തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭക്ക് 50,50,89,436 രൂപ വരവും, 42,39,28,760 രൂപ ചെലവും, 8,11,60,676 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് ചെയര്മാന് വല്‍സല പ്രഭാകരന് അവതരിപ്പിച്ചു. നിരവധി പുതിയ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നഗരസഭാ സാംസ്കാരിക സമുച്ചയം, ഓപ്പണ്‍എയര്‍ തിയേറ്റര്‍, നഗര ഉദ്യാനം, വ്യാപാരസമുച്ചയം, വ്യവസായ എസ്റ്റേറ്റ്, ബസ്സ്റ്റാന്‍ഡ്, ടാക്സിസ്റ്റാന്‍ഡ്, മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ് പ്ലാസ, വണ്ടിത്താവളം എന്നിവയ്ക്ക് സ്ഥലം ഏറ്റെടുക്കാന്‍ അഞ്ചുകോടി രൂപ വകയിരുത്തി.
തൃച്ചംബരം-പൂക്കോത്ത്നട, കോര്‍ട്ട്റോഡ്-നഗരസഭാ ഓഫീസ്, ടാഗോര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍-സര് സയ്യിദ് കോളജ് റോഡ്, രാജരാജേശ്വരം-സയ്യിദ്നഗര്‍ റോഡ് എന്നിവ മെക്കാഡം ടാറിങ്ങ് നടത്തുന്നതിന് മൂന്നുകോടി രൂപ മാറ്റി വച്ചു. മറ്റ് പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്; കാക്കാത്തോട് ബസ്സ്റ്റാന്‍ഡ് മലയോര ബസ്സ്റ്റാന്‍ഡാക്കി മാറ്റുന്നതിന് 50 ലക്ഷം, ഉറവിട മാലിന്യ സംസ്കരണത്തിന് 50 ലക്ഷം, താലൂക്ക് ആശുപത്രിയില്‍ ബയോഗ്യാസ് പ്ലാന്റിന് 50 ലക്ഷം, ട്രീറ്റ്മെന്റ് പ്ലാന്റിന് 15 ലക്ഷം, ആധുനിക അറവുശാല-60 ലക്ഷം, ഗ്യാസ് ക്രിമിറ്റോറിയം-50 ലക്ഷം, കാക്കാത്തോട് നവീകരണം-50 ലക്ഷം, കൂവോട് ആയുര്‍വേദാശുപത്രി നവീകരണം-അഞ്ചുലക്ഷം, ഉപകരണങ്ങള്‍ വാങ്ങുന്നതിന് ഒരുലക്ഷം, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് അഞ്ചുലക്ഷം, ദേശീയപാതയില്‍ ചിറവക്ക് മുതല്‍ പൂക്കോത്ത് നടവരെ തെരുവ് വിളക്ക് സ്ഥാപിക്കാന്‍ 50 ലക്ഷം, പ്രധാന കേന്ദ്രങ്ങളില്‍ ഹൈമാസ്റ്റ്-മിനിമാസ്റ്റ് ലാമ്പുകള്‍ സ്ഥാപിക്കാന്‍ 20 ലക്ഷം, പുതിയ ടൗണ്‍ഹാളിന് അഞ്ചുകോടി, തെരുവ് വിളക്കുകള്‍ എല്‍ഇഡിയാക്കി മാറ്റാന്‍ 25 ലക്ഷം, പുഷ്പഗിരിയില്‍ കുട്ടികളുടെ പാര്‍ക്ക് സ്ഥാപിക്കാന്‍ 25 ലക്ഷം, ബസ്സ്റ്റാന്‍ഡ് കവാടത്തില്‍ ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കാന്‍ 10 ലക്ഷം.
ബഡ്സ് സ്ക്കൂള്, നഗരറോഡുകളില്‍ ദിശാബോര്‍ഡുകള്‍, അധ്യാപക സംഗമം, കരിയര്‍ ഗൈഡന്‍സ്, എക്സിബിഷന്, തൊഴില്‍ പരിശീലനം എന്നീ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് പറയുന്നുണ്ടെങ്കിലും തുക വകയിരുത്തിയിട്ടില്ല. തളിപ്പറമ്പിലെ പൊതുസമൂഹത്തിന്റെ മനസ് കൃത്യമായി മനസിലാക്കിക്കൊണ്ടുള്ളതാണ് ബജറ്റെന്ന് വികസനകാര്യ സ്ഥിരം സമിതി ചെയര്മാന് പി.മുഹമ്മദ് ഇഖ്ബാല്‍ പറഞ്ഞു. തികച്ചും നിരാശാജനകമാണ് ബജറ്റെന്ന് പ്രതിപക്ഷ നേതാവ് കെ.മുരളീധരന് പറഞ്ഞു. പ്രതിപക്ഷത്തിന്റെ വിയോജിപ്പോടെയാണ് ബജറ്റ് അംഗീകരിച്ചത്. ചെയര്മാന് അള്ളാംകുളം മഹമ്മൂദ് അധ്യക്ഷത വഹിച്ചു.