കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ മന്ത്രി റോജി എം ജോണിനെ തടഞ്ഞ് പ്രതിഷേധിച്ച എസ്എഫ്ഐ നേതാക്കള്‍ക്ക് സസ്പെന്ഷന്. കോളജ് യൂണിയന് ചെയര്മാന്, വൈസ് ചെയര്‍പേഴ്സണ്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. ഇന്നു ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. സസ്പെന്ഷന് തീരുമാനത്തിനെതിരെ ക്യാംപസില്‍ എസ്എഫ്ഐ പ്രതിഷേധിച്ചു.
പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് നടപടി. കഴിഞ്ഞ വെള്ളിയാഴ്ച കോളജിൽ നടന്ന ബിരുദദാന ചടങ്ങിനിടെയായിരുന്നു മന്ത്രിക്കെതിരെ പ്രതിഷേധം നടന്നത്.
മന്ത്രി വേദിയിൽ സംസാരിക്കുന്നതിനിടെ നഫീസത്തുൽ മിസ്രിയ ആദ്യം വേദിയിലെത്തി ചോദ്യം ഉന്നയിക്കുകയും പിന്നാലെ ബാനറുമായി മറ്റ് പ്രവർത്തകർ വേദിയിലേക്ക് കയറുകയും ചെയ്തു. ഇതോടെ ചടങ്ങ് അലങ്കോലപ്പെട്ടു.
സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ നടപടി ആവശ്യപ്പെട്ട് കെഎസ്യു നേതാക്കൾ കോളജ് അധികൃതർക്ക് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കോളജ് നടപടി സ്വീകരിച്ചത്.
സസ്പെൻഷൻ നടപടി പ്രഖ്യാപിച്ചതിന് പിന്നാലെ മഹാരാജാസ് കോളജിൽ എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധം ആരംഭിച്ചു. പൊലിസ് ലാത്തിയുൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളുമായി സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
