വിഡ്ഢി ദിനത്തില്‍ ഏപ്രില്‍ ഫൂളായവരില്‍ പാക് മുന്‍ആഭ്യന്തരമന്ത്രിയും! മന്ത്രിക്ക് വിനയായത് വ്യാജവാര്‍ത്തയെക്കുറിച്ചുള്ള പ്രതികരണം; റഹ്മാന്‍ മാലിക്കിനെ വിഡ്ഢിയാക്കിയത് വിദേശ മാധ്യമ സൈറ്റ്

Untitled-2-7രാഷ്ട്രീയപ്രവര്‍ത്തകരെല്ലാം തന്നെ വിഡ്ഢികളാണെന്ന് പൊതുവെയൊരു വെപ്പുണ്ട്. അത് ശരിവയ്ക്കുന്ന തരത്തിലുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പാക്കിസ്ഥാനില്‍നിന്ന് പുറത്തുവന്നിരിക്കുന്നത്. മുന്‍ പാക് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്കാണ് വിഡ്ഢി ദിനത്തിന്റെ കെണിയിലകപ്പെട്ടത്. വിഡ്ഢി ദിനത്തില്‍ ഒരു ദേശീയ പത്രം നല്‍കിയ വാര്‍ത്തയില്‍ പ്രതികരിച്ചാണ് മാലിക് വാര്‍ത്തകളില്‍ ഇടം നേടിയത്. ഇസ്ലാമാബാദിലെ പുതിയ എയര്‍പോര്‍ട്ടിന് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ പേരിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു എന്ന പത്രവാര്‍ത്തയില്‍ പ്രതികരിച്ചതാണ് പാക് മുന്‍മന്ത്രിക്ക് പറ്റിയ അബദ്ധം.

ഏപ്രില്‍ ഒന്നിനോടനുബന്ധിച്ച് തമാശ വാര്‍ത്തയായാണ് കഴിഞ്ഞ ദിവസം എക്‌സ്പ്രസ് ട്രിബൂണ്‍ തങ്ങളുടെ സൈറ്റില്‍ ഇത്തരത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. എന്നാല്‍ വാര്‍ത്ത കേട്ടപാതി കേള്‍ക്കാത്തപാതി പാക് മന്ത്രി പ്രതികരണവുമായി രംഗത്തെത്തി. വാര്‍ത്ത എന്താണെന്ന് മുഴുവന്‍ അറിയാതെ പുതിയ എയര്‍പോര്‍ട്ടിന് പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ബേനസീര്‍ ഭൂട്ടോയുടെ പേരിടണമെന്നായിരുന്നു റഹ്മാന്‍ മാലിക്കിന്റെ പ്രതികരണം. സര്‍ക്കാരിന്റെ തീരുമാനം അപലപനീയമാണെന്നും, ചൈനീസ് നേതാവിന്റെ പേര് എയര്‍പോര്‍ട്ടിനിട്ടാല്‍ തന്റെ പാര്‍ട്ടി അതിനെ ശക്തമായി എതിര്‍ക്കുമെന്നും റഹ്മാന്‍ മാലിക്ക് പറഞ്ഞു.

ജനങ്ങളുടെ വികാരത്തിനെതിരായുള്ള തീരുമാനങ്ങള്‍ സര്‍ക്കാര്‍ ഒഴിവാക്കണമെന്നും റഹ്മാന്‍ മാലിക്ക് മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാര്‍ ഇത്തരം തീരുമാനങ്ങള്‍ ഉടനടി ഉപേക്ഷിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. വ്യാജ വാര്‍ത്തയാണെന്നറിയാതെയാണ് റഹ്മാന്‍ മാലിക്ക് പ്രതികരിച്ചത്. വായനക്കാരെ ഏപ്രില്‍ ഫൂളാക്കാന്‍ സൈറ്റ് നല്‍കിയ വാര്‍ത്തയായിരുന്നു അതെന്ന് പാവം മുന്‍മന്ത്രി തിരിച്ചറിഞ്ഞില്ല. വിഡ്ഢി ദിനത്തില്‍ ഇത്തരം വ്യാജ വാര്‍ത്തകളുമായി ധാരാളം പത്രങ്ങളും വെബ്സൈറ്റുകളും രംഗത്തെത്തിയിരുന്നു. ഗൂഗിളടക്കമുള്ള നിരവധി സൈറ്റുകള്‍ ഇത്തരത്തില്‍ ഏപ്രില്‍ ഫൂള്‍ സ്‌പെഷലുകളുമായി എത്തിയിരുന്നു.

Related posts