മുക്കം: കഴിഞ്ഞദിവസം മുക്കത്തുനിന്നു പിടിയിലായ കഞ്ചാവ് കടത്തു കേസിലെ പ്രതികളെ റിമാന്‍ഡ് ചെയ്തു. നാലു കിലോഗ്രാം കഞ്ചാവുമായി രണ്ട് മണ്ണാര്‍കാട് സ്വദേശികളാണ് പോലീസിന്റെ പിടിയിലായത്. ഇവര്‍ക്ക് ചന്ദനക്കടത്തുമാഫിയയുമായി ബന്ധമുളളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊടുവള്ളിയില്‍ വെച്ചു പിടിയിലായ ചന്ദന കടത്തു സംഘത്തിലെ മൂന്ന് പ്രതികളും മണ്ണാര്‍കാട് സ്വദേശികളാണ്. പെരളകുന്നേല് ഫൈസല്‍ (45) പൂളമണ്ണില്‍ സാദിഖ് (33) എന്നിവരാണ് ചൊവ്വാഴ്ച പുലര്‍ച്ചെ കഞ്ചാവ് കടത്തുന്നതിനിടെ പിസി ജംഗ്ഷനില്‍ വച്ച് സിഐ പ്രേംജിത്ത്, അഡീഷണല്‍ എസ്ഐ പ്രവീണ്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുളള സംഘത്തിന്റെ പിടിയിലായത്.
വാഹനപരിശോധനയ്ക്കിടെയാണ് ഇവര്‍ പിടിയിലായത്. ഇവരുടെ കെഎല്‍ 53 വി 25 നമ്പര്‍ മാരുതി കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മലയോര മേഖലയില്‍ ഒരു മാസത്തിനിടെ 30 കിലോ കഞ്ചാവാണ് പോലിസ് പിടികൂടിയത്. ഇതില്‍ ഏഴു പ്രതികളേയും കസ്റ്റഡിയിലെടുത്തു. പ്രതികളില്‍നിന്ന് ആറോളം ആഡംബര വാഹനങ്ങളും പിടികൂടിയിട്ടുണ്ട്. മലയോര മേഖലയില്‍ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘത്തിന്റെ പ്രവര്‍ത്തനം സജീവമാണ്. കഞ്ചാവ് മാഫിയക്കെതിരെ ഡിവൈഎസ്പിമാരായ ശ്രീകുമാര്‍, ജെയ്സണ്‍ കെ അബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.