രാജ്യത്തെ 2.38 ലക്ഷം എടിഎമ്മുകള്‍ ഉടന്‍ അടച്ചിടേണ്ടി വരും! ആയിരക്കണക്കിനാളുകളുടെ ജോലിയേയും സര്‍ക്കാരിന്റെ നിരവധി പദ്ധതികളേയും ഇത് ബാധിക്കും; കോണ്‍ഫഡറേഷന്‍ ഓഫ് എടിഎം ഇന്‍ഡസ്ട്രി നല്‍കുന്ന മുന്നറിയിപ്പ് ഇങ്ങനെ

മാറിക്കൊണ്ടിരിക്കുന്ന വ്യവസ്ഥകളും കര്‍ശനമായ ചട്ടങ്ങളും എ.ടി.എമ്മുകളുടെ പ്രവര്‍ത്തനത്തിന്റെ ചിലവ് വര്‍ധിപ്പിക്കുന്നതിനാല്‍ 2019 മാര്‍ച്ചോടെ രാജ്യത്തെ 2.38 ലക്ഷം എ.ടി.എമ്മുകളില്‍ 1.13 ലക്ഷം എ.ടി.എമ്മുകളും അടച്ചിടേണ്ടി വന്നേക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് എ.ടി.എം ഇന്‍സ്ട്രി (സി.എ.ടി.എം.ഐ). ആയിരക്കണക്കിനാളുകളുടെ ജോലിയേയും സര്‍ക്കാരിന്റെ നിരവധി പദ്ധതികളേയും ഇത് ബാധിക്കുമെന്നും സി.എ.ടി.എം.ഐയുടെ പ്രസ്താവനയില്‍ പറയുന്നു.

‘2019 മാര്‍ച്ചോടെ രാജ്യത്തെ 1.13 എ.ടി.എമ്മുകള്‍ അടച്ചിടാന്‍ സേവനദാതാക്കള്‍ നിര്‍ബന്ധിതരായേക്കും’- സി.എ.ടി.എം.ഐ പറഞ്ഞു. അടച്ചിടുന്ന എ.ടി.എമ്മുകളില്‍ അധികവും ഗ്രാമ പ്രദേശങ്ങളിലേതായിരിക്കുമെന്നും, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന ഗ്രാമീണരെ ഇത് ബാധിച്ചേക്കുമെന്നും സി.എ.ടി.എം.ഐ കൂട്ടിച്ചേര്‍ത്തു.

ഹാര്‍ഡ് വെയറുകളിലും സോഫ്റ്റ് വെയറുകളിലും വരുത്തിയ മാറ്റങ്ങളും പണം കൈകാര്യം ചെയ്യുന്നതില്‍ വരുത്തിയ വ്യവസ്ഥാ മാറ്റങ്ങളും എ.ടി.എമ്മുകളില്‍ പണം നിറയ്ക്കാന്‍ ഇപ്പോള്‍ സ്വീകരിച്ചു വരുന്ന കാസറ്റ് സ്വാപ് രീതിയും എ.ടി.എമ്മുകളുടെ പ്രവര്‍ത്തനം സേവനദാതാക്കള്‍ക്ക് നഷ്ടമുണ്ടാക്കുകയും ക്രമേണ എ.ടി.എമ്മുകള്‍ അടച്ചു പൂട്ടേണ്ട അവസ്ഥ വരികയും ചെയ്യും. എ.ടി.എമ്മുകളില്‍ ഇപ്പോള്‍ പണം നിറയ്ക്കാനുപയോഗിക്കുന്ന രീതി മാത്രം എ.ടി.എം വ്യവസായത്തിന്റെ ചിലവ് 3,000 കോടി രൂപയുടെ ചിലവ് ഉണ്ടാക്കുമെന്നും സി.എ.ടി.എം.ഐ നിരീക്ഷിച്ചു.

നോട്ടുനിരോധനത്തിന്റെ കെടുതികളില്‍ നിന്നും എ.ടി.എമ്മുകള്‍ ഇനിയും പൂര്‍ണ്ണമായി മുക്തമായിട്ടില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. ‘ ‘കര്‍ശനമായ വ്യവസ്ഥകള്‍ ഭീമമായ ചെലവാണ് ആവശ്യപ്പെടുന്നത്. ഇത്തരം ഭീമമായ തുകകള്‍ കണ്ടെത്താന്‍ സേവനദാതാക്കള്‍ക്ക് കഴിയാതെ വരുമ്പോള്‍ എ.ടി.എമ്മുകള്‍ പൂട്ടിയിടേണ്ടി വരും. അധിക ചിലവുകള്‍ ബാങ്കുകള്‍ ഏറ്റെടുക്കലാണ് ഇതിനുള്ള ഒരു പ്രതിവിധി’- പ്രസ്താവനയില്‍ പറയുന്നു.

Related posts