മുംബൈ: വരാനിരിക്കുന്ന കേന്ദ്രബജറ്റില്‍ ക്ഷീണം സംഭവിക്കാവുന്ന ഓഹരികള്‍ വിറ്റഴിക്കാന്‍ നിക്ഷേപകര്‍ മത്സരിക്കുന്നതിനാല്‍ കമ്പോളങ്ങള്‍ തുടര്‍ച്ചയായ തകര്‍ച്ചയില്‍. സെന്‍സെക്സ് ഇന്നലെ 112.93 പോയിന്റ് താഴ്ന്ന് 22,976ലും നിഫ്റ്റി 48.10 പോയിന്റ് താഴ്ന്ന് 6,970.60ലും വ്യാപാരം അവസാനിപ്പിച്ചു. 23,000ലുള്ള താങ്ങ് സെന്‍സെക്സും 7,000ലുള്ള താങ്ങ് നിഫ്റ്റിയും തകര്‍ത്തു.
കമ്പോളങ്ങളുടെ തുടര്‍ച്ചയായ തകര്‍ച്ച പിടിച്ചു നിര്‍ത്താന്‍ റെയില്‍വേ ബജറ്റിനു കഴിഞ്ഞില്ല. ആഗോള മാര്‍ക്കറ്റുകളും തളര്‍ച്ചയിലാണ്. ഫോറെക്സ് മാര്‍ക്കറ്റില്‍ രൂപയ്ക്ക് വന്‍ തകര്‍ച്ച. ഡോളറിനെതിരേ രൂപയുടെ വിനിമയനിരക്ക് 15 പൈസ താഴ്ന്ന് 68.72 രൂപയായി.ബാങ്കുകളും ഇറക്കുമതിക്കാരും വന്‍തോതില്‍ ഡോളര്‍ വാങ്ങിക്കൂട്ടിയതാണ് രൂപയുടെ മൂല്യം ഇടിച്ചത്. ഇന്നലെ രൂപയുടെ വിനിമയനിരക്ക് 68.50 രൂപ വരെ കയറുകയും 68.74 രൂപ വരെ താഴുകയും ചെയ്തിരുന്നു.