പരവൂർ: സാധാരണക്കാരായ യാത്രക്കാർക്ക് താങ്ങാനാവുന്ന നിരക്കിൽ കൂടുതൽ യാത്രാസൗകര്യങ്ങൾ ഒരുക്കുന്നതിനായി 17,000 പുതിയ ജനറൽ, സ്ലീപ്പർ കോച്ചുകൾ നിർമിക്കാൻ ഇന്ത്യൻ റെയിൽവേ തീരുമാനിച്ചു.ദിനംപ്രതിയുള്ള യാത്രക്കാർക്കും ദീർഘദൂര സഞ്ചാരികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് നോൺ-എസി കോച്ചുകളുടെ ശേഷി വർധിപ്പിക്കുന്നത്.
ഇന്ത്യൻ റെയിൽവേയുടെ ആകെ കോച്ചുകളിൽ 70 ശതമാനവും നിലവിൽ നോൺ-എസി വിഭാഗത്തിൽപെട്ടവയാണ്. ആകെ ലഭ്യമായ 89,000 കോച്ചുകളിൽ 62,000 എണ്ണവും സാധാരണക്കാർ ആശ്രയിക്കുന്ന ജനറൽ, സ്ലീപ്പർ ക്ലാസുകളുടേതാണ്. വരും വർഷങ്ങളിൽ കൂടുതൽ സർവീസുകൾ ആരംഭിച്ച് ട്രെയിനുകളിലെ കടുത്ത തിരക്ക് പൂർണമായും പരിഹരിക്കാനാണ് റെയിൽ മന്ത്രാലയം പദ്ധതിയിടുന്നത്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ദീർഘദൂര ട്രെയിനുകളിൽ ജനറൽ കോച്ചുകളുടെ എണ്ണം റെയിൽവേ ക്രമേണ വർധിപ്പിച്ചു വരികയാണ്. ഇതിന്റെ ഭാഗമായി താഴ്ന്ന-ഇടത്തരം വരുമാനക്കാർക്കായി സർവീസ് നടത്തുന്ന പൂർണമായും എസി ഇല്ലാത്ത അമൃത് ഭാരത് എക്സ്പ്രസുകളുടെ എണ്ണവും ഉയർത്തിയിട്ടുണ്ട്. നിലവിൽ രാജ്യത്തുടനീളം 36 ജോഡി അമൃത് ഭാരത് ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്.
സിസിടിവി കാമറകൾ, ടൈപ്പ്-എ, ടൈപ്പ്-സി ചാർജിംഗ് പോർട്ടുകൾ, ആധുനിക ടോയ്ലറ്റുകൾ, അടിയന്തര ആശയവിനിമയ സംവിധാനങ്ങൾ എന്നിവ ഈ കോച്ചുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയതായി പ്രഖ്യാപിച്ച 17,000 കോച്ചുകൾ നിർമാണം പൂർത്തിയാകുന്ന മുറയ്ക്ക് ഘട്ടം ഘട്ടമായി വിവിധ റൂട്ടുകളിൽ സർവീസുകൾക്കായി വിന്യസിക്കും. നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കി സാധാരണക്കാരുടെ യാത്രാക്ലേശം പരിഹരിക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം.
