ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരേ പ്രതിഷേധിക്കുന്ന യുട്യൂബര്‍ ധ്രുവ് റാഠിയുള്പ്പടെയുള്ളവരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ ഇസ്രയേല്‍ കമ്പനിയുടെ ചാര സോഫ്റ്റ്വേര്‍ കേന്ദ്രം വാങ്ങിയതായി റിപ്പോര്‍ട്ട്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) സ്പൈ സോഫ്റ്റ്വേര്‍ വാങ്ങാന്‍ അനുമതി നല്‍കിയതായി ഡിജിറ്റല്‍ അവകാശസംരക്ഷണ സംഘടനയായ ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന് (ഐഎഫ്എഫ്) സര്‍ക്കാര്‍ രേഖകള്‍ സഹിതം വെളിപ്പെടുത്തി.
മോദി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ മേക്ക് ഇന്‍ ഇന്ത്യയുടെ വ്യവസ്ഥകളില്‍ ഇളവു നല്‍കിയാണ് വിദേശകമ്പനിയായ സെല്ലെബ്രൈറ്റില്നിന്ന് ചാര സോഫ്റ്റ്വേര്‍ വാങ്ങാന്‍ കേന്ദ്രം 4,97,99,515 രൂപയുടെ കരാറിന് അനുമതി നല്‍കിയത്. സെല്ലെബ്രൈറ്റിന്റെ അത്യാധുനിക മൊബൈല്‍ ഫോണ്‍ അണ്‍ലോക്കിംഗ് സോഫ്റ്റ്വേറാണ് വാങ്ങിയിരിക്കുന്നത്.
സെര്‍ബിയ, ജോര്‍ദാന്‍, കെനിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ മാധ്യമപ്രവര്‍ത്തകരുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ഫോണുകളില്‍നിന്ന് വിവരങ്ങള്‍ ചോര്‍ത്താന്‍ ഈ സോഫ്റ്റ്വേര്‍ ഉപയോഗിച്ചതായി നേരത്തേ കണ്ടെത്തിയിരുന്നു.
നിയമത്തിലെ പഴുതുകളും കേന്ദ്രത്തിന് അനുകൂലമാണ്. പ്രതിഷേധക്കാരുടെ പിടിച്ചെടുത്ത ഫോണുകൾ സോഫ്റ്റ്വേര്‍ ഉപയോഗിച്ച് അതിവേഗത്തില്‍ പകര്‍ത്തി സംശയം തോന്നാതെ തിരിച്ചുനല്‍കാനും സാധിക്കും. ഇന്ത്യയില്‍ പൊലിസ് പിടിച്ചെടുക്കുന്ന മൊബൈല്‍ ഫോണുകള്‍ അണ്‍ലോക്ക് ചെയ്യുന്നതിനും അവയിലെ വിവരങ്ങള്‍ പകര്‍ത്തുന്നതിനും കൃത്യമായ നിയമമോ നടപടിക്രമമോ ഇല്ല.
ഏത് ഫോൺ ലോക്കും തകര്‍ക്കും ചാരന്
ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഫോണുകളുടെ പാസ്വേഡുകളും സുരക്ഷാ സംവിധാനങ്ങളും മറികടക്കാന്‍ സോഫ്റ്റ്വേറിനു കഴിയും. ഒരിക്കല്‍ കടന്നാല്‍ ആ ഫയല്‍ സിസ്റ്റം മുഴുവനായി പകര്‍ത്തി ആവശ്യമുള്ളിടത്ത് സൂക്ഷിക്കാനും സാധിക്കും.
മുമ്പും ചാര സോഫ്റ്റ്വേര്‍ സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും ഒക്ടോബര്‍ 10ന് ഡല്‍ഹിയിലെ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പ്രതിഷേധത്തിനെത്തിയ ധ്രുവ് റാഠിയെ പൊലിസ് കസ്റ്റഡിയിലെടുത്ത സംഭവത്തോടെയാണ് വിഷയത്തില്‍ കൂടുതല്‍ ആശങ്കയുയര്‍ന്നത്.
ഗുരുഗ്രാമിലെ വീട്ടില്‍നിന്ന് പൊലിസ് പിടിച്ചെടുത്ത റാഠിയുടെയും മാതാപിതാക്കളുടെയും ഫോണുകള്‍ ഈ സോഫ്റ്റ്വേര്‍ ഉപയോഗിച്ച് പകര്‍ത്താന്‍ ശ്രമിച്ചു.
താന്‍ കസ്റ്റഡിയിലിരിക്കെ മണിക്കൂറുകളോളം ഫോണ്‍ ചാര്‍ജ് ചെയ്തിരുന്നതായി ഫോണിലെ ബാറ്ററി ആപ്പുകളില്‍നിന്ന് വ്യക്തമായെന്നും ഇത് ചാര സോഫ്റ്റ്വേര്‍ ഇന്‍സ്റ്റാള്‍ ചെയ്ത കംപ്യൂട്ടറുമായി ബന്ധിപ്പിച്ചോ എന്ന സംശയത്തിനിടയാക്കിയെന്നും റാഠി പറഞ്ഞു.
ഒക്ടോബറില്‍ ഡല്‍ഹിയില്‍ നടന്ന സമരങ്ങള്‍ക്കിടെ നിരവധി പ്രതിഷേധക്കാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഫോണുകള്‍ പൊലിസ് പിടിച്ചെടുത്തിരുന്നു. സെല്ലെബ്രൈറ്റ് സോഫ്റ്റ്വേര്‍ ഡല്‍ഹി പൊലിസ് ഉപയോഗിക്കുന്നുണ്ടെന്ന് 2020 മുതല്‍ ആരോപണങ്ങളുണ്ട്.
കേരളവും വാങ്ങി
കേന്ദ്രസര്‍ക്കാരിനെ കൂടാതെ കേരളമുള്‍പ്പടെയുള്ള സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ സെല്ലെബ്രൈറ്റിന്റെ സോഫ്റ്റ്വേറുകള്‍ക്കായി 2026ല്‍ മാത്രം 11 ടെന്‍ഡറുകളിലൂടെ 15 ഇനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരിക്കുമ്പോഴാണ് ആഭ്യന്തര വകുപ്പ് സെല്ലെബ്രൈറ്റ് സോഫ്റ്റ്വേര്‍ ആദ്യമായി വാങ്ങിയതെന്നും 2026 ജൂലൈ 16ന് യുഡിഎഫ് സർക്കാരിന്റെ കാലത്ത് അത് സംബന്ധിച്ച കരാര്‍ പുതുക്കിയെന്നും ഐഎഫ്എഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരള ആഭ്യന്തര വകുപ്പ് ഈ സാങ്കേതികവിദ്യ വാങ്ങുന്നതിനായി ടെന്‍ഡര്‍ നല്കിയ സര്‍ക്കാര്‍ രേഖകളും പുറത്തുവന്നിട്ടുണ്ട്. എന്‍ഐഎ, കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്, സൈനിക കാര്യ വകുപ്പ്, കേരളം, കര്‍ണാടക, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ പൊലിസ്, ഫോറന്‍സിക് വകുപ്പുകള്‍ എന്നീ ഏജന്‍സികളാണ് സോഫ്റ്റ്വേറുകള് വാങ്ങിയത്.
