ആംആദ്മി പൊട്ടിത്തെറിയിലേക്ക്, കേജരിവാള്‍ രണ്ടുകോടി രൂപ കൈപറ്റുന്നതിന് സാക്ഷിയെന്ന് പുറത്താക്കപ്പെട്ട മന്ത്രി, അഴിമതി വിവരങ്ങള്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൈമാറിയതായി കപില്‍ മിശ്ര

kejaiഡല്‍ഹി സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും ഗുരുതര ആരോപണങ്ങളുമായി മന്ത്രിസഭയില്‍നിന്നും പുറത്താക്കപ്പെട്ട കപില്‍ മിശ്ര രംഗത്ത്. മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ കോടികളുടെ അഴിമതി നടത്തിയതായി കപില്‍ മിശ്ര ആരോപിച്ചു. ഞായറാഴ്ച രാവിലെ രാജ്ഘട്ടില്‍ സന്ദര്‍ശനത്തിനെത്തിയ കപില്‍ മിശ്ര മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. കേജരിവാള്‍ ആരോഗ്യമന്ത്രി സത്യേന്ദ്ര ജയ്‌നില്‍നിന്നും രണ്ടു കോടി രൂപ വാങ്ങിയതായി മിശ്ര ആരോപിച്ചു. സത്യേന്ദ്ര ജയ്‌നില്‍നിന്നും പണം കേജരിവാള്‍ വാങ്ങുന്നതിന് താന്‍ സാക്ഷിയായിരുന്നു. എവിടെ നിന്നാണ് ഈ പണം എത്തിയതെന്നും സത്യേന്ദ്ര ജയ്ന്‍ ചോദിച്ചു. രാവിലെ ലഫ്. ഗവര്‍ണറെ കണ്ടതായും അദ്ദേഹത്തിന് അഴിമതി സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയതായും മിശ്ര പറഞ്ഞു.

ശനിയാഴ്ചയാണ് ജലവിഭവ വകുപ്പ് മന്ത്രി കപില്‍ മിശ്രയെ അരവിന്ദ് കേജരിവാള്‍ സര്‍ക്കാരില്‍നിന്ന് ഒഴിവാക്കിയത്. കൈലാഷ് ഗെലോട്ടിനെ ഉള്‍പ്പെടുത്തുന്നതിനു വേണ്ടിയാണ് കപില്‍ മിശ്രയെ സ്ഥാനത്തുനിന്നു നീക്കിയത്. ഗെലോട്ടിനെ കൂടാതെ, രാജേന്ദ്രപാല്‍ ഗൗതത്തിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2012ല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഷീലാദീക്ഷിത് അധ്യക്ഷയായ ഡല്‍ഹി ജല്‍ ബോര്‍ഡ് 385 സ്‌റ്റൈന്‍ ലെസ് സ്റ്റീല്‍ ടാങ്കറുകള്‍ വാങ്ങാന്‍ സ്വകാര്യ കമ്പനിയുമായി ഉണ്ടാക്കിയ കരാറിലാണ് 400 കോടി രൂപയുടെ അഴിമതി ആരോപിക്കുന്നത്. കഴിഞ്ഞ ജൂണില്‍ കേജരിവാള്‍ സര്‍ക്കാര്‍ നിയമിച്ച വസ്തുതാ പരിശോധനാ കമ്മിറ്റി കരാറില്‍ 400 കോടിയുടെ ക്രമക്കേട് കണ്ടെത്തുകയായിരുന്നു.

ശനിയാഴ്ച്ചയാണ് കപില്‍ മിശ്രയെ മന്ത്രിസഭയില്‍നിന്ന് കേജരിവാള്‍ പുറത്താക്കിയത്. കുമാര്‍ ബിശ്വാസിന്റെ അടുത്ത അനുയായിരുന്നു പുറത്താക്കപ്പെട്ട മിശ്ര. വ്യാജബില്ല് സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് മന്ത്രിയെ പുറത്താക്കിയതെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കിരുന്നു. എന്നാല്‍ ടാങ്കര്‍ അഴിമതിയില്‍ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മിശ്രയെ പുറത്താക്കിയതെന്നാണ് സൂചന.

Related posts