ഹിമാചൽ പ്രദേശിലെ ഷിംലയ്ക്ക് സമീപമുള്ള ധാമി ഗ്രാമത്തിൽ ഏകദേശം 400 വർഷത്തോളം പഴക്കമുള്ള വിചിത്രമായ കല്ലേറ് ഉത്സവം (‘പത്ഥർ കാ ഖേൽ’) ആഘോഷിച്ചതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഇടംപിടിക്കുന്നത്. ദീപാവലിയുടെ പിറ്റേന്ന് നടക്കുന്ന ഈ പരമ്പരാഗത ആചാരം കാണാൻ വലിയ ജനക്കൂട്ടമാണ് ഗ്രാമത്തിൽ തടിച്ചുകൂടിയത്.
‘സ്റ്റോൺ-പെൽറ്റിംഗ് ഫെയർ’ എന്നും അറിയപ്പെടുന്ന ഈ ചടങ്ങിൽ, ഗ്രാമവാസികൾ രണ്ട് സംഘങ്ങളായി തിരിഞ്ഞ് പരസ്പരം കല്ലെറിയുകയാണ് ചെയ്യുന്നത്. പങ്കെടുക്കുന്നവരിൽ ആർക്കെങ്കിലും ചെറിയ പരിക്കേൽക്കുന്നത് വരെയാണ് ഈ കല്ലേറ് തുടരുന്നത്.
റോഡിലും സമീപത്തെ കുന്നിൻ ചെരിവിലുമായി ആളുകൾ പരസ്പരം കല്ലെറിയുന്നതും, കല്ലേറിൽ നിന്ന് രക്ഷപ്പെടാൻ ഓടുന്നതും കുനിഞ്ഞു നിൽക്കുന്നതും കാണാം. ഉയർന്ന പ്രദേശങ്ങളിൽ നിന്ന് നിരവധി ആളുകൾ ഈ കാഴ്ച കാണാനായി നിൽക്കുന്നുണ്ടായിരുന്നു.
കല്ലേറിൽ ഒരാൾക്ക് പരിക്കേറ്റാലുടൻ ആചാരം അവസാനിപ്പിക്കുകയും, പരിക്കേറ്റയാളുടെ ശരീരത്തിൽ നിന്നുള്ള ഏതാനും തുള്ളി രക്തം ശേഖരിച്ച് ഭദ്രകാളി ദേവിക്ക് സമർപ്പിക്കുകയും ചെയ്യും.
നൂറ്റാണ്ടുകൾക്ക് മുൻപ് ദേവിയെ പ്രീതിപ്പെടുത്തുന്നതിനായി നിലനിന്നിരുന്ന നരബലിക്ക് പകരമായാണ് ഈ ആചാരം ആരംഭിച്ചതെന്നാണ് വിശ്വാസം. രോഗങ്ങൾ, പ്രകൃതിക്ഷോഭങ്ങൾ, മറ്റ് ദുരിതങ്ങൾ എന്നിവയിൽ നിന്ന് ഗ്രാമത്തെ സംരക്ഷിക്കാൻ ദേവിയുടെ അനുഗ്രഹം തേടുന്നതിനായാണ് ഗ്രാമവാസികൾ ഈ ആചാരം ഇന്നും തുടരുന്നത്.
