മക്കളായാല്‍ ഇങ്ങനെയാവണം! ശ്രീദേവിയുടെ അപ്രതീക്ഷിത മരണവുമായി ബന്ധപ്പെട്ട്, അര്‍ജുന്‍ കപൂറിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചും അദ്ദേഹത്തിന് നന്ദിയര്‍പ്പിച്ചും കപൂര്‍ കുടുംബത്തിന്റെ ആരാധകര്‍

എത്രയൊക്കെ ശത്രുക്കളോ അകല്‍ച്ചയില്‍ കഴിയുന്നവരോ ആയിക്കൊള്ളട്ടെ, ഒരാവശ്യമോ അപകടമോ പ്രതിസന്ധിയോ ഉണ്ടാകുമ്പോള്‍ സഹായവും ആശ്വാസവുമായി ഓടിയണയാന്‍ കഴിയുക, അല്ലെങ്കില്‍ അതിനുള്ള മനസുണ്ടാവുക എന്നത് നിസാരകാര്യമല്ല.

സമാനമായ തന്റെ പ്രവൃത്തിയിലൂടെ ഒരു രാജ്യത്തിന്റെ തന്നെ ശ്രദ്ധയും പ്രശംസയും നേടിയിരിക്കുകയാണ് നടനും അന്തരിച്ച നടി ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്റെ പുത്രനുമായ അര്‍ജുന്‍ കപൂര്‍.

അര്‍ജുന്‍ കപൂറിന് സമൂഹമാധ്യമങ്ങളും ആരാധകരും ചേര്‍ന്ന് നന്ദിയര്‍പ്പിക്കുകയാണ് ഇപ്പോള്‍. ശ്രീദേവിയുടെ മരണത്തില്‍ വിറങ്ങലിച്ചുപോയ അവസരത്തില്‍ അച്ഛനും രണ്ട് മക്കള്‍ക്കുമൊപ്പം പിണക്കമെല്ലാം മറന്ന് നെടുംതൂണായി നിന്ന അദ്ദേഹത്തെയാണ് എല്ലാവരും അഭിനന്ദിക്കുന്നത്. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്റെ ആദ്യ വിവാഹത്തിലെ മകനാണ് അര്‍ജുന്‍ കപൂര്‍.

ബോണി കപൂറിന്റെ ആദ്യ ഭാര്യയും തന്റെ അമ്മയുമായ മോനയുടെ വിവാഹ ജീവിതം തകരാന്‍ കാരണം ശ്രീദേവിയാണെന്ന് അര്‍ജുന്‍ കപൂര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ ശ്രീദേവിയുടെ വിയോഗ വാര്‍ത്ത അറിഞ്ഞ് പിണക്കം മറന്ന് അര്‍ജുന്‍ കപൂര്‍ ബോണി കപൂറിന്റെ സഹോദരന്‍ അനില്‍ കപൂറിന്റെ വസതിയിലെത്തി അനുശോചനം അറിയിച്ചു.

അര്‍ധസഹോദരിയായ ജാന്‍വിയെ നേരില്‍ കണ്ട് അര്‍ജുന്‍ ആശ്വസിപ്പിച്ചിരുന്നു. കൂടാതെ ശ്രീദേവിയുടെ ഭൗതികശരീരം ഇന്ത്യയിലെത്തിക്കാന്‍ അച്ഛന്‍ ബോണി കപൂറിനൊപ്പം അര്‍ജുനും ദുബായിലെത്തിയിരുന്നു. അച്ഛന്റെ രണ്ടാം ഭാര്യയെന്ന് മാത്രം ശ്രീദേവിയെ വിശേഷിപ്പിച്ചിരുന്ന അര്‍ജുന്‍ അവരുടെ മരണ വാര്‍ത്തയോട് പ്രതികരിച്ചത് ‘അമ്മ’ എന്ന് വിളിച്ച് കൊണ്ടായിരുന്നു.

പിന്നീട് സിനിമയുടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ച് അച്ഛന്‍ ബോണി കപൂറിന് താങ്ങും തണലുമായി മൂന്ന് ദിവസവും അര്‍ജ്ജുന്‍ കപൂര്‍ ഉണ്ടായിരുന്നു. മരണവുമായി ബന്ധപ്പെട്ട നടപടികളിലും പൂര്‍ണമായി സഹകരിച്ച് അര്‍ജ്ജുന്‍ ബോണി കപൂറിനും കുടുംബത്തിനും ഒപ്പം തന്നെ നിന്നു.

ശ്രീദേവിയുടെ മരണത്തിന് മുമ്പ് ബോണി-ശ്രീദേവി ദമ്പതികളുടെ മക്കളായ ജാന്‍വിയുമായും ഖുശിയുമായും അര്‍ജ്ജുന് പ്രത്യേക സഹോദര ബന്ധവുമുണ്ടായിരുന്നില്ല. എന്നാല്‍ അമ്മയുടെ അപ്രതീക്ഷിത മരണത്തില്‍ തകര്‍ന്നിരുന്ന ഇരുവര്‍ക്കുമടുത്തേക്ക് ഒരു മുതിര്‍ന്ന സഹോദരന്റെ വാത്സല്യവുമായി അര്‍ജ്ജുന്‍ ഓടിയെത്തി. അവര്‍ക്കൊപ്പം സമയം ചെലവഴിച്ചു. അവരെ സമാധാനിപ്പിച്ചു. വിലാപയാത്രയില്‍ ശ്രീദേവിയുടെ കുടുംബത്തിനൊപ്പം തന്നെ അര്‍ജ്ജുന്‍ എല്ലാ കര്‍മ്മങ്ങളിലും പങ്കെടുത്തു. പ്രിയ നടിയെ അവസാനമായി കാണാനെത്തിയ ജനസാഗരം വിലാപയാത്രയ്ക്ക് തടസ്സമായതോടെ ആ മകന്‍ കൈകൂപ്പി യാചിച്ചു.

‘ദയവ് ചെയ്ത് ‘എന്റെ അമ്മയെ’ പോകാന്‍ അനുവദിക്കണം.’അര്‍ജുന്‍ പറഞ്ഞു. താരമായി കഴിഞ്ഞ് പല അഭിമുഖങ്ങളിലും അര്‍ജുന്‍ നേരിട്ടതും ശ്രീദേവിയുമായുള്ള ബന്ധത്തേക്കുറിച്ചുള്ള ചോദ്യങ്ങളാണ്. അവരോട് വലിയ അടുപ്പമില്ലെന്ന് വ്യക്തമായി പറയുന്നതായിരുന്നു അര്‍ജുന്റെ മറുപടികള്‍. പക്ഷേ ദേഷ്യമുള്ളതായി ഒരിക്കലും കാണിച്ചിട്ടില്ല. ‘അവര്‍ എന്റെ അച്ഛന്റെ ഭാര്യയാണ്, എന്റെ അമ്മയല്ല, കുട്ടികള്‍ എന്റെ സ്വന്തം സഹോദരങ്ങളുമല്ല അതിനാല്‍ അവരുടെ ജീവിതത്തേക്കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല. ഇതായിരുന്നു അര്‍ജുന്റെ എക്കാലത്തെയും മറുപടി. എങ്കില്‍പ്പോലും ആവശ്യനേരത്ത് ആ മകന്‍ അവസാന യാത്രയില്‍ ‘അമ്മ’യോടൊത്തുണ്ടായിരുന്നു.

Related posts