വര്‍ഗീസ് എം. കൊച്ചുപറമ്പില്‍
ചവറ: പെണ്ണിന്റെ തന്മയത്വത്തോടെയുള്ള പുരുഷാംഗനമാരുടെ ചമയവിളക്കു ഭക്തിനിര്‍ഭരമായി. ചവറ കൊറ്റന്‍കുളങ്ങര ദേവീക്ഷേത്രത്തില്‍ ആണ് സ്ത്രീ വേഷധാരികളായി പുരുഷന്മാര് ദേവീ പ്രീതി നേടാന്‍ എത്തിയത്. അഭീഷ്ട കാര്യ സിദ്ധിക്കായ് വ്രതാനുഷ്ഠാനത്തോടെ പ്രായഭേദമന്യേ നൂറ് കണക്കിന് ഭക്തരാണ് ചമയവിളക്കെടുത്തത്. ഇന്നലെ സന്ധ്യ മുതലേ പുരുഷാംഗനമാര്‍ വിളക്കുമായി ക്ഷേത്രത്തിലേക്ക് എത്തിക്കൊണ്ടിരുന്നു. ഉച്ചമുതല്‍ തന്നെ ക്ഷേത്ര പരിസരവും സമീപത്തെ ഭവനങ്ങളും മേക്കപ്പ് മുറികളായി മാറി. കേരളത്തനിമയുള്ള വസ്ത്രങ്ങളും സാരിയും ബ്ലൗസും, മിഡിയും ടോപ്പും, സല്‍വാര്‍ കമ്മീസ് തുടങ്ങിയ പല വേഷത്തിലായിരുന്നു പുരുഷാംഗനമാര്‍ എത്തിയത്.
ആടയാഭരണങ്ങളണിഞ്ഞ് മുടിക്കെട്ടില്‍ പൂ ചൂടി വേഷപ്പകര്‍ച്ചയോടെ എത്തിയ പുരുഷാംഗനമാരെ കണ്ട് യഥാര്‍ഥ നാരിമാരില്‍ അത്ഭുതവും അസൂയയും ഉളവാക്കുന്നത് കാണാമായിരുന്നു. സംസ്ഥാനത്തിന്റെ അകത്തും പുറത്തും നിന്നും എത്തിയവരെ സ്ത്രീവേഷം ധരിപ്പിക്കാന്‍ മേക്കപ്പ് സംഘങ്ങളും നിരവധി ഉണ്ടായിരുന്നു. ചിലരെ അമ്മമാരും സഹോദരിമാരും ഭാര്യമാരും ഒരുക്കിയാണ് ചമയവിളക്കെടുപ്പിന് എത്തിച്ചത്. രാത്രി ഒമ്പതരയായപ്പോള്‍ ക്ഷേത്രവും പരിസരവും വീഥികളും പുരുഷാംഗനമാരെ കൊണ്ട് നിറഞ്ഞു.
ക്ഷേത്രത്തിലെ ഐതീഹ്യവുമായി ബന്ധപ്പെട്ട് നടക്കുന്ന ആചാരമാണ് പുരുഷന്മാരുടെ സ്ത്രീവേഷം ചമഞ്ഞുള്ള ചമയവിളക്കെടുപ്പ്. ക്ഷേത്രത്തില്‍ എത്തി ദേവിയെ വണങ്ങിയ പുരുഷാംഗനമാര്‍ കിഴക്ക് കുഞ്ഞാലുമൂട് മുതല്‍ ക്ഷേത്രത്തിലെ ആറാട്ടുകടവ് വരെ നിരനിരയായി നിന്നാണ് ദേവീ കാരുണ്യത്തിനായി ചമയവിളക്കെടുക്കുന്നത്. രാത്രി രണ്ടിനാണ് ചമയവിളക്കെടുപ്പ് ആരംഭിച്ചത്.ഇന്നലെ വൈകുന്നേരം പുതുക്കാട്, കുളങ്ങര ഭാഗം, കോട്ടയ്ക്കകം, ചവറ എന്നീ നാല് കരക്കാരുടെ നേതൃത്വത്തില്‍ വാദ്യഘോഷങ്ങളുടെയും ഗജവീരന്മാരുടെയും വണ്ടിക്കുതിരകളുടെയും നിശ്ചല ദൃശ്യങ്ങളുടെയും അകമ്പടിയോടെ കെട്ടുകാഴ്ചകള്‍ കടത്താറ്റ് വയലിലേക്ക് പോയി ചുറ്റിയ ശേഷം തിരികെ ക്ഷേത്രത്തിലെത്തി. തുടര്‍ന്ന് ദീപാരാധന, കമ്പം, സേവ എന്നിവ നടക്കും. ഇന്നും ഇതേ ചടങ്ങുകള്‍ നടക്കും. ഇന്ന് രാത്രി 10 ന് സംഗീത സദസ്,12 ന് ശ്രീഭൂത ബലി, പുലര്‍ച്ചെ 2.30 ന് ചമയവിളക്ക്, അഞ്ചിന് ആറാട്ട്.