ആഹാ അന്തസ് ! തീരദേശ പരിപാലന അതോറിറ്റിയില്‍ നിയമവിദഗ്ധയായി എ.എ റഹിമിന്റെ ഭാര്യയെ നിയമിക്കാന്‍ നീക്കം; ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വെട്ടില്‍…

സിപിഎമ്മില്‍ വീണ്ടും ബന്ധുനിയമന വിവാദം പുകയുന്നു. കണ്ണൂര്‍ വിമാനത്താവളത്തിലടക്കം നിരവധി സ്ഥലങ്ങളില്‍ ബന്ധുക്കളെ തിരുകിക്കയറ്റിയതിനെത്തുടര്‍ന്നുണ്ടായ വിവാദം നിലനില്‍ക്കെത്തന്നെയാണ് തീരദേശ പരിപാലന അതോറിറ്റിയില്‍ പാര്‍ട്ടി നേതാവിന്റെ ഭാര്യയെ നിയമിക്കാന്‍ നീക്കം. ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എ.എ. റഹീമിന്റെ ഭാര്യ അമൃതയെ അതോറിറ്റിയില്‍ നിയമവിദഗ്ധയായി ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ശിപാര്‍ശ നല്‍കിയതാണു പുതിയ വിവാദത്തിനു തിരി കൊളുത്തിയത്.

സംസ്ഥാന തീരദേശ പരിപാലന അതോറിറ്റിയുടെ കാലാവധി മൂന്നുമാസം മുമ്പ് അവസാനിച്ചിരുന്നു അഞ്ചു വിദഗ്ധരും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ സെക്രട്ടറിമാരും ഉള്‍പ്പെട്ടതാണ് അതോറിറ്റി. ഭൗമശാസ്ത്രം, മത്സ്യസമ്പത്ത്, ജൈവവൈവിധ്യം, നിയമം എന്നീ മേഖലകളില്‍നിന്നുള്ള വിദഗ്ധരും പരിസ്ഥിതിമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പ്രതിനിധിയുമാണ് ഇങ്ങനെ നിയമിക്കപ്പെടുന്നത്. പേരുകള്‍ സംസ്ഥാന സര്‍ക്കാര്‍ ശിപാര്‍ശ ചെയ്യുകയും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുകയുമാണു വേണ്ടത്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ശിപാര്‍ശയിലാണു നിയമവിദഗ്ധയെന്ന നിലയില്‍ റഹീമിന്റെ ഭാര്യയുടെ പേര് നിര്‍ദേശിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസ് തയാറാക്കിയ പാനല്‍ പരിസ്ഥിതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കേന്ദ്ര സര്‍ക്കാരിനു കൈമാറി. ഓരോ തസ്തികയിലേക്കും മൂന്നു പേരുകള്‍ ശിപാര്‍ശ ചെയ്യുകയും അതില്‍നിന്ന് ഒരാളെ കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുക്കുകയും ചെയ്യുന്നുവെന്ന പതിവിന് വിപരീതമായാണ് ഇക്കുറി കാര്യങ്ങള്‍ നടന്നത്. എല്‍എല്‍.എം ബിരുദമുള്ള അമൃത ഒരു സ്വാശ്രയ കോളജിലെ അധ്യാപികയാണ്. അഭിഭാഷക എന്ന നിലയില്‍ മികവു തെളിയിച്ചയാളെയാണ് ഈ സ്ഥാനത്തേക്ക് നിയമിക്കേണ്ടതെന്നിരിക്കേ വേണ്ടത്ര പരിചയമില്ലാത്ത ഒരു വ്യക്തിയെ നിയമിച്ചതില്‍ അപാകതയുണ്ടെന്നാണ് ആക്ഷേപം. എന്നാല്‍ സംഭവത്തില്‍ താന്‍ ഇടപെട്ടിട്ടില്ലെന്നാണ് റഹിം പറയുന്നത്.

,

Related posts