നടക്കാൻ കഴിയില്ലെന്ന് കരുതി ജീവിതത്തിൽ നിന്ന് മാറ്റിനിർത്തപ്പെട്ട ഒരു കുഞ്ഞാട്… ജന്മനാ ശാരീരിക വൈകല്യങ്ങളുള്ള കുഞ്ഞനാട് ഇന്ന് സ്വന്തം മോട്ടോർ വീൽചെയർ നിയന്ത്രിച്ച് ആത്മവിശ്വാസത്തോടെ ചുറ്റിനടക്കുകയാണ്! സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരമായിരിക്കുന്നത് കിക്കി എന്ന ഈ ആട്ടിൻ കുട്ടി.❤️
വൈകല്യങ്ങളോടെ ജനിച്ച കിക്കിയുടെ ജീവിതം മാറ്റിമറിച്ചത് ഒരു മൃഗസംരക്ഷണ കേന്ദ്രത്തിലെ സുമനസുകളാണ്. കാലുകൾ ചലിപ്പിക്കാൻ കഴിയാത്ത അവസ്ഥയിൽ ജനിച്ച കിക്കിയെ അമ്മ പോലും ഉപേക്ഷിച്ചതോടെ അവളുടെ ജീവിതം പ്രതിസന്ധിയിലായി. വെറും 11 ദിവസം പ്രായമുള്ളപ്പോഴാണ് അമേരിക്കയിലെ ഡാർട്ട്മൗത്തിലുള്ള ഒരു മൃഗസംരക്ഷണ കേന്ദ്രം കിക്കിയെ ഏറ്റെടുത്തത്.
കാലുകൾ ചലിക്കാൻ കഴിയാതിരുന്നെങ്കിലും കളിപ്പാട്ടങ്ങളോടും ചുറ്റുപാടുകളോടും അവൾക്ക് വലിയ താൽപര്യമുണ്ടായിരുന്നു. തല ഉപയോഗിച്ച് കളിപ്പാട്ടങ്ങൾ പ്രവർത്തിപ്പിക്കാൻ പോലും കിക്കി പഠിച്ചു.
എന്തുകൊണ്ട് കിക്കിക്കായി പ്രത്യേക മോട്ടോർ വീൽചെയർ നിർമിച്ചുകൂടാ എന്ന് ഇത് ശ്രദ്ധിച്ച സംരക്ഷകർക്ക് തോന്നി. അങ്ങനെ കിക്കിക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത മോട്ടോർ വീൽചെയർ തയാറാക്കി. അതിശയിപ്പിക്കുന്ന കാര്യം എന്താണെന്നോ? വെറും ഒരു മണിക്കൂറിനുള്ളിൽ തന്നെ വീൽചെയർ നിയന്ത്രിക്കാനും ചുറ്റുപാടുകളിലൂടെ സഞ്ചരിക്കാനും കിക്കി പഠിച്ചുവെന്നാണ് റിപ്പോർട്ടുകൾ!
ഇപ്പോൾ സ്വന്തം വീൽചെയർ നിയന്ത്രിച്ച് ആത്മവിശ്വാസത്തോടെ സഞ്ചരിക്കുന്ന കിക്കിയുടെ വീഡിയോയാണ് ഇന്റർനെറ്റിൽ തരംഗമാകുന്നത്.
