കാട്ടാക്കട: കേരളത്തിലെ വികസനമെന്ന പേരിൽ കേന്ദ്ര പദ്ധതികളുടെ പേര് മാറ്റുന്ന നെയിം ചേഞ്ച് സ്റ്റാർട്ട് അപ്പ് ആണ് പിണറായി വിജയൻ നടപ്പാക്കുന്നതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ അധികാരത്തിൽ വന്നാൽ തിരുവനന്തപുരം എഐ ഹബ്ബാകുമെന്നും അദ്ദേഹം പറഞ്ഞു.
കാട്ടാക്കട, അരുവിക്കര, നെയ്യാറ്റിൻകര,പാറശാല മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കാട്ടാക്കട ക്രിസ്ത്യൻ കോളജ് മൈതാനിയിൽ എത്തിയതായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി. സഹോദരങ്ങളായ കോൺഗ്രസ് നേതാക്കൾ മാറിമാറി കേരളത്തിൽ വന്നിട്ടും അവിടുത്തെ ജനങ്ങൾക്കോ കേരളത്തിനായോ ഒന്നും ചെയ്തില്ല എന്നും യുഡിഎഫ് ബിജെപിയെ എതിർക്കുമ്പോൾ അവരുടെ നേതാവായ ശശി തരൂർ പ്രധാനമന്ത്രിയെ പുകഴ്ത്തുകയാണെന്നും അമിത് ഷാ പറഞ്ഞു.
2009 മുതൽ കേരളത്തിൽ ബിജെപിയുടെ വോട്ട് വിഹിതം വർധിച്ചു വരികയാണ്. അങ്ങനെ കേരളത്തിൽ ആദ്യമായി ഒരു എംഎൽഎയും പിന്നീട് ഒരു എംപിയും ഇപ്പോൾ തിരുവനന്തപുരം ഭരിക്കുന്ന ഒരു മേയർ കൂടി ഉണ്ടായെന്നും ഇതിന്റെ തുടർച്ചയായി കേരളത്തിൽ ഒരു എൻഡിഎ മുഖ്യമന്ത്രി ഉണ്ടാകുമെന്നും അമിത് ഷാ പറഞ്ഞു.
കേരളത്തിൽ സാംസ്കാരികം, ആരോഗ്യം, വിദ്യാഭ്യാസം, ഐടി, ഡിഫൻസ്, കപ്പൽ നിർമാണം തുടങ്ങിയവയ്ക്കെല്ലാം വിവിധ ജില്ലകളിലായി ഹബ്ബുകൾ കൊണ്ട് വരുമെന്നും അമിത ഷാ കേരളത്തിന് ഉറപ്പ് നൽകി. രാജ്യത്ത് കോൺഗ്രസ് അവസാനിച്ചു. ആകെ കേരളത്തിൽ ഉണ്ടായിരുന്ന ഇടതുപക്ഷവും ഇനി ലോകത്ത് ഒരിടത്തും കാണില്ല. ഇനി എൻഡിഎയുടെ കാലമാണ് വരാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
