മട്ടന്നൂര്‍: വീടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്ന യുവതിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മരുമകനെയും അയല്‍വാസിയേയും മട്ടന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പെരിഞ്ചേരി തെളുപ്പിലെ പരേതനായ പ്രദീപന്റെ ഭാര്യ പി. അനിതയെ കൊലപ്പെടുത്തിയ കേസിലാണ് അനിതയുടെ മരുമകന് മുണ്ടയാംപറമ്പിലെ പ്രവീണ്‍ (30), പ്രവീണിന്റെ അമ്മയുടെ അനിയത്തിയുടെ മകനും അനിതയുടെ അയല്‍വാസിയുമായ ഉണ്ണി എന്ന സജീവന് എന്നിവരെ മട്ടന്നൂര്‍ സിഐ ഷജു ജോസഫ്, എസ്ഐ എം.പി. ബിനീഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച പുലര്‍ച്ചെ പ്രതികള്‍ അനിതയുടെ വീട്ടിലെത്തുകയും കത്തിയുമായി വീടിനുള്ളില്‍ കടന്ന പ്രവീണ്‍ അനിതയുടെ കഴുത്തില്കുത്തുകയുമായിരുന്നു. സംഭവസമയത്ത് ഉണ്ണി എന്ന സജീവന് വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്നു. കൊലപാതകത്തിനുശേഷം സമീപത്തെ തോട്ടിലിറങ്ങി കൈകാലുകള്‍ കഴുകിയ ശേഷം മൂര്ഖന്പറമ്പിലുള്ള കുറ്റിക്കാടിനുള്ളില്‍ ഇരുവരും ഒളിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
അനിതയുടെ മകളായ ബവിഷയുടെ ഭര്‍ത്താവാണ് പ്രവീണ്‍. ബവിഷയും പ്രവീണും ഒരുവര്‍ഷത്തോളമായി അകന്നുകഴിയുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പോലീസ് കണ്ടെത്തിയിരിക്കുന്നത്. സംഭവസമയത്ത് മക്കളായ ബവിഷയും ബവിതയും വീട്ടിലുണ്ടായിരുന്നു. ഇവരുടെ മൊഴി പ്രകാരമാണ് പ്രതികളുടെ അറസ്റ്റ്. അറസ്റ്റിലായവരെ ഇന്നു വൈകുന്നേരം മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ ചോദ്യംചെയ്യുന്നതിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.