ഒരു കോളജ് എൻഎസ്എസ് ക്യാമ്പിന്റെ പശ്ചാത്തലത്തിൽ പറയുന്ന പ്രണയ സിനിമയായ പ്രേംപാറ്റ ഒക്ടോബറിൽ റിലീസിനെത്തും. ചിത്രത്തിന്റെ റിലീസ് അനൗൺസ്മെന്റ് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിലെ നായകൻ ജോമോൻ ജ്യോതിറിന്റെ രസകരമായ ഒരു ലുക്ക് പുറത്തുവിട്ടാണ് സ്റ്റുഡിയോ ഔട്ട്സൈഡേഴ്സ് റിലീസ് പ്രഖ്യാപിച്ചത്.
കുളിക്കുന്നതിനിടയിൽ കുളിമുറിയിൽ നിന്ന് എത്തിനോക്കുന്ന ജോമോൻ… വേണ്ടപ്പെട്ട ആരെയോ കണ്ടതിന്റെ സന്തോഷം, ആവേശം ഒക്കെ നിറഞ്ഞ മുഖം.. പുറത്തിറങ്ങിയതു മുതൽ വലിയ തരംഗമാണ് സോഷ്യൽ മീഡിയയിൽ പോസ്റ്ററിന് ഉണ്ടായിരിക്കുന്നത്.
ആയിഷ, ഇഡി എന്നീ ചിത്രങ്ങൾക്ക് ശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന സിനിമയാണ് പ്രേംപാറ്റ. മലയാളി ആഘോഷിച്ച കഞ്ചാവ് പോലെയുള്ള പുസ്തകങ്ങളിലൂടെ വായനക്കാർക്ക് പരിചിതനായ ലിജീഷ് കുമാറാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.
വാഴ 2 വിന്റെ വലിയ വിജയത്തിന് ശേഷം യുവത്വത്തിന്റെ ഇഷ്ടതാരമായി ജോമോൻ മാറിയിട്ടുണ്ട്. ജോമോൻ ജ്യോതിറിനെ കൂടാതെ വലിയ ഒരു താരനിര തന്നെ പ്രേംപാറ്റയിലുണ്ട്. സൈജു കുറുപ്പ്, അനുശ്രീ, രാജേഷ് മാധവൻ, സിദ്ദിഖ്, സഞ്ജു ശിവറാം എന്നിവർക്കൊപ്പം ജുനൈസ്, സാഫ് ബോയ്, നയന എൽസ, ടിസ് തോമസ്, ഇന്നസെന്റ്, അശ്വിൻ വിജയൻ, സനേഷ് ഗിന്നസ് തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മലയാള സിനിമയിലെ ശ്രദ്ധേയ താരങ്ങൾക്കൊപ്പം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും സിനിമയുടെ ഭാഗമാകുന്നതാണ് മറ്റൊരു പ്രത്യേകത. സ്റ്റുഡിയോ ഔട്ട്സൈഡേഴ്സ് നിർമിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അങ്കിത് മേനോൻ ആണ്. പ്രേംപാറ്റയുടെ സഹനിർമ്മാതാവാവു കൂടിയാണ് അങ്കിത് മേനോൻ. വരികൾ- സുഹൈൽ എം. കോയ, മുത്തു, ഛായാഗ്രഹണം- രെണദിവെ, എഡിറ്റിംഗ്- ആകാശ് ജോസഫ് വർഗീസ്, സ്റ്റണ്ട് മാസ്റ്റർ-കലൈ കിംഗ്സൺ , പ്രൊഡക്ഷൻ ഡിസൈനർ- അനീസ് നാടോടി, കോസ്റ്റ്യൂം- സമീറ സനീഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഒമർ നവാസി, മേക്കപ്പ്- സുധി സുരേന്ദ്രൻ, നൃത്തസംവിധാനം- പ്രസന്ന മാസ്റ്റർ, സൗണ്ട് ഡിസൈനർ- വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ കൺട്രോളർ- അനീഷ് നന്ദിപുലവ്, ചീഫ് അസോസിയേറ്റ്- സുഹൈൽ എം, വിഎഫ്എക്സ്-മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, സ്പെഷൽ ഇഫക്റ്റ്സ്- ഗണേഷ് ഗംഗാധരൻ, സ്റ്റിൽസ്- സെറീൻ ബാബു, അമൽ സി സദർ, പബ്ലിസിറ്റി- മാഡിസം ഡിജിറ്റൽ. ഡിസൈൻസ്- യെല്ലോ ടൂത്ത്സ്. ഡിജിറ്റൽ മാർക്കറ്റിംഗ്- ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്സ്. സെൻട്രൽ പിക്ചേഴ്സ് ചിത്രം തിയറ്റുകളിൽ എത്തിക്കും. പിആർഒ- മഞ്ജു ഗോപിനാഥ്.
