പരാതിക്ക് പിന്നാലെ പ്രിയ വാര്യര്‍ക്ക് വധഭീഷണിയും, സോഷ്യല്‍മീഡിയയില്‍ അടക്കം നടിക്കെതിരേ വ്യാപക പ്രചരണം, പോലീസില്‍ പരാതി നല്കാനൊരുങ്ങി സംവിധായകനും നടിയും, ഒന്നും മിണ്ടാതെ സിനിമ ലോകം

രണ്ടുദിവസം മുമ്പ് സോഷ്യല്‍മീഡിയയില്‍ വൈറലായ ഒരു അഡാര്‍ ലവ് എന്ന സിനിമയും അതിലെ നായികയും ഇപ്പോള്‍ വീണ്ടും വാര്‍ത്തയാകുകയാണ്. എന്നാല്‍ അത് അത്ര നല്ല വാര്‍ത്തയല്ലെന്ന് മാത്രം. ചിത്രത്തിലെ പാട്ടും രംഗങ്ങളും മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ച് ഒരുവിഭാഗം മുസ്ലീം യുവാക്കള്‍ ഹൈദരാബാദ് പോലീസില്‍ പരാതി നല്കിയിരുന്നു. ഇതിനു പിന്നാലെ നടിക്ക് വധഭീഷണി സന്ദേശങ്ങളും ലഭിച്ചതായാണ് സൂചന. പ്രമുഖ ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഭീഷണിക്കെതിരേ പോലീസിനെ സമീപിക്കാനൊരുങ്ങുകയാണ്.

ചിത്രത്തിലെ ഗാനവും അതിലെ ദൃശ്യങ്ങളും മുസ്ലിങ്ങളുടെ മത വികാരത്തെ വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് ഹൈദരാബാദില്‍ പരാതി നല്‍കിയത്. ഗാന രംഗത്ത് അഭിനയിച്ചിരിക്കുന്ന പ്രിയ പി വാര്യര്‍ക്കും ഗാനം ഒരുക്കിയ ഷാന്‍ റഹ്മാനുമെതിരെയാണ് പരാതി നല്‍കിയിട്ടുള്ളത്. ഹൈദരാബാദ് യൂത്ത് എന്ന സംഘടനയാണ് പരാതി നല്‍കിയിട്ടുള്ളത്. ഇന്‍സ്റ്റഗ്രാമില്‍ രണ്ടായിരും ഫോളോവേഴ്സ് മാത്രമുണ്ടായിരുന്ന പ്രിയയുടെ അക്കൗണ്ട് വെറും നാലു ദിവസം കൊണ്ടാണ് 16 ലക്ഷം ഫോളോവേഴ്സിനെ സൃഷ്ടിച്ചത്.

അതേസമയം, ആവിഷ്‌കാര സ്വാതന്ത്രത്തിനായി വാദിക്കുന്നവര്‍ സിനിമയ്ക്കു നേരെ ഉണ്ടായ സൈബര്‍ ആക്രമണത്തിനെതിരേ രംഗത്തു വരാത്തത് എന്തുകൊണ്ടാണെന്ന പ്രചരണവും സോഷ്യല്‍മീഡിയയില്‍ സജീവമാണ്. പത്മാവതിനു നേരെ സംഘപരിവാര്‍ സംഘടനകള്‍ വാളോങ്ങിയപ്പോള്‍ ഉണ്ടായ പ്രതികരണം പോലും ഉണ്ടാകാത്തതില്‍ അഡാര്‍ ലവിന്റെ അണിയറക്കാരും നിരാശയിലാണ്. ഷാന്‍ റഹ്മാന്‍ ഇണമിട്ട് വിനീത് ശ്രീനിവാസന്റെ ശബ്ദത്തില്‍ ആഡാറ് ഫീലിലാണ് പാട്ട് തയ്യാറാക്കിയിരിക്കുന്നത്. ഗാനത്തിന്റെ വരികള്‍ പി.എം.എ ജബ്ബാറിന്റെതാണ്. പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രമാക്കി ഔസേപ്പച്ചന്‍ മൂവി ഹൗസിന്റെ ബാനറില്‍ ഔസേപ്പച്ചന്‍ വാലക്കുഴിയാണ് അഡാറ് ലവ് നിര്‍മ്മിക്കുന്നത്.

Related posts