അന്യഗ്രഹജീവികള്‍ കാവല്‍ നില്‍ക്കുന്ന ദുരൂഹ റഷ്യന്‍ ഗ്രാമം ! ഏലിയന്‍ പ്രേമികള്‍ ഈ ഗ്രാമത്തെ വിശേഷിപ്പിക്കുന്നത് ഇങ്ങനെ…

മനുഷ്യര്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള അനേകം നഗരങ്ങള്‍ ലോകത്തെമ്പാടുമുണ്ട്. എന്നാല്‍ അന്യഗ്രഹ ജീവി ഭൂമിയില്‍ ഒരു ഗ്രാമം നിര്‍മിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനാകുമോ ?

റഷ്യയിലെ മോലെബ്ക എന്ന ഗ്രാമത്തില്‍ ഒരു ഏലിയന്റെ പ്രതിമയുണ്ട്. ഈ ഗ്രാമം നിര്‍മിച്ച ആള്‍ ആ ഏലിയന്‍ ആണെന്നാണ് പലരും വിശ്വസിക്കുന്നത്.

പാരാനോര്‍മല്‍ സംഭവങ്ങളില്‍ വിശ്വസിക്കുന്നവരുടെ പ്രിയപ്പെട്ട ഇടമെന്നാണ് റഷ്യയിലെ ഈ ചെറുഗ്രാമം അറിയപ്പെടുന്നത്.

അത്രയേറെ തവണയാണ് ഇവിടെ ഏലിയനുകളെ കണ്ടതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.

ഗ്രാമത്തിന്റെ പേരിലെ ആദ്യാക്ഷരമെടുത്ത് ബര്‍മുഡ ട്രയാംഗിള്‍ പോലെ ‘എം ട്രയാംഗിള്‍’ എന്ന പേരും ഏലിയന്‍ പ്രേമികള്‍ പ്രദേശത്തിനു നല്‍കിയിട്ടുണ്ട്. ചിലര്‍ വിളിക്കുന്നതാകട്ടെ സോണ്‍എം എന്നും.

റഷ്യയിലെ പേം മേഖലയിലാണ് ഈ ഗ്രാം. അതിനാല്‍ത്തന്നെ പേം അബ്‌നോര്‍മല്‍ സോണ്‍ എന്നും പേരുണ്ട്. മോലെബ്ക ഗ്രാമത്തിന് ആ പേര് ലഭിച്ചതു പക്ഷേ ഒരുതരം കല്ലില്‍ നിന്നാണ്.

പണ്ടുകാലത്ത് ഗ്രാമത്തില്‍ ജീവിച്ചിരുന്ന മാന്‍സി വിഭാഗക്കാര്‍ ബലി നല്‍കാനും മറ്റുമായാണ് മോലെബ്നി സ്റ്റോണ്‍ എന്നറിയപ്പെട്ടിരുന്ന ഈ കല്ല് ഉപയോഗിച്ചിരുന്നത്.

മോലെബ്നി കല്ലിന്റെ പേര് പിന്നീട് ഗ്രാമത്തിനും ലഭിക്കുകയായിരുന്നു. 1980കളിലാണ് ഇവിടെ ആദ്യമായി ഏലിയനുകളെ കണ്ടതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരാന്‍ തുടങ്ങിയത്.

1983ലെ ഒരു മഞ്ഞുകാലത്ത് ജിയോളജിസ്റ്റ് എമില്‍ ബഷൂറിന്‍ ഇവിടെ വേട്ടക്കിറങ്ങിയതായിരുന്നു. അപ്പോഴാണ് ആകാശത്ത് വൃത്താകൃതിയില്‍ ഒരു വസ്തു തെന്നിത്തെന്നി പോകുന്നതായി കണ്ടെത്തിയത്.

അതെവിടെനിന്നാണു പറന്നുയര്‍ന്നതെന്നു കണ്ടെത്താന്‍ ഓടിയെത്തിയ എമിലിനെ കാത്തിരുന്നത് ഒരു അസാധാരണ കാഴ്ചയായിരുന്നു. മഞ്ഞില്‍ ഏകദേശം 63 മീറ്റര്‍ വ്യാസത്തില്‍ കൃത്യമായി വരച്ചതു പോലുള്ള വൃത്തങ്ങള്‍!

നേരത്തേ തന്നെ പ്രദേശത്ത് ഇത്തരം പറക്കും വസ്തുക്കളെ കണ്ടിരുന്നുവെന്ന് അവിടുത്തുകാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരമൊരു തെളിവ് കിട്ടും വരെ അധികമാരും വിശ്വസിച്ചിരുന്നില്ലെന്നു മാത്രം.

രാത്രിയില്‍ ഇടിമിന്നല്‍ പോലെ വൃത്താകൃതിയിലുള്ള വെളിച്ചവും പതിവാണെന്നാണു പറയപ്പെടുന്നത്. സില്‍വ നദിയ്ക്കു സമീപമാണ് ഈ ഗ്രാമം.

നദിയുടെ തീരത്ത് പലപ്പോഴും യതിക്ക് സമാനമായ കൂറ്റന്‍ മഞ്ഞുമനുഷ്യനെ കണ്ടെന്നു വരെ റിപ്പോര്‍ട്ടുകളുണ്ടായി. എന്തായാലും എമിലിന്റെ റിപ്പോര്‍ട്ടോടെ ഗ്രാമത്തിലേക്ക് ടൂറിസ്റ്റുകളുടെ ഒഴുക്കായി.

ഗ്രാമീണര്‍ക്കും സന്തോഷമായി. അങ്ങനെയാണ് അലെഷെന്‍ക എന്ന പേരില്‍ ഒരു അന്യഗ്രഹജീവിയുടെ പ്രതിമ അവര്‍ അവിടെ തയാറാക്കിയത്.

മരംകൊണ്ടുള്ള ഈ ഏലിയന് 180 സെന്റിമീറ്ററാണ് ഉയരം. മോലെബ്ക ഗ്രാമത്തിന്റെ പ്രവേശന കവാടത്തില്‍ത്തന്നെ ഒരു കാവല്‍ക്കാരനെപ്പോലെ നിന്ന് ടൂറിസ്റ്റുകളെ സ്വീകരിക്കുന്നത് ഈ പ്രതിമയാണ്.

ഇതിനു നേരെ നാണയങ്ങള്‍ വലിച്ചെറിയുന്ന രീതിയുമുണ്ട്. ചിലര്‍ പറയുന്നത്, അന്യഗ്രഹജീവികളോട് ഭൂമിയിലേക്ക് വരല്ലേ എന്ന അഭ്യര്‍ഥനയുമായാണ് ആ നാണയമെറിയല്‍ എന്നാണ്. എന്നാല്‍ മറ്റു ചിലര്‍ പറയുന്നത്, ഭൂമിയിലേക്ക് ഏലിയനുകളെ ആകര്‍ഷിക്കാനുള്ള തന്ത്രമാണെന്നും!

എന്തായാലും അന്യഗ്രഹജീവികളെക്കൊണ്ട് ഗ്രാമത്തിന് പിന്നെയും ഏറെ ഉപകാരമുണ്ടായി. യുഎഫ്ഒ കാഴ്ചകളും വസ്തുക്കളുമായി ഒരു മ്യൂസിയം നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.

കൂടാതെ പറക്കുംതളികയുടെ ആകൃതിയില്‍ ഒരു വാനനിരീക്ഷണ കേന്ദ്രവും. ഇപ്പോള്‍ത്തന്നെ പതിനായിരക്കണക്കിനു ടൂറിസ്റ്റുകളാണ് പ്രതിവര്‍ഷം ഈ ഗ്രാമത്തിലേക്കു വരുന്നത്.

അതോടൊപ്പം പുതിയ കാഴ്ചകള്‍ കൂടിയാകുന്നതോടെ മേഖല വന്‍ ടൂറിസം കേന്ദ്രമാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

എന്നാല്‍ ഈ കൂട്ടത്തോടെയുള്ള വരവ് ചില ബുദ്ധിമുട്ടുകളും സൃഷ്ടിക്കുന്നുണ്ട്. യുഎഫ്ഒ സംബന്ധിച്ച ഗൗരവമായ പഠനം സാധ്യമാകുന്നില്ല എന്നതാണ് അതിലൊന്ന്.

ഗ്രാമത്തിലെത്തുന്നവര്‍ പലരും കൃത്രിമമായി പലതരം വരകളും മറ്റും പാറകളിലും മരങ്ങളിലും മഞ്ഞിലുമെല്ലാം തീര്‍ക്കുന്നത് പതിവാണ്.

അതോടെ ഇവ അന്യഗ്രഹജീവികളുടെ വകയാണോ അതോ മനുഷ്യരുടെ കുസൃതിയാണോ എന്നു തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയുമായി. എന്തായാലും ഗ്രാമത്തിന്റെ ദുരൂഹത ഉടനെങ്ങും അവസാനിക്കാന്‍ വഴിയില്ല.

Related posts

Leave a Comment