ഗാനരചന, ആലാപനം: അസിസ്റ്റന്റ് കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍! ഗാനം പുറത്തിറക്കിയിരിക്കുന്നത് തെരഞ്ഞെടുപ്പു ബോധവത്കരണ പരിപാടിയായ സ്വീപ്പിന്റെ തീം സോംഗ് ആയി

Dviyaകോട്ടയം: തെരഞ്ഞെടുപ്പിനായി പാട്ടൊരുക്കി, പാട്ടുപാടി അസിസ്റ്റന്റ് കളക്ടര്‍. തെരഞ്ഞെടുപ്പു ബോധവത്കരണ പരിപാടിയായ സ്വീപ്പിന്റെ തീം സോംഗ് ആയാണ് രണ്ടു മിനിറ്റു ദൈര്‍ഘ്യമുള്ള ഗാനം പുറത്തിറക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പു ജോലികള്‍ക്കു ചുക്കാന്‍ പിടിക്കുന്ന അസിസ്റ്റന്റ് കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഈ തിരക്കിനിടയിലാണു ഗാനമെഴുതാനും പാടാനും സമയം കണെ്ടത്തിയത്. യുവ സംഗീതസംവിധായകനായ കോട്ടയം ജയദേവനാണു വരികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഡോ. ദിവ്യ എസ്. അയ്യരും കോട്ടയ്ക്കല്‍ അനില്‍കുമാറും ചേര്‍ന്നാണു ഗാനമെഴുതിയത്. മനസിലെ വര്‍ണങ്ങള്‍ക്കു നിറമേകാന്‍ നിമിഷം എന്നു തുടങ്ങുന്ന പാട്ട് ഡോ. ദിവ്യതന്നെ ശ്രുതിമധുരമായി ആലപിക്കുകയും ചെയ്തു.

നാല്പതോളം സിനിമകളില്‍ സൗണ്ട് മിക്‌സിംഗ് രംഗത്തു പ്രവര്‍ത്തിച്ച ജയദേവന്‍ കോട്ടയം കോടിമതയില്‍ സൗണ്ട് സ്റ്റുഡിയോയും നടത്തുന്നുണ്ട്. അടുത്തിടെ ചിട്ടപ്പെടുത്തിയ കാരിത്താസ് ആശുപത്രിയുടെ പ്രാര്‍ഥനാഗീതം പാടിയത് കെ.എസ്. ചിത്രയായിരുന്നു. മറ്റൊരു ഭക്തിഗാനത്തില്‍ ശ്വേതയും പാടിയിട്ടുണ്ട്. വ്യാപാരികളുടെ പരസ്യവും മറ്റും ചെയ്യുന്ന ജയദേവനും ഡോ. ദിവ്യയും ചേര്‍ന്നു മൂന്നു ദിവസംകൊണ്ടാണു ഗാനം ചിട്ടപ്പെടുത്തി റിക്കാര്‍ഡ് ചെയ്തത്. പ്രസ് ക്ലബ്ബില്‍ ഗായിക വൈക്കം വിജയലക്ഷ്മിക്ക് ഗാനത്തിന്റെ സിഡി നല്കി തെരഞ്ഞെടുപ്പ് അവബോധ നിരീക്ഷക രഞ്ജന ദേവ് ശര്‍മ പ്രകാശനകര്‍മം നിര്‍വഹിച്ചു.

ജില്ലാ കളക്ടര്‍ സ്വാഗത് ഭണ്ഡാരി രണ്‍വീര്‍ ചന്ദ് അധ്യക്ഷതവഹിച്ചു. സ്വീപ്പ് ഐക്കണായി വൈക്കം വിജയലക്ഷ്മിയെ തെരഞ്ഞെടുപ്പുനിരീക്ഷക രഞ്ജന ദേവ് ശര്‍മ പ്രഖ്യാപിക്കുകയും ചെയ്തു. ഡപ്യൂട്ടി കളക്ടര്‍ ടി.വി. സുഭാഷ്, ദിവ്യ എസ്. അയ്യര്‍ എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ വൈക്കം വിജയലക്ഷ്മി ഗാനമാലപിച്ചു. സ്വീപ്പ് സോംഗ് ദിവ്യ എസ്. അയ്യരും ആലപിച്ചു.

Related posts