കാനയില്‍ നിന്നു മാലിന്യങ്ങള്‍ കോരി റോഡരികില്‍ നിക്ഷേപിക്കുന്നു; കാല്‍നട- വാഹനയാത്രികര്‍ ബുദ്ധിമുട്ടില്‍

ALP-WASTEആലപ്പുഴ: കാനയില്‍ നിന്ന് മാലിന്യങ്ങള്‍ കോരി റോഡരികില്‍ നിക്ഷേപിച്ചത് കാല്‍നടയാത്രക്കാരെയും വാഹനയാത്രക്കാരെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുന്നു. കാനകള്‍ മാലിന്യങ്ങള്‍ നീക്കി വെള്ളം ഒഴുകിപ്പോകുന്നതിന് സജ്ജമാക്കുന്നതിന് വേണ്ടി കോരി റോഡരികില്‍ നിക്ഷേപിച്ച മാലിന്യങ്ങള്‍ നീക്കം ചെയ്യാത്തതാണ് പൊതുജനങ്ങളെ വലയ്ക്കുന്നത്. വേനല്‍ക്കാലമായതോടെ നഗരത്തിലെ കാനകളിലെ മാലിന്യങ്ങള്‍ അധികൃതര്‍ നീക്കം ചെയ്തുവരുകയാണ്.

ഇതിന്റെ ഭാഗമായി പലയിടങ്ങളിലും കാനകള്‍ അടയുന്ന തരത്തില്‍ അടിഞ്ഞുകൂടിയ മണ്ണും പ്ലാസ്റ്റിക് മാലിന്യങ്ങളുമടക്കമുള്ളവ നീക്കം ചെയ്തിരുന്നു.  കാനകളില്‍ നിന്നും മാറ്റുന്ന ഇവ സമീപത്തെ റോഡരുകിലാണ് കൂട്ടിയിരുന്നത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇവ നീക്കം ചെയ്യാത്തത് കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ബുദ്ധിമുട്ടായിരിക്കുകയാണ്.

വലിയ വാഹനങ്ങള്‍ വരുമ്പോള്‍ റോഡരുകിലേക്ക് കാല്‍നടയാത്രക്കാര്‍ക്ക് മാറിനില്ക്കാന്‍ മാലിന്യ നിക്ഷേപം മൂലം സാധിക്കാത്ത അവസ്ഥയാണ്. അതുപോലെതന്നെ മറ്റ് വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുന്നതിനായി റോഡരുകിലേക്ക് വാഹനങ്ങളിറക്കാനും ഇതുമൂലം കഴിയുന്നില്ലെന്നും ആക്ഷേപമുണ്ട്. അടിയന്തരമായി ഇത്തരത്തില്‍ റോഡരുകില്‍ നിക്ഷേപിച്ചിട്ടുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.

Related posts