പമ്പ: ശബരിമല ഡ്യൂട്ടിയിൽ നിന്ന് മദ്യപാനികളും പ്രശ്നക്കാരുമായ പൊലീസുകാരെ ഒഴിവാക്കണമെന്ന ഉത്തരവുമായ ദക്ഷിണ മേഖല ഐജി പി.പ്രകാശ്. ജില്ലാ പൊലിസ് മേധാവിമാർക്കും യൂണിറ്റ് മേധാവിമാർക്കും നിർദേശം നൽകിയത്. നിലയ്ക്കലില്‍ കഴിഞ്ഞ ദിവസമുണ്ടായ പൊലിസുകാരന്റെ പെരുമാറ്റം അംഗീകരിക്കാനാവില്ല. പൊലിസിന് കളങ്കം വരുത്തുന്നവരെ ഡ്യൂട്ടിക്കായി അയക്കാതിരിക്കാന്‍ എസ്പിമാര് ശ്രദ്ധിക്കണമെന്നും ഐജി പറഞ്ഞു.
കഴിഞ്ഞ ദിവസം നിലയ്ക്കലിലുണ്ടായ പൊലിസ് അതിക്രമത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ശബരിമലയിലേക്ക് അയ്യപ്പഭക്തരുമായി വന്ന വാഹനത്തിന്റെ ഡ്രൈവർ പ്രശാന്തിനെ എഎസ്ഐ ജിജോ മർദിച്ചത് ഏറെ വിവാദമായിരുന്നു.
പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജിജോയെ ദക്ഷിണ മേഖലാ ഐജി പി. പ്രകാശ് സസ്പെൻഡും ചെയ്തിരുന്നു. സംഭവം പൊലിസ് സേനയ്ക്കാകെ കളങ്കമുണ്ടാക്കിയെന്നാണ് കണ്ടെത്തൽ.
ഇതിൻ്റെ പശ്ചാത്തലത്തിലാണ് ശബരിമല ഡ്യൂട്ടിക്ക് മദ്യപാനികളോ പ്രശ്നക്കാരോ ആയ ഉദ്യോഗസ്ഥരെ നിയോഗിക്കരുതെന്ന് ദക്ഷിണ മേഖലാ ഐജി ഉത്തരവിറക്കിയത്. ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും ജില്ലാ പൊലിസ് മേധാവിമാർക്കും യൂണിറ്റ് മേധാവിമാർക്കും കമാൻണ്ടൻ്റുമാർക്കും അയച്ച ഉത്തരവിൽ വ്യക്തമാക്കുന്നു.
അച്ചടക്കമുള്ളവരും മദ്യപിക്കാത്തവരും പ്രശ്നക്കാരുമല്ലാത്ത ഉദ്യോഗസ്ഥരെ മാത്രമേ ശബരിമല ഡ്യൂട്ടിക്കായി നിയോഗിക്കാവൂ. മാത്രമല്ല എഎസ്ഐ ജിജോയുടെ പെരുമാറ്റം ഗൗരവത്തിലുള്ളതാണെന്നും ഉത്തരവിൽ പറയുന്നുണ്ട്. ശബരിമലയിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് തീരുമാനം.
