തൃശൂർ: മണ്ണുത്തി ഒല്ലൂക്കരയിൽ പ്രവർത്തിക്കുന്ന സത്യം ഐസ് ഫാക്ടറിയിൽ അമോണിയം വാതകം ചോർച്ച. ഒഴിവായത് വൻ ദുരന്തം. ഇന്നു രാവിലെ 8.45 ഓടെയായിരുന്നു സംഭവം. അമോണിയം പൈപ്പിന്റെ വാൽവിനുണ്ടായ തകരാറാണു ചോർച്ചയ്ക്ക് ഇടയാക്കിയത്. സംഭവ സമയം ക്ലീനിംഗ് സ്റ്റാഫുകൾ മാത്രമാണ് ഉണ്ടായിരുന്നത്.
വിവരം അറിഞ്ഞ് തൃശൂർ, പുതുക്കാട് എന്നിവിടങ്ങളിൽനിന്നായി മൂന്ന് യൂണിറ്റ് ഫയർഫോഴ്സെത്തി വെള്ളമടിച്ച് നിർവീര്യമാക്കി.25,000 ലിറ്റർ കപ്പാസിറ്റിയുള്ള ടാങ്കറിലാണ് അമോണിയം സംഭരിച്ചിരുന്നത്.
ഫാക്ടറിക്ക് ആവശ്യമായ സുരക്ഷാസംവിധാനങ്ങൾ ഇല്ലായെന്നു ജില്ലാ ഫയർ ഓഫീസർ ബി. വൈശാഖും കോർപറേഷൻ സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് കുമാറും അഭിപ്രായപ്പെട്ടു.ഫാക്ടറിയിൽ ഓഡിറ്റിംഗ് നടത്താൻ നിർദേശിക്കുമെന്നും തൃശൂർ ജില്ലാ ഫയർഫോഴ്സ് ഓഫീസർ ബി. വൈശാഖ് പറഞ്ഞു.
അമോണിയം ഉപയോഗിക്കുന്നത്
ഐസ് ഫാക്ടറികളിൽ ജലം മരവിപ്പിക്കാനാണ് ദ്രാവകരൂപത്തിലുള്ള അമോണിയ ഉപയോഗിക്കുന്നത്. ഹൈഡ്രജനും നൈട്രജനും ചേർന്ന സംയുക്തമാണിത് (എൻഎച്ച്3). രൂക്ഷ ഗന്ധവുമുണ്ടാകും.
ചോർച്ചയുണ്ടായാൽ അമോണിയ നിർവീര്യമാക്കാൻ വാട്ടർ സ്പ്രേ ഉപയോഗിക്കുകയാണു ചെയ്യുക. ആവശ്യമെങ്കിൽ സമീപവാസികളെ ഒഴിപ്പിക്കാറുമുണ്ട്. ഇതു ശ്വസിക്കുന്നതും കുടിവെള്ള സ്രോതസുകളിൽ ലയിക്കുന്നതും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. മരണത്തിനും ഇടയാക്കിയേക്കാം.
