ദിലീപിനെ പുറത്തിറക്കാന്‍ രാംകുമാറിന് വിയര്‍പ്പൊഴുക്കേണ്ടി വരും, എതിര്‍പക്ഷത്ത് അണിനിരക്കുന്നത് വമ്പന്മാര്‍, സമര്‍ഥമായ നീക്കത്തിലൂടെ ദിലീപിനെ പൂട്ടാനുള്ള ശ്രമങ്ങള്‍ നടക്കുന്നത് ഇങ്ങനെ

ramkumar600നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ജാമ്യം കിട്ടുക ഭഗീരഥ പ്രയത്‌നമാവുമെന്ന് വിലയിരുത്തല്‍. കാരണം സാധാരണ കേസുകളില്‍ നിന്ന് വ്യത്യസ്ഥമായി നടിക്കുവേണ്ടി അണിനിരക്കുന്നത് സ്ത്രീപീഡന കേസുകളില്‍ പ്രതികള്‍ക്ക് ശിക്ഷനേടിക്കൊടുത്ത വമ്പന്മാരാണ് എന്നതാണ്. വ്യാഴാഴ്ച്ച കേസില്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടതോടെയാണ് സൂര്യനെല്ലി കേസിലടക്കം പ്രതികള്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിച്ച അഭിഭാഷക സാന്നിധ്യം ഈ കേസിലും ഉണ്ടാവുന്നത്. സ്ത്രീപീഡനകേസുകള്‍ കൈകാര്യം ചെയ്ത പ്രമുഖരാണ് അണിയറയില്‍ വാദി ഭാഗത്തിനായി നിലകൊള്ളുന്നത്.

എഡിജിപി അഡ്വ:സുരേഷ് ബാബു തോമസിന്റെ ഇടപെടലുകളും ഈ കേസില്‍ നിര്‍ണ്ണായകമാവുകയാണ്. കേസില്‍ ഹാജരാവുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ പിന്തുണ വളരെ വലുതാണ്. കഴിഞ്ഞ ദിവസം ക്രിമനോളജിസ്റ്റായ ഡോ : ജയിംസ് വടക്കന്‍ഞ്ചേരി പറഞ്ഞതും ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാവുകയാണ്. ഈ പീഡനക്കേസില്‍ പൊലീസ് ഇപ്പോള്‍ നടത്തുന്നത് ഡിഫന്‍സീസ് എന്‍ക്വയറി ആണെന്നുള്ളതാണ് അദ്ദേഹത്തിന്റെ നിലപാട് . ജാമ്യഹര്‍ജി വരുന്ന ഈ അവസരത്തില്‍ അതിനെ തടയുന്ന തെളിവുകള്‍ നിരത്തുകയാവും ഈ അന്വേഷണത്തിലൂടെ നടത്തുകയെന്നാണ് അദ്ദേഹം സമര്‍ത്ഥിക്കുന്നത്.

കോളിളക്കം സൃഷ്ടിച്ച സൂര്യനെല്ലി,പന്തളം തുടങ്ങിയ കേസുകളില്‍ പോലീസിനെ സഹായിച്ചത് ഈ അഭിഭാഷകരായിരുന്നു. കേസില്‍ അകപ്പെട്ടിരുന്ന പ്രധാനികള്‍ പലരും ജാമ്യഹര്‍ജി നല്‍കുമ്പോള്‍ അതിനെ മറികടക്കുന്നതിനുള്ള തെളിവുകള്‍ അന്ന് കൃത്യമായി കോടതിയില്‍ വന്നിരുന്നു. ഇതേ രീതി വ്യാഴാഴ്ച്ച ആവര്‍ത്തിച്ചാല്‍ ദിലീപിന്റെ ജാമ്യമോഹം പൊലിയും. പിന്നീട് മേല്‍ക്കോടതിയെ സമീപിക്കുകമാത്രമേ സാധ്യമുള്ളൂ.വിവാദമായ ഡല്‍ഹി പീഡന കേസിനു ശേഷം സുപ്രീം കോടതി സ്വീകരിച്ചിരിക്കുന്ന കര്‍ശനമായ നിലപാടുകളും ജാമ്യം നിഷേധിക്കപ്പെടുന്നതിന് കാരണമായേക്കും.

ദിലീപിന് ജാമ്യം നിഷേധിച്ചത് ഇത്തരക്കാര്‍ക്ക് ശക്തമായ സന്ദേശം നല്‍കാനാണെന്നാണ് കോടതി പറഞ്ഞത്.സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശവും ചൂണ്ടിക്കാട്ടിയാണ് ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.അങ്കമാലി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് പുറപ്പെടുവിച്ച ഉത്തരവില്‍ നാലു കാരണങ്ങളാണ് പ്രധാനമായി ചൂണ്ടിക്കാട്ടുന്നത്. ദിലീപിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വളരെ ഗുരുതരമാണെന്ന് രണ്ടു പേജുള്ള ഉത്തരവില്‍ പറയുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന ശക്തമായ സന്ദേശം സമാനമനസ്കരായവര്‍ക്ക് നല്‍കേണ്ടതുണ്ട്. ദിലീപിന് ജാമ്യം ലഭിച്ചാല്‍ കേസിലെ നിര്‍ണായകമായ തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ട്.അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും ദിലീപിന്റെ സാന്നിധ്യം ഉറപ്പാക്കേണ്ടതുള്ളതിനാലും ജാമ്യം അനുവദിക്കാനാവില്ലെന്ന് മജിസ്‌ട്രേറ്റ് ഉത്തരവില്‍ വ്യക്തമാക്കുന്നു. എന്തായാലും ദിലീപിനെ പുറത്തിറക്കാന്‍ അഡ്വ. രാംകുമാറിന് ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരുമെന്നു സാരം.

Related posts