ആലപ്പുഴ : മാനസീകാസ്വസ്ഥ്യമുള്ള ഭര്‍ത്താവിനെ അശ്ലീല ചിത്രങ്ങള്‍ കാട്ടി പ്രലോഭിപ്പിച്ച ശേഷം ഭാര്യയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്താന്‍ സുഹൃത്ത് ആവശ്യപ്പെട്ടു. കാര്യത്തിന്റെ ഗൗരവം തിരിച്ചറിയാന്‍ കഴിവില്ലാത്ത ഭര്‍ത്താവ് വീട്ടിലെത്തി ഭാര്യയുടെ നഗ്നചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തി സുഹൃത്തിനു നല്‍കുകയും ചെയ്തു. കാര്യങ്ങള്‍ തന്റെ വഴിയ്ക്കായെന്നു കണ്ട സുഹൃത്ത് പിന്നീട് ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി കൂട്ടുകാരന്റെ ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ പീഡനശ്രമം മനസിലാക്കി കുതറിയോടിയ ഭിന്നശേഷിക്കാരിയായ ഭാര്യ നാട്ടുകാരെ ആംഗ്യഭാഷയില്‍ കാര്യങ്ങള്‍ ധരിപ്പിച്ചു. ഇതേത്തുടര്‍ന്ന് യുവാവ് പിടിയിലാവുകയായിരുന്നു.
ആലപ്പുഴയുടെ അതിര്‍ത്തി പ്രദേശമായ പൂച്ചാക്കലിലായിരുന്നു സംഭവം. ഭര്‍ത്താവ് വീട്ടിലില്ലായിരുന്ന സമയത്താണ് ഇയാളുടെ സുഹൃത്തെന്നു പറഞ്ഞ് പാണാവള്ളി വടക്ക് സ്വദേശി റഹിം വീട്ടിലെത്തിയത്. കുശലം ചോദിച്ച ശേഷം റഹിം തന്റെ ഫോണിലുണ്ടായിരുന്ന യുവതിയുടെ അശ്ലീല ചിത്രങ്ങള്‍ കാട്ടി. ഇതുകണ്ട് ഞെട്ടിപ്പോയ യുവതി ഇറങ്ങിയോടാന്‍ ശ്രമിച്ചെങ്കിലും റഹിം ഇവരെ കടന്നുപിടിച്ചു. എന്നാല്‍ കുതറിയോടിയ യുവതി വീടിനുവെളിയിലെത്തി നാട്ടുകാരെ വിളിച്ചുകൂട്ടുകയായിരുന്നു.
നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസെത്തി ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരമാണ് മാനസികാസ്യാസ്ഥ്യം അനുഭവിക്കുന്ന ഭര്‍ത്താവുമായി ഇയാള്‍ സൗഹൃദം സ്ഥാപിക്കുന്നത്. ഇരുവരും ഭിന്നശേഷിക്കാരായതിനാല്‍ പീഡനവിവരം പുറം ലോകം അറിയില്ലെന്ന ധാരണയാണ് പ്രതിയെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചത്. എന്നാല്‍ ഇയാളുടെ കണക്കുകൂട്ടല്‍ യുവതി തെറ്റിക്കുകയായിരുന്നു. യുവതിയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ പീഡിപ്പിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് പോലീസ് പറയുന്നത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവാണ് പോലീസില്‍ പരാതി നല്‍കിയത്.
മാനസിക വെല്ലുവിളി നേരിടുന്നതിനാല്‍ ചേര്‍ത്തലയിലെ സ്പെഷല്‍ സ്കൂളിലെ അദ്ധ്യാപകരുടെ സഹായത്തോടെയാണ് വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തിയത്. മാനഭംഗം,ഐടി ആക്ട് തുടങ്ങിയ വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്.മാവേലിക്കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.