തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ കേസിലെ പ്രതികൾക്കുൾപ്പടെ തുടർച്ചയായി പരോൾ അനുവദിക്കുന്നതിനെ ചൊല്ലി നിയമസഭയിൽ വാക്പോര്. ചട്ടം 50 പ്രകാരം, സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യാൻ പര്യാപ്തമായ അടിയന്തര പ്രാധാന്യമില്ലാത്തതിനാൽ പ്രസ്തുത നോട്ടീസ് പരിഗണിക്കാൻ നിർവാഹമില്ലെന്ന് സ്പീക്കർ അറിയിച്ചു.
ആവശ്യമാണെങ്കിൽ നോട്ടീസ് നൽകിയ അംഗത്തിന് സബ്മിഷനായി വിഷയം ഉന്നയിക്കാമെന്നും സ്പീക്കർ വ്യക്തമാക്കി. എന്നാൽ വലിയ ഗുരുതരമായ വിഷയമാണ് തന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
ചട്ടം ലംഘിച്ച്, നിയമം ലഘിച്ച് പരോൾ കൊടുത്ത ക്രിമിനലുകൾ തെരുവിലിറങ്ങി കലാപം നടത്തുകയും ക്രിമിനൽ കുറ്റങ്ങൾ ചെയ്യുകയും ചെയ്യുന്ന ഗുരുതരമായ വിഷയങ്ങളാണ് സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടത്. സർക്കാരിന് സൗകര്യമില്ലാത്ത കാര്യങ്ങൾ നിയമസഭയിൽ ചർച്ച ചെയ്യില്ലെന്നാണോയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
പോലീസിനെ സ്റ്റീൽ ബോംബെറിഞ്ഞിട്ട് കോടതി 20 വർഷം തടവിന് ശിക്ഷിച്ച ക്രിമിനലിനെ ഒരു മാസം തികയും മുമ്പ് രണ്ടും മൂന്നും പ്രാവശ്യം പരോൾ നൽകി അയാളെ തെരുവിലേക്ക് ഇറക്കിയിരക്കുകയാണ്. അതിന് അടിയന്തര പ്രാധാന്യമില്ലെങ്കിൽ പിന്നെ എന്തിനാണ് സഭ കൂടുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
അതേസമയം, തടവുകാർക്ക് പരോൾ അനുവദിക്കുന്നത് നിയമവും ചട്ടവും അനുസരിച്ചാണെന്ന് മന്ത്രി എം.ബി. രാജേഷ് മറുപടി നൽകി. അവസാനം പരോൾ അനുവദിച്ചത് 8-1-2026ലാണ്. അതിനുശേഷം നാലോ അഞ്ചോ ദിവസം സഭ ചേർന്നു. ഇത്രെയും അടിയന്തര പ്രാധാന്യമുള്ളതാണെങ്കിൽ ജനുവരി 22-ാം തീയതി നോട്ടീസ് നൽകാമായിരുന്നു.
അന്ന് നോട്ടീസ് പോലും നൽകിയിട്ടില്ല. ഇപ്പോൾ വിഷയ ദാരിദ്രം കൊണ്ടാണ് പ്രതിപക്ഷം ഇത് ഉയർത്തിക്കൊണ്ടുവരുന്നത്. അവർ വിഷയം സബ്മിഷനായി ഉന്നയിക്കുന്നത് കൊണ്ട് സർക്കാരിന് വിരോധമില്ല. അടിയന്തര പ്രാധാന്യമുള്ള വിഷയമുള്ള കാര്യമാണിതെന്ന് നേരത്തെ തോന്നിയിരുന്നുവെങ്കിൽ 22ന് നോട്ടീസ് നൽകാമായിരുന്നു. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ചീറ്റിംഗ് കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിക്ക് ഇളവ് കൊടുത്തെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: ടി.പി. വധക്കേസ് ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസിലെ പ്രതികള്‍ക്ക് ചട്ടംലംഘിച്ചുള്ള അനധികൃത പരോളിനെതിരെ പ്രതിപക്ഷം നല്കിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. പ്രതിപക്ഷം ബാനറും പ്ലക്കാര്‍ഡുകളുമായി സഭയില്‍ പ്രതിഷേധിച്ചു.
സഭയുടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷത്തെ ഭരണപക്ഷം പരിഹസിച്ചു. പ്രതിപക്ഷം നല്കിയ നോട്ടീസില്‍ അടിയന്തര പ്രാധാന്യമില്ലെന്നും സബ് മിഷനായി ഉന്നയിക്കാമെന്നും സ്പീക്കര്‍ എ.എന്‍. ഷംസീര്‍ നിര്‍ദേശിച്ചു.
ക്രിമിനലുകള്‍ തെരുവില്‍ ഇറങ്ങി വിലസുന്ന സ്ഥിതിയാണ്. സിപിഎമ്മിന്റെ പാര്ട്ടിപ്രതികള്ക്ക് വാരിക്കോരി പരോള്‍ നല്‍കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞു. പരോളിലെ ചട്ടലംഘനം ഗൗരവമുള്ളതാണ്. സര്‍ക്കാരിന് താല്‍പ്പര്യമുള്ള വിഷയങ്ങള്‍ മാത്രം ചര്‍ച്ച ചെയ്താല്‍ പോരെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ചര്‍ച്ചയ്ക്ക് ധൈര്യമില്ലേ എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. പ്രതിപക്ഷം പ്രീ പ്ലാൻഡായാണ് സഭയിലെത്തിയതെന്ന് സ്പീക്കര്‍ പറഞ്ഞു. പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യമാണെന്ന് മന്ത്രി എം.ബി., രാജേഷ് പരിഹസിച്ചു. ശബരിമല സ്വര്‍ണക്കൊള്ള ചര്‍ച്ച ചെയ്യാതെ പ്രതിപക്ഷം ഓടിയൊളിച്ചു. പ്രതിപക്ഷത്തിന് മടിയില്‍ കനവും ഭയവും ഉണ്ടെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ മറുപടി പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങുകയും സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്രതിഷേധം ആരംഭിക്കുകയും ചെയ്തു.
