കുമരകം: കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന കുമരകം സ്വദേശിയായ യുവതിക്ക് മസ്തിഷ്കജ്വരം ബാധിച്ചതായി സ്ഥിരീകരിച്ചു. പനിയും ഛർദിയും തലവേദനയും മൂലമാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ഏറെ ദിവസങ്ങളിലെ ചികിത്സയ്ക്കു ശേഷവും രോഗം കുറഞ്ഞിരുന്നില്ല. തുടർന്നു നടത്തിയ വിദഗ്ധ പരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്.
മലിന ജലത്തിൽ നിന്നുമാണ് രോഗാണു തലച്ചോറിൽ പ്രവേശിച്ചതെന്നും ഉറവിടം കണ്ടെത്താനായിട്ടില്ലെന്നും കുമരകം ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു. രോഗി പാലിയേറ്റീവ് നഴ്സ് ആയതിനാൽ പല വീടുകളിലും യാത്ര ചെയ്തിട്ടുണ്ട്. ഉറവിടം കണ്ടെത്താൻ വ്യാപകമായ പരിശോധന നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് പരിധിയിൽ അമീബിക് മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു. ഏത് ജലസ്രോതസിൽനിന്നാണ് രോഗം ബാധിച്ചതെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
രോഗ ഉറവിടം കണ്ടെത്താൻ വീട്ടിലെ വാട്ടർ ടാങ്ക് ഉൾപ്പെടെയുള്ള സമീപ ജലസ്രോതസുകൾ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും രോഗബാധയ്ക്കു കാരണമായ അമീബയുടെ സാന്നിധ്യം കണ്ടെത്തിയില്ല.
എല്ലാ ജലസ്രോതസുകളിലും സൂപ്പർ ക്ലോറിനേഷൻ നടത്തണമെന്നും കെട്ടിക്കിടക്കുന്ന വെള്ളത്തിലിറങ്ങുന്നതും കുളിക്കുന്നതും മുഖം കഴുകുന്നതും ഒഴിവാക്കണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
ലക്ഷണങ്ങൾ
അണുബാധയുണ്ടായി ഒന്നുമുതൽ ഒമ്പതു ദിവസങ്ങൾക്കുള്ളിലാണ് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങുക. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദിൽ, മൂക്കടപ്പ്, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, രോഗം ഗുരുതരമാകുമ്പോൾ ഓർമക്കുറവ്, അപസ്മാരം, ബോധക്ഷയം എന്നിങ്ങനെയാണ് രോഗലക്ഷണങ്ങൾ. ഈ രോഗത്തിന് ഫലപ്രദമായ മരുന്നുകൾ ഇല്ല. മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരുകയും ഇല്ല .
