ആലുവ: റെയിൽവേ സ്റ്റേഷന്റെ മേൽക്കൂരയിൽ കയറിയ ആൾ ആലുവ റെയിൽവേ സ്റ്റേഷനിൽ ഒരു മണിക്കൂറിലധികം പരിഭ്രാന്തി പരത്തി.
പശ്ചിമ ബംഗാൾ സ്വദേശിയായ കൈലാഷ് റായാണ് പരിഭ്രാന്തി പരത്തിയത്. ഇതേത്തുടർന്ന് ഒരു മണിക്കൂറോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഹൈടെൻഷൻ ലൈൻ ഓഫ് ചെയ്തതിനാൽ വൻ അപകടം ഒഴിവായി.
ഏറെ പണിപ്പെട്ടാണ് ആർ പിഎഫ് ഉദ്യോഗസ്ഥർ ഇയാളെ താഴെയിറക്കിയത്.ഇന്ന് രാവിലെ 6.15 ഓടെയാണ് ഒരാൾ റെയിൽവെ സ്റ്റേഷന്റെ മേൽക്കൂരക്ക് മുകളിലൂടെ നടക്കുന്നത് ആർപിഎഫ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പ്പെട്ടത്.
ഹൈ വോൾട്ടേജ് കടന്നു പോകുന്ന ലൈനിന് തൊട്ടടുത്ത് ആയതിനാൽ എത് നിമിഷവും വൈദ്യുതി പ്രവാഹമുണ്ടാകാവുന്ന സ്ഥിതിയിലായതിനാൽ ആർപിഎഫിന് ഇയാളുടെ സമീപത്തേക്ക് അടുക്കാനായില്ല.
ഉടൻ വൈദ്യുതി ബന്ധം വിഛേദിച്ചതിന് ശേഷമാണ് ഇയാളെ പിടികൂടാനായത്. അഗ്നി രക്ഷാ സേനയെത്തിയെങ്കിലും അവരും വൈദ്യുതി ലൈനിന് അടുത്തേക്ക് ഇറങ്ങാൻ തയാറായില്ല.
പിടികൂടാൻ ശ്രമിക്കുമ്പോൾ ഇയാൾ മേൽക്കൂരയിലൂടെ ഓടി.ഏകദേശം ഒരു മണിക്കൂറിന് ശേഷമാണ് ഇയാളെ താഴെയിറക്കിയത്. ഒരു മണിക്കൂറോളം ഇരു ദിശകളിലേക്കുമുള്ള ട്രെയിൻ ഗതാഗതവും തടസപ്പെട്ടു. പിടികൂടിയ യുവാവിന് എതിരേ റെയിൽവേ പോലീസ് കേസെടുത്തു.
