അപകടങ്ങളുടെ കുന്തമുന; റോഡിനു നടുവില്‍ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡു കളിലെ മുളങ്കമ്പുകള്‍ അപകട കെണിയാകുന്നു

KTM-MULAകോട്ടയം: ബേക്കര്‍ ജംഗ്ഷനിലെ റോഡിനു നടുവില്‍ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകള്‍ അപകട കെണിയാകുന്നു. ഡിവൈഡറുകളില്‍ കെട്ടിവെച്ചിരിക്കുന്ന മുളങ്കമ്പുകളിലാണ് അപകടം പതിയിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും നടത്തുന്ന പരിപാടികളുടെ കൊടി തോരണങ്ങള്‍ മുളങ്കമ്പുകളില്‍ ബാരിക്കേഡുകളില്‍ നാട്ടിയശേഷമാണു സ്ഥാപിക്കുന്നത്. പരിപാടികള്‍ കഴിയുന്നതോടെ കൊടികള്‍ അഴിച്ചു മാറ്റുകയും ചെയ്യും. എന്നാല്‍ ബാരിക്കേഡുകളില്‍ സ്ഥാപിച്ചിരിക്കുന്ന മുളങ്കമ്പുകള്‍ എടുത്തു മാറ്റുകയുമില്ല. ഇതാണു വാഹനയാത്രക്കാര്‍ക്കു അപകടമുണ്ടാക്കുന്നത്.

ഇത്തരത്തില്‍ കോട്ടയം ബേക്കര്‍ ജംഗ്ഷനില്‍ ബാരിക്കേഡുകളില്‍ സ്ഥാപിച്ചിരിക്കുന്ന മുളങ്കമ്പുകൊണ്ടു ബൈക്കു യാത്രക്കാരനു പരിക്കേറ്റിരുന്നു. ബാരിക്കേഡുകളില്‍ കെട്ടിവച്ചിരിക്കുന്ന മുളങ്കമ്പുകള്‍ റോഡിന്റെ ഇരുവശങ്ങളിലേക്കും തെന്നിമറിഞ്ഞാണു നില്കുന്നത്. മിക്കപ്പോഴും ബാരിക്കേഡുകളോടു ചേര്‍ന്നു വരുന്ന ബൈക്കുയാത്രക്കാരുടെ ദേഹത്ത് മുളങ്കമ്പു കൊണ്ടു പരിക്കേല്കുകയാണു ചെയ്യുന്നത്. സമാനമായ രീതിയില്‍ ചേര്‍ന്നു വരുന്ന മറ്റുവാഹനങ്ങളുടെ പെയിന്റു പോകുന്നതും പതിവു സംഭവമാണ്.

മിക്കപ്പോഴും ബേക്കര്‍ ജംഗ്ഷനിലെ ട്രാഫിക് സിഗ്നല്‍ സ്ഥിതി ചെയ്യുന്ന സ്ഥലം മുതല്‍ ശീമാട്ടി റൗണ്ടാന വരെയുള്ള ഭാഗത്ത് കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇത്തരത്തില്‍ കുരുക്കുണ്ടാകുന്ന സ്ഥലങ്ങളില്‍ തന്നെയാണു മുളങ്കമ്പുകള്‍ റോഡിലേക്കു ചെരിഞ്ഞു നില്കുന്നതും. ബൈക്ക് യാത്രക്കാര്‍ക്കു പുറമെ ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുന്നവര്‍ക്കും മുളങ്കമ്പുകള്‍ കൊണ്ടു പരിക്കേല്കാന്‍ സാധ്യതയുണ്ട്.

ചിലസമയങ്ങളില്‍ റോഡു മുറിച്ചു കടക്കുന്ന കാല്‍നടയാത്രക്കാര്‍ ക്ക് മുളങ്കമ്പുകള്‍ ബുദ്ധിമുട്ടു സൃഷ്ടിക്കുന്നുണ്ട്. അപകടസാധ്യയുണ്ടാക്കുന്ന രീതിയില്‍ റോഡിലേക്കു തള്ളിനില്കുന്ന മുളങ്കമ്പുകള്‍ അധികൃതര്‍ ഇടപെട്ടു നീക്കം ചെയ്യണമെന്നു യാത്രക്കാര്‍ ആവശ്യപ്പെട്ടു.

Related posts