കൊച്ചി: സമുദായത്തിന്റെയും കർഷകരുടെയും വിഷയങ്ങൾ അവഗണിക്കുന്നവരെ തെരഞ്ഞെടുപ്പിൽ തിരിച്ചും അവഗണിക്കുമെന്നും സമുദായത്തെ പരിഗണിക്കുന്നവരെ തിരിച്ചും പരിഗണിക്കുമെന്ന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ കത്തോലിക്ക കോൺഗ്രസ് രാഷ്ട്രീയകാര്യ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വന്യജീവി ആക്രമണത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ രാഷ്ട്രീയ പാർട്ടികൾ തയാറായിട്ടില്ല. ദേശീയ വന്യജീവി നിയമം ഭേദഗതി ചെയ്യണം. റബർ, നെല്ല് കർഷകരുടെ പ്രശ്നം പരിഹരിക്കണം. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിൽ നടത്തുന്ന ഒളിച്ചുകളി സമുദായത്തെ അവഹേളിക്കുന്നതാണ്. ഇതിൽ രാഷ്ട്രീയപാർട്ടികൾ നിലപാട് വ്യക്തമാക്കണം. അവഗണന തുടർന്നാൽ കൃത്യമായ നിലപാട് സ്വീകരിക്കാൻ സമുദായം സജ്ജമാണെന്നും മാർ തട്ടിൽ ഓർമിപ്പിച്ചു.
വരുന്ന തെരഞ്ഞെടുപ്പിൽ സമുദായ അംഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം നൽകാൻ രാഷ്ട്രീയപാർട്ടികൾ തയാറാകണമെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. മതസൗഹാർദവും സാഹോദര്യവും നിലനിർത്താൻ കഠിനമായ ശ്രമങ്ങൾ ഉണ്ടാകണം. എല്ലാവിഭാഗം ജനങ്ങൾക്കും നീതി ലഭ്യമാകണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.
പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സഭ ചാൻസലർ ഫാ.ഡോ. ഏബ്രഹാം കാവിൽപുരയിടത്തിൽ, പിആർഒ ഫാ. ഡോ. ടോം ഓലിക്കരോട്ട്, ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ഒഴുകയിൽ, രാഷ്ട്രീയകാര്യസമിതി കോ-ഓർഡിനേറ്റർ പ്രഫ. കെ.എം. ഫ്രാൻസിസ് തുടങ്ങിയവർ പ്രസംഗിച്ചു.

