കൊച്ചി: സിനിമാ പരിപാടികളും അനുബന്ധ വിവരങ്ങളും സൗജന്യ ആപ്പിലൂടെ ലഭ്യമാക്കുന്ന മൊബൈല്‍ ടിവിയായ മൂവിസ്ഥാന്‍ ടിവി ഏപ്രില്‍ 14ന് പ്രവര്‍ത്തനമാരംഭിക്കും. തുടക്കത്തില്‍ മലയാളം സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്തകളുള്‍പ്പെടെയുള്ള പരിപാടികളാണു മൂവിസ്ഥാന്‍ ടിവിയിലൂടെ ലഭ്യമാക്കുകയെന്നു പ്രൊമോട്ടര്‍മാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യയിലെ ആദ്യ മൊബൈല്‍ ടിവിയാണിതെന്നു മൂവിസ്ഥാന്‍ ടിവിയുടെ പ്രൊമോട്ടറായ ഒ.എം. വെഞ്ച്വേഴ്‌സ് സ്ഥാപകനും സിഇഒയുമായ രാംമോഹന്‍ നായര്‍ പറഞ്ഞു. വൈകാതെ ബോളിവുഡ്, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലേക്കും വ്യാപിപ്പിക്കും.
ഷൂട്ടിംഗ് ലൊക്കേഷനുകളില്‍നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്തകള്‍, റിപ്പോര്‍ട്ടുകള്‍, സിനിമാ ട്രെയ്‌ലറുകള്‍, പാട്ടുകള്‍, പുതിയ റിലീസുകള്‍ തുടങ്ങി സിനിമാരംഗത്തെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ ഈ ആപ്പില്‍ ലഭ്യമാകും. ഷോര്‍ട്ട്ഫിലിമുകള്‍ റിലീസ് ചെയ്യാനും അവസരമുണ്ടാകും. സിനിമയുമായി ബന്ധപ്പെട്ട അധികമാരുമറിയാത്ത വസ്തുതകള്‍ വിലയിരുത്തലുകള്‍ക്കും അവലോകനങ്ങള്‍ക്കുമൊപ്പം ലൈവായും വീഡിയോ-ഓണ്‍-ഡിമാന്‍ഡായും ലഭ്യമാക്കുമെന്നും രാംമോഹന്‍ നായര്‍ പറഞ്ഞു.
മൂവിസ്ഥാന്‍ ടിവിയുടെ ലോഞ്ചിംഗിനു മുന്നോടിയായി ഷോര്‍ട്ട്ഫിലിം മത്സരം സംഘടിപ്പിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മൂന്ന് മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള ഷോര്‍ട്ട്ഫിലിമുകള്‍ ംംം.ാീ്ശലേെമമി്േ.രീാ എന്ന വെബ്‌സൈറ്റില്‍ ഏപ്രില്‍ അഞ്ചു വരെ അപ്‌ലോഡ് ചെയ്യാം. മൂവിസ്ഥാന്‍ ടിവിയുടെ ബീറ്റാ വെര്‍ഷന്‍ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ (വെര്‍ഷന്‍ 4+) നിലവില്‍ ലഭ്യമാണ്. വൈകാതെ ഐഒഎസിലും വിന്‍ഡോസിലും ലഭ്യമാകും. സംവിധായകന്‍ സിബി മലയില്‍ മൂവിസ്ഥാന്‍ ടിവിയുടെ ലോഗോ പ്രകാശനം ചെയ്തു.