കൊണ്ടോട്ടി: ഹജ്ജ് ക്വാട്ട 20 ശതമാനം കുറച്ചതിനെ തുടര്‍ന്ന് ഇന്ത്യക്ക് നാലുവര്‍ഷമായി നഷ്ടപ്പെട്ടത് 1,34,000 ഹജ് സീറ്റുകള്‍. പരിശുദ്ധമക്കയില്‍ വികസന പ്രവര്‍ത്തികള്‍ തുടങ്ങി 2013 മുതലാണ് ഹജ് ക്വാട്ടയില്‍ 20 ശതമാനം കുറവ് വരുത്തി തുടങ്ങിയത്. നേരത്തെ 1,70,000 മായിരുന്നു ഹജ് ക്വാട്ട. എന്നാല്‍ ഈ വര്‍ഷം ഉള്‍പ്പടെ 1,36,0020 സീറ്റുകളാണ് ഇന്ത്യക്ക് ലഭിക്കുന്നത്. ഓരോ വര്‍ഷവും 34,000 ഹജ്ജ് സീറ്റുകളുടെ കുറവാണുളളത്. 1,70,000 സീറ്റുകള്‍ ലഭിച്ചിരുന്ന കാലത്ത് 1,36,000 സീറ്റുകളും സംസ്ഥാനങ്ങള്‍ക്കാണ് വീതിക്കാറുളളത്. ശേഷിക്കുന്നതാണ് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് നല്‍കാറുളളത്. രാജ്യത്തെ മൂന്ന് ലക്ഷത്തോളം ഹജ് അപേക്ഷകരില്‍ ഒരു ലക്ഷം പേര്‍ക്കാണ് ഇത്തവണയും ഹജ്ജ് കര്മ്മത്തിന് അവസരം ഒരുങ്ങുക.
കേരളത്തില്‍ ഇത്തവണ ഹജ്ജ് അപേക്ഷകരുടെ എണ്ണം 76364 ആണ്. ഇവരില്‍ 70 വയസിന് മുകളില്‍ പ്രായമുളളവര്‍ 1626 പേരാണുളളത്. തുടര്‍ച്ചയായ അഞ്ചാം വര്ഷക്കാര് 8317 പേരും. നാലാം വര്‍ഷക്കാരായി 9787 പേരും പൊതു വിഭാഗത്തില്‍ 56634 പേരുമാണ് അപേക്ഷകരായുളളത്. കഴിഞ്ഞ വര്‍ഷം ഗുജറാത്തില്‍ നിന്നുളള അഞ്ചാം വര്‍ഷക്കാര്‍ക്ക് നേരിട്ട് അവസരം നല്‍കിയിരുന്നു. ഇതിനു പിറകെയാണ് കേരളത്തേയും മഹാരാഷ്ട്രയേയും ഇത്തരത്തില്‍ ഈ വര്‍ഷം പരിഗണിക്കുന്നത്.മക്കയിലെ വികസന പ്രവര്‍ത്തികള്‍ ഈ വര്‍ഷത്തോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.
ഹജ്ജിന് തുടര്‍ച്ചയായി അഞ്ചാം വര്‍ഷം അപേക്ഷിക്കുന്ന മുഴുവന്‍ അപേക്ഷകരേയും നറുക്കെടുപ്പ് കൂടാതെ തെരഞ്ഞെടുക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്മാന് കോട്ടുമല ടി.എം.ബാപ്പു മുസ്്ലിയാര്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിയോട് ആവശ്യപ്പെട്ടു.