് മറക്കാനാവാത്ത ഒരു അനുഭവം കൂടിയായി മാറുകയായിരുന്നു.
