ഈനാംപേച്ചിയുടെ ശല്‍ക്കങ്ങളുമായി പിടിയിലായ സംഭവം; വില്പനയ്ക്ക് ആളെ കണ്ടെത്തിയിരുന്നത് വാട്‌സാപ്പിലൂടെ

EKM-ENAMPAYCHIകൊച്ചി: കൊച്ചിയില്‍ ഈനാംപേച്ചിയുടെ ശല്‍ക്കങ്ങളുമായി പിടിയിലായ സംഘത്തില്‍ കൂടുതല്‍ പേര്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചതായി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍. പാലക്കാട് അഗളി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തിലെ മുഖ്യ ഇടപാടുകാരനുള്‍പ്പെടെയുള്ളവര്‍ക്കായാണ് തെരച്ചില്‍ ആരംഭിച്ചിരിക്കുന്നത്. വന്യ ജീവികളെ കൊന്ന് ശല്‍ക്കങ്ങള്‍ വില്പന നടത്തിവരുന്ന സംഘത്തില്‍പ്പെട്ട പാലക്കാട് പുതുപ്പരിയാരം വള്ളിക്കോട്ട് രാജേഷ്കുമാര്‍(24), തൃശൂര്‍ താഴത്തുപടിയില്‍ പി.വി. വിജീഷ്(26) എന്നിവരാണ് ഇന്നലെ കലൂര്‍ സ്‌റ്റേഡിയത്തിന് സമീപത്തുനിന്നു പിടികൂടിയത്.  കേസിലെ പ്രതി  വിജീഷ് സമാന കേസില്‍ നേരത്തെ നീരീക്ഷണത്തിലായിരുന്നു.

വിദേശീയരെ ലക്ഷ്യംവച്ചു നടത്തിയ ബിസിനസില്‍ ഉപയോക്താക്കളെ കണ്ടെത്തിയത് സോഷ്യല്‍ മീഡിയ സൈറ്റായ വാട്‌സാപ്പ് വഴിയായിരുന്നു. ഇരുതലമൂരി, വെള്ളിമൂങ്ങ, ഈനാംപേച്ചി, ആനക്കൊമ്പ് തുടങ്ങിയവയുടെ അനധികൃത വില്പന നടന്നുവരുന്നതായി എസ്പിസിഎ പ്രവര്‍ത്തകര്‍ക്ക് വിവരം ലഭിച്ചിരുന്നു. അന്വേഷണത്തില്‍ എസ്പിസിഎ എറണാകുളം പ്രസിഡന്റ് ടി.കെ. സജീവ്,  ഇന്‍സ്‌പെക്ടര്‍ ടി.എം. സജിത് എന്നിവര്‍ ആവശ്യക്കാരെന്ന നിലയില്‍ മൊബൈല്‍ഫോണ്‍ മുഖേന ഇരുവരും സംഘാംഗങ്ങളുമായി ബന്ധപ്പെട്ടു.

ഈനാംപേച്ചിയെ ജീവനോടെ നല്‍കാമെന്നും അഞ്ചുലക്ഷം രൂപ പ്രതിഫലം നല്‍കണമെന്നും സംഘം ആവശ്യപ്പെട്ടു. ജീവിയുടെ ദൃശ്യങ്ങള്‍ വാട്ട്‌സ്ആപ് വഴി നല്‍കുകയും ചെയ്തു. തൊട്ടടുത്ത ദിവസം വീണ്ടും വിളിച്ചപ്പോള്‍ ഈനാംപേച്ചിയെ കൊന്നുവെന്നും ശല്‍ക്കങ്ങള്‍ നല്‍കാമെന്നും അറിയിക്കുകയായിരുന്നു. വില ഉറപ്പിച്ച് ശല്‍ക്കങ്ങളുമായി എത്താന്‍ എസ്പിസിഎ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുകയും വിവരം പോലീസിനെയും വനം വകുപ്പ് അധികൃതരേയും അറിയിക്കുകയും ചെയ്തു. ഇന്നലെ പ്ലാസ്റ്റിക് കവറിലാക്കിയ ശല്‍ക്കങ്ങളുമായി എത്തിയ ഇരുവരേയും പിടികൂടി പെരുമ്പാവൂര്‍ ഫോറസ്റ്റ് ഫഌയിംഗ് സ്ക്വാഡിന് കൈമാറുകയായിരുന്നു.

ഡിഎഫ്ഒ ഫെന്‍ ആന്റണി, റേഞ്ച് ഓഫീസര്‍ ബി. ജയചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചോദ്യംചെയ്യലില്‍ പാലക്കാട് നെന്മാറ ഭാഗത്തുനിന്നാണ് ഈനാംപേച്ചിയെ വേട്ടയാടി പിടിച്ചതെന്നു പ്രതികള്‍ സമ്മതിച്ചു. തുടര്‍ന്ന്  ഇവരെ കുറുപ്പംപടി പോലീസിനു കൈമാറി. സംഭവത്തില്‍ കൂടുതല്‍ പേരെ കണ്ടെത്തുന്നതിനായി  പ്രത്യേക സംഘത്തെ നിയോഗിച്ചതായി വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

വനപാലകരായ കെ.എസ്. ജയന്‍, പി.കെ.റജിമോന്‍, എം.എ. അജ്‌നാസ്, പി.കെ. പ്രദീപ്, ബിജുകുമാര്‍, പി.എല്‍. ശ്രീജിത്ത്, ആര്‍. സുനിരാജ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്. പിടിച്ചെടുത്ത ശല്‍ക്കങ്ങള്‍ രാജീവ് ഗാന്ധി ബയോടെക്‌നോളജി ലാബില്‍ പരിശോധനയ്ക്ക് വിധേയമാക്കും.

Related posts