90 ഡെസിബലില്‍ കൂടിയ ശബ്ദതീവ്രത കേള്‍വിശക്തി ഇല്ലാതാക്കും

tvm-soundതൃശൂര്‍: തൃശൂര്‍പൂരം വെടിക്കെട്ടിന്റെ തീവ്രത സംബന്ധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടത്തിയ പരിശോധനയില്‍ 90 ഡെസിബെലില്‍ കൂടിയ ശബ്ദതീവ്രത കേള്‍വിശക്തി ഇല്ലാതാക്കുമെന്ന് പഠനം. കഴിഞ്ഞവര്‍ഷം വെടിക്കെട്ട് സമയത്ത് ജില്ലാ ജനറല്‍ ആശുപത്രിയില്‍ നടത്തിയ വിശദമായ ശബ്ദപഠനത്തിന്റെ റിപ്പോര്‍ട്ടും ഐഎംഎ തയാറാക്കിയിട്ടുണ്ട്. ജില്ലയില്‍ പല ആഘോഷങ്ങള്‍ക്കും ഉപയോഗിക്കുന്ന പടക്കങ്ങള്‍ 130 മുതല്‍ 150 വരെ ശബ്ദതീവ്രതയുള്ളതാണെന്നാണ് റിപ്പോര്‍ട്ട്.

രണ്ട് സൗണ്ട് ലെവല്‍ മീറ്റര്‍ ഉപയോഗിച്ചാണ് പഠനം നടത്തിയത്. സാധാരണ നിലയില്‍ 30 മുതല്‍ 60 ഡെസിബെല്‍ വരെയാണ് ചെവിക്ക് അനുവദനീയമായ ശബ്ദതീവ്രത. ശബ്ദത്തിന്റെ അളവ് 90 കടന്നാല്‍ മുതിര്‍ന്ന ആളുകളുടെ പോലും കേള്‍വിയെയും കര്‍ണപുടത്തെയും ശബ്ദതീവ്രത ബാധിക്കും. തീവ്രതയേറിയ വെടിക്കെട്ടിനു സമീപത്തു നില്‍ക്കുന്ന ഒരാള്‍ക്കു 150 ഡെസിബെല്‍ മുതല്‍ മുകളിലേക്കാണ് ശബ്ദതീവ്രത അനുഭവപ്പെടുക. തൃശൂര്‍പൂരം വെടിക്കെട്ടിന് 125 ഡെസിബെല്‍ വരെ ശബ്ദതീവ്രതയാണ് അനുവദനീയമായത്. രണ്ടു വിഭാഗങ്ങള്‍ 2000 കിലോഗ്രാം വീതം കരിമരുന്നാണ് വെടിക്കെട്ടിന് ഉപയോഗിക്കുന്നത്.

വെടിക്കെട്ടു നടത്തുമ്പോള്‍ നാലുമീറ്റര്‍ ചുറ്റളവില്‍ സൗണ്ട് ലെവല്‍ ഡെസിബെല്‍ മീറ്റര്‍ ഉപയോഗിച്ച് ശബ്ദതീവ്രത അളക്കണമെന്നാണ് 2008ലെ എക്‌സ്‌പ്ലോസീവ് റൂള്‍. സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് ഇതു നടപ്പാക്കേണ്ട ചുമതല. 2015 ജൂണില്‍ ഹരിത ട്രിബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ഈ ആവശ്യത്തിനായി പോലീസ് സ്റ്റേഷനുകളില്‍ ഡെസിബെല്‍ മീറ്ററുകള്‍ സ്ഥാപിച്ചിരിക്കണമെന്ന നിബന്ധനയുണ്ട്. ചെറിയ കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമേറിയവര്‍ എന്നിവരെ വെടിക്കെട്ടിന്റെ തീവ്രത കാര്യമായി ബാധിക്കുമെന്നും കേള്‍വിക്കുറവുള്ളവര്‍ യാതൊരു കാരണവശാലും വെടിക്കെട്ടു സ്ഥലത്തു പോകരുതെന്നും ഐഎംഎ മുന്നറിയിപ്പു നല്കുന്നു.

പൂരം വെടിക്കെട്ടിനുശേഷം തലവേദനയോ മറ്റു പ്രയാസങ്ങളോ അനുഭവപ്പെട്ടാല്‍ ഡോക്ടറെ സമീപിക്കണമെന്നാണ് ഐഎംഎ നിര്‍ദേശം. തലവേദന അനുഭവപ്പെടുന്നവര്‍ ജില്ലാ ആശുപത്രിയിലെത്തിയാല്‍ കേള്‍വിപരിശോധന കൂടി നടത്താനും സൗകര്യമൊരുക്കിയിട്ടുണ്ട്. പൂരം വെടിക്കെട്ടിന്റെ ശബ്ദതീവ്രത കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് ഐഎംഎയുടെ നിര്‍ദേശം.

Related posts